ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു.

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു.

ദില്ലി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലൊരാളായ മലയാളി യുവതി ആൻ ടെസ്സ ജോസഫ് നാട്ടിൽ തിരിച്ചെത്തി. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു. മറ്റു പതിനാറ് ഇന്ത്യക്കാരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നൽകി. എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി അറിയിച്ചു.

വിദേശകാര്യമന്ത്രാലയം നേരിട്ട് ഇടപെട്ടതിന്റെ ഫലമായാണ് ഇത്ര വേ​ഗത്തിൽ നാട്ടിലെത്താൻ സാധിച്ചതെന്ന് ആൻ ടെസ്സ ജോസഫ് പറഞ്ഞു. കോട്ടയത്തെ വീട്ടിലെത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുവതി. അപ്രതീക്ഷിതമായ സമയത്താണ് ഇത്തരമൊരു സംഭവം ഉണ്ടായത്. മെസ്സിൽ കയറാനും ഭക്ഷണം പാകം ചെയ്ത് കഴിക്കാനും അവസരം നൽകിയിരുന്നു. ഉപ​ദ്രവി‌ക്കണമെന്ന മനഃസ്ഥിതി അവർക്കുണ്ടായിരുന്നില്ല. സമുദ്രാതിർത്തി ലംഘിച്ചു, രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം എന്ന് തുടങ്ങി പല കാരണങ്ങളാണ് ഇറാൻ പറയുന്നതെന്നും ടെസ്സ പറഞ്ഞു.

ഇറാൻ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. നാല് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ ജീവനക്കാരായുള്ള എംഎസ്‌സി ഏരീസ് എന്ന കപ്പലാണു ഹെലികോപ്റ്ററിലെത്തിയ ഇറാൻ സേനാംഗങ്ങൾ പിടിച്ചെടുത്ത് ഇറാൻ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്. ആൻ‌ ടെസയെ കൂടാതെ സെക്കൻഡ് ഓഫിസർ വയനാട് മാനന്തവാടി സ്വദേശി പി.വി. ധനേഷ് (32), സെക്കൻഡ് എൻജിനീയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), തേഡ് എൻജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്. സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികൾ. ഇതിലൊരാളായ ആൻ ടെസ തിരികെ നാട്ടിലെത്തി. ഫിലിപ്പൈൻസ്, പാക്കിസ്ഥാൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ. ശനിയാഴ്ചയാണ് ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തത്. ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ഇറ്റാലിയൻ–സ്വിസ് കമ്പനിയായ എംഎസ്‌സിയാണു കപ്പലിന്റെ നടത്തിപ്പ്. ഇസ്രയേലുമായുള്ള സംഘർഷത്തെത്തുടർന്നാണ് ഇറാൻ കമാൻഡോകൾ കപ്പൽ പിടിച്ചെടുത്തത്.

ഇറാന് തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ; പ്രതിരോധ നീക്കങ്ങൾ ഇറാൻ ആരംഭിച്ചു.