എന്താണ് കച്ചത്തീവ് വിവാദം?

എന്താണ് കച്ചത്തീവ് വിവാദം?

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആണ് തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് വിഷയം വീണ്ടും സജീവ ചര്‍ച്ചയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന ഗുരുതര ആരോപണവുമായി കച്ചത്തീവ് വിഷയം ഉയര്‍ത്തിയത്. ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ് ദ്വീപിന്റെ അധികാരം 1974-ല്‍ അന്നത്തെ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ശ്രീലങ്കയ്ക്കു വിട്ടുകൊടുത്ത തീരുമാനത്തെയാണ് മോദി നിശിതമായി വിമര്‍ശിച്ചത്.

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ പാക് കടലിടുക്കില്‍ സ്ഥതിചെയ്യുന്ന 285 ഏക്കര്‍ മാത്രം വിസ്തൃതിയുള്ള ജനവാസമില്ലാത്ത ഒരു ചെറിയദ്വീപ് ആണ് കച്ചത്തീവ്. കച്ചത്തീവ്, തമിഴ് ഭാഷയില്‍ ‘തരിശു ദ്വീപ്’ എന്ന് അര്‍ത്ഥം. കരാറുണ്ടെങ്കിലും ദീര്‍ഘകാലമായി ഇരുരാജ്യങ്ങൾക്കുംമിടയിലെ തര്‍ക്കവിഷയമാണ് ഈ ചെറുദ്വീപ്. 1974-ലെ ഉഭയകക്ഷി കരാര്‍ പ്രകാരമാണ് കച്ചത്തീവ് ശ്രീലങ്കയുടെ ഭാഗമായി ഇന്ത്യ അംഗീകരിച്ചത്. കച്ചത്തീവ് ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട കേസില്‍ 2013-ല്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. കച്ചത്തീവ് തര്‍ക്കപ്രദേശമായിരുന്നുവെന്നും ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇത് ശ്രീലങ്കയുടേതാണെന്ന വാദം ഇന്ത്യ അംഗീകരിക്കുകയായിരുന്നു എന്നാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് പറഞ്ഞത്. അല്ലാതെ ഇന്ത്യയുടെ ഒരു പ്രദേശവും ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ കേന്ദ്രസര്‍ക്കാരിന്റെ ഈ വാദങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ചരിത്രപരമായി കച്ചത്തീവ് തമിഴ്‌നാടിന്റെ ഭാഗമാണെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ വാദിക്കുന്നത്.

285 ഏക്കര്‍ വിസ്തൃതിയുള്ള ജനവാസമില്ലാത്ത ഈ ദ്വീപ് 14-ാം നൂറ്റാണ്ടിലെ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് രൂപംകൊണ്ടതാണെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ തീരത്ത് നിന്ന് ഏകദേശം 33 കിലോമീറ്റര്‍ അകലെ രാമേശ്വരത്തിന് വടക്ക് കിഴക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കയിലെ ജാഫ്നയില്‍ നിന്ന് ഏകദേശം 62 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായും ശ്രീലങ്കയുടെ ജനവാസമുള്ള ഡെല്‍ഫ് ദ്വീപില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയുമാണ് ഇത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നിര്‍മിച്ച സെന്റ് ആന്റണീസ് കത്തോലിക്കാ ദേവാലയമാണ് ദ്വീപിലെ ഒരേയൊരു നിര്‍മിതി. വര്‍ഷംതോറും പെരുന്നാൾ ദിവസം ഇവിടെ ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ എത്താറുണ്ട്. ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള വിശ്വാസികള്‍ തീര്‍ത്ഥാടനം നടത്താറുമുണ്ട്.

