
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് പുരോഗമിക്കുന്നു. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലെ പോളിങ് ബൂത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോട്ട്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന മറ്റു പ്രമുഖര്‍.
Lok Sabha Election 2024: More Details >>
അസം (4), ബിഹാര്‍ (5), ഛത്തീസ്ഗഢ് (7), ഗോവ (2), ഗുജറാത്ത് (25), കര്‍ണാടക (14), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമബംഗാള്‍ (4) എന്നീ സംസ്ഥാനങ്ങള്‍ക്കുപുറമേ കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി (2), ദാമന്‍ ആന്‍ഡ് ദിയു (2) എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുൽ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ്. സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടെ വോട്ടെടുപ്പില്ല. ജമ്മു കശ്മീരിലെ അനന്ത്നാഗ്–രജൗരി മണ്ഡലത്തിൽ ഇന്നു നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25-ലേക്കു മാറ്റി. 12 സംസ്ഥാനങ്ങളിലെ 94 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പ് പ്രഖ്യാപിച്ചത്.
ഒന്നാം ഘട്ടത്തിൽ 102 സീറ്റുകളിലേയ്ക്കും രണ്ടാം ഘട്ടത്തിൽ 88 സീറ്റുകളിലേയ്ക്കുമാണ് തിരെഞ്ഞെടുപ്പ് നടന്നത്. നാലാം ഘട്ടം മെയ് 13 -ന് നടക്കും. 7 ഘട്ടങ്ങളായാണ് ലോക് സഭാ തിരെഞ്ഞെടുപ്പ് നടക്കുന്നത്.