ബലൂചിസ്ഥാൻ: പാക്കിസ്ഥാന് നഷ്ടമാകുമോ?

പാക്കിസ്ഥാന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാൻ. പ്രധാനമായും ഇറാനിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്ന ബലൂചിസ്ഥാൻ ഭൂപ്രദേശത്തിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെട്ടതാണീ പ്രദേശം. 1947 -ൽ പാക്കിസ്ഥാന്‍ നിലവില്‍ വന്നതോടെ ഷാഹി ജിര്ഗ എന്നാ ഗോത്ര ഭരണകൂടങ്ങളുടെ പ്രതി നിധികളും ഭൂപ്രഭുക്കന്മാരുടെ കൂട്ടവും ബലൂച്ചിസ്ഥാനെ പാക്കിസ്ഥാനില്‍ ചേർക്കുകയാണുണ്ടായത്. പാക്കിസ്ഥാനിലെ നാലു പ്രവിശ്യകളിൽ ഏറ്റവും വലുതാണ് ബലൂചിസ്ഥാൻ. മൊത്തം ഭൂവിസ്തൃതിയുടെ 44%വും ബലൂചിസ്താന്റെ സംഭാവനയാണെങ്കിലും ജനസംഖ്യയുടെ 5% മാത്രമാണ് ഇവിടെ വസിക്കുന്നത്. ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളും പ്രാധാന്യവുമുള്ള മേഖലയാണ് ബലൂചിസ്ഥാന്‍. മിഡില്‍ ഈസ്റ്റ്, സൗത്ത്‌വെസ്റ്റ് ഏഷ്യ, സെന്‍ട്രല്‍ ഏഷ്യ, സൗത്തേഷ്യ എന്നിവിടങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം. അന്താരാഷ്ട്ര വാണീജ്യ ഭൂപടത്തില്‍ ഏറ്റവുമധികം പ്രാധാന്യമുള്ള Strait of Hormuz കിടക്കുന്ന ഇവിടെയാണ് സെന്‍ട്രല്‍ ഏഷ്യയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ തുറമുഖങ്ങള്‍ സ്ഥിതി ചെയ്യുന്നതും.

കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇവിടെ പല വിഘടനവാദ ഗ്രൂപ്പുകളും സജീവമാണ്. അവയിൽ ഏറ്റവും ശക്തമായ സംഘടനയാണ് ബലൂച് ലിബറേഷൻ ആർമി അഥവാ BLA. ആറായിരം പേരടങ്ങുന്ന ഒരു സായുധ സൈന്യമുണ്ട് ഈ ആർമിക്ക്. 2000 മുതൽ പാക്കിസ്ഥാന്റെ മണ്ണിൽ നിരന്തരം വിഘടനവാദത്തിന്റെ വിത്തുകൾ പാകുന്നത് ഈ നിരോധിത സംഘടനയാണ്. പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടി പ്രവിശ്യ ഗ്രെയ്റ്റർ ബലൂചിസ്ഥാൻ എന്ന പേരിൽ ഒരു പരമാധികാര രാജ്യമായി പ്രഖ്യാപിക്കപ്പെടണം എന്നാണ് ഇവരുടെ ആവശ്യം.

2005 -ൽ പാക് പ്രസിഡന്റ് പർവേസ് മുഷറഫിന്റെ സന്ദർശന വേളയിൽ തന്നെ BLA കോലു പ്രവിശ്യയിലെ ഒരു പട്ടാളക്യാമ്പ് ആക്രമിച്ചിരുന്നു. ഈ ആക്രമണത്തെ തുടർന്നാണ് പാക്കിസ്ഥാൻ BLA ‘യെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത്. ആ ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാൻ വിഘടനവാദ വിരുദ്ധ സേനയുടെ പ്രവർത്തനങ്ങൾ കർക്കശമാക്കുകയും BLA ‘യുടെ നിരവധി അംഗങ്ങളെ വധിക്കുകയുമുണ്ടായി. ചൈനാ പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലെ ചൈനീസ് പാക്കിസ്ഥാൻ സംവിധാനങ്ങളെ സ്ഥിരമായി ആക്രമിക്കുന്ന പതിവും BLA ‘യ്ക്കുണ്ട്. 2018 -ൽ കറാച്ചിയിലെ ചൈനീസ് കോൺസുലേറ്റിന്റെ ആക്രമിച്ച് നാലുപേരെ വധിച്ചതിന് പിന്നിൽ ഇവരായിരുന്നു.

ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ കൂടാതെ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂച് റിപ്പബ്ലിക്കൻ ഗാർഡ്, ബലൂച് റിപ്പബ്ലിക്കൻ ആർമി തുടങ്ങിയ സംഘടനകളും അവിടെ സജീവമാണ്. സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന ആവശ്യവുമായി രംഗത്തുള്ള ബലൂച് വിമോചന സംഘടനകൾ അന്താരാഷ്ട്ര വേദികളിൽ പോലും പാക്കിസ്ഥാനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. പാക്കിസ്ഥാൻ ഭരണകൂടം ബലൂചിസ്ഥാനിലെ ജനങ്ങളോട് അവഗണന കാട്ടുകയാണെന്നും ബലൂച് പ്രവിശ്യയിൽ പാക്കിസ്ഥാൻ സൈന്യം ജനങ്ങളെ അക്രമിക്കുകയാണെന്നും ബലൂച് വിമോചന സംഘടനകൾ ആരോപിക്കുന്നു.

ബലൂചിസ്ഥാന്‍ മേഖല എപ്പോളും പ്രശ്‌നഭരിതമാണ്. അഫ്ഗാന്‍ ഗവൺമെന്റുമായി താലിബാൻ യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന സമയം അവർ കൂടുതലും താവളമടിച്ചിരിക്കുന്നത് ഇവിടെയാണ്. ഇറാനും പാക്കിസ്ഥാനുമായുള്ള നിരന്തര കലഹത്തിന്റെ കേന്ദ്രവും ഇവിടെത്തന്നെ. ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പൊരുതുന്ന സുന്നി വിമത ഗ്രൂപ്പുകളുടെ താവളവുമാണ് ഇവിടം. അറേബ്യന്‍ കടലുമായി ചൈനയെ ബന്ധിപ്പിക്കുന്ന പാക്കിസ്ഥാനിലൂടെയുള്ള ഇകണോമിക് കോറിഡോറും സ്ഥിതി ചെയ്യുന്നത് ബലൂചിസ്ഥാനിലെ മക്രാന്‍ തീരത്താണ്. ഇവിടുത്തെ ഗ്വാഡര്‍ തുറമുഖം ചൈനീസ് നാവിക സേനയുടെ താവളമാക്കാന്‍ പാക്കിസ്ഥാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.

പാക്കിസ്ഥാൻ ചൈനയുമായി ചേർന്ന് നടത്തുന്ന നീക്കങ്ങളോടും തുറന്ന എതിർപ്പാണ് ബലൂച് വിമോചന സംഘടനകൾ പ്രകടിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തി ബലൂച് പ്രക്ഷോഭം കരുത്താർജിക്കുന്നതിൽ പാക്കിസ്ഥാൻ ഭരണകൂടത്തിന് ആശങ്കയുണ്ട്, ചൈനയുമായി ചേർന്നുള്ള സാമ്പത്തിക ഇടനാഴിയടക്കമുള്ള കാര്യങ്ങൾക്ക് ബലൂച് വിമോചന പോരാളികൾ തടസം നിൽക്കുമോയെന്നും പാക്കിസ്ഥാൻ ഭയപ്പെടുന്നു. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും തങ്ങൾക്കെതിരെ അടിച്ചമർത്തൽ ഭരണമാണ് നടക്കുന്നതെന്നും, പാക് ഭരണത്തിൽ നിന്നും തങ്ങൾക്ക് മോചനം വേണമെന്നും ബലൂചിസ്ഥാൻ പ്രവിശ്യ സ്വാതന്ത്രമാകണമെന്നും ബലൂച് വിമോചന പോരാളികൾ പറയുന്നു. പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശലംഘനങ്ങൾ തുറന്നു കാട്ടി ശക്തമായ സ്വാതന്ത്ര്യസമരത്തിന് തന്നെയാണ് ബലൂച് പ്രക്ഷോഭകാരികൾ തയ്യാറെടുക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ഈ പ്രക്ഷോഭത്തിന്‌ അവർ പ്രതീക്ഷിക്കുന്നുണ്ട്.

പാക്കിസ്ഥാനിൽ ആര് അധികാരത്തിലേറിയാലും, ബലൂചിസ്ഥാനിലെ തീവ്രവാദികൾക്ക് വേണ്ട ഫണ്ടിങ്ങും പരിശീലനവും മറ്റും നൽകുന്നത് ഇന്ത്യൻ ഗവൺമെന്റും അതിന്റെ രഹസ്യ ഏജൻസി ആയ റോയും ചേർന്നാണ് എന്നൊരു ആരോപണമാണ് എന്നും തന്നെ കേൾക്കാറുള്ളത്. ബലൂചിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ അഫ്ഗാനും ഇറാനുമായി ചേര്‍ന്ന് ഇന്ത്യ ശ്രമിക്കുകയാണെന്ന ആരോപണവും പാക്കിസ്ഥാനുണ്ട്. ഇതില്‍ ഏറ്റവും പുതിയത് ബലൂചിസ്ഥാന്‍ മേഖലയിലെ ചൈനീസ് സ്വാധീനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് ഇവിടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ്.

ഗിൽ‌ജിത് -ബാള്‍ട്ടിസ്താന്‍ ചെറുചരിത്രം.