ആദ്യകാലത്ത് ശ്രീലങ്കയിലെ ജാഫ്‌ന സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു ഇതെന്നാണ് കരുതുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ രാമനാഥപുരം കേന്ദ്രീകരിച്ചുള്ള രാമനാട് രാജ്യത്തിന് നിയന്ത്രണം കൈമാറി. ബ്രിട്ടീഷ് ഭരണകാലത്ത് ഇത് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായി. എന്നാല്‍ 1921-ല്‍ മത്സ്യബന്ധനത്തിന്റെ അതിരുകള്‍ നിര്‍ണയിക്കുന്നതിനിടെ അന്നത്തെ ബ്രിട്ടീഷ് കോളനികളായിരുന്ന ഇന്ത്യയും ശ്രീലങ്കയും കച്ചത്തീവില്‍ അവകാശവാദമുന്നയിച്ചു. സര്‍വേ പ്രകാരം ഇതിനെ ശ്രീലങ്കയുടെ ഭാഗമാക്കിയെങ്കിലും ദ്വീപിന്റെ ഉടമസ്ഥാവകാശം രാംനാട് രാജ്യത്തിനാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിന്നുള്ള ഒരു ബ്രിട്ടീഷ് പ്രതിനിധി ഇതിനെ എതിര്‍ത്തു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന് ശേഷവും ഈ തര്‍ക്കം പരിഹരിച്ചിട്ടില്ല. മത്സ്യബന്ധന അവകാശത്തെച്ചൊല്ലി ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ തര്‍ക്കം തുടര്‍ന്നു. എന്നാല്‍ പിന്നീട് മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന അവകാശത്തിന് പകരമായി ദ്വീപിന്റെ മേലുള്ള അവകാശവാദം ഇന്ത്യ ഉപേക്ഷിച്ചതോടെയാണ് തര്‍ക്കത്തിന് പരിഹാരമാകുന്നത്. ‘ഇന്തോ-ശ്രീലങ്കന്‍ മാരിടൈം കരാര്‍‘ എന്നറിയപ്പെടുന്ന ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇന്ദിരാഗാന്ധി കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തു. ഇരുരാജ്യങ്ങളിലേയും മത്സ്യത്തൊഴിലാളികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും കച്ചത്തീവില്‍ വന്നുപോകാന്‍ പാസ്‌പോര്‍ട്ടോ വിസയോ മറ്റ് രേഖകളോ വേണ്ടതില്ലെന്ന് കരാറില്‍ കരാറില്‍ തുടക്കത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. പക്ഷേ, പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. 1975 ജൂണില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പാര്‍ലമെന്റ് ഇല്ലാതെയായി. 1976 ജനുവരിയില്‍ ഇന്ത്യയുടേയും ശ്രീലങ്കയുടേയും വിദേശകാര്യ സെക്രട്ടറിമാരാണ് കച്ചത്തീവ് സംബന്ധിച്ച ഉടമ്പടിയിലെത്തിയത്. അതോടെ ആദ്യത്തെ പല വ്യവസ്ഥകളും ഇല്ലാതെയായി. കച്ചത്തീവിന്റെ പടിഞ്ഞാറന്‍ തീരത്തിന് 1.6 കിലോമീറ്റര്‍ അകലെയായി ഇന്ത്യയുടേയും ശ്രീലങ്കയുടേയും സമുദ്രാതിര്‍ത്തി നിശ്ചയിക്കപ്പെട്ടു. നിഷ്പക്ഷമേഖലയില്‍ വരേണ്ടിയിരുന്ന ദ്വീപ് ഇതോടെ ലങ്കയുടെ അധീനതയിലായി. മത്സ്യബന്ധന അവകാശത്തിന്റെ പ്രശ്‌നം കരാറിലൂടെ പരിഹരിക്കപ്പെട്ടില്ല. കച്ചത്തീവിലേക്ക് പ്രവേശിക്കാനുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ അവകാശം ‘വിശ്രമിക്കുന്നതിനും വല ഉണക്കുന്നതിനും വിസയില്ലാതെ കത്തോലിക്കാ ദേവാലയം സന്ദര്‍ശിക്കുന്നതിനും‘ മാത്രമായി പരിമിതപ്പെടുത്തിയതായി ശ്രീലങ്ക വ്യാഖ്യാനിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന പതിവായി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റുചെയ്യാന്‍ ആരംഭിച്ചു.

തമിഴ്‌നാട് സംസ്ഥാന നിയമസഭയുമായി കൂടിയാലോചന നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതെന്നാണ് ആരോപണം. ആ സമയത്ത് തന്നെ, തന്നെ, ദ്വീപിന് മേലുള്ള രാംനാട് രാജ്യത്തിന്റെ ചരിത്രപരമായ നിയന്ത്രണവും ഇന്ത്യന്‍ തമിഴ് മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന അവകാശവും ചൂണ്ടിക്കാട്ടി ഇന്ദിരാഗാന്ധിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് മാറിമാറിവന്ന തമിഴ്‌നാട് സര്‍ക്കാരുകള്‍ ദ്വീപ് തിരിച്ചു പിടിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 1991-ല്‍ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ സമയത്ത് തമിഴ്നാട് നിയമസഭ വീണ്ടും കച്ചത്തീവ് വീണ്ടെടുക്കാനും തമിഴ് മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന അവകാശം പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടു. അതിനുശേഷം തമിഴ് രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമാണ് കച്ചത്തീവ് വിഷയത്തിന് ലഭിക്കുന്നത്. 2008-ല്‍ അന്ന് എ.ഐ.എ.ഡി.എം.കെ. അധ്യക്ഷയായിരുന്ന ജയലളിത, ഭരണഘടനാ ഭേദഗതിയില്ലാതെ മറ്റൊരു രാജ്യത്തിന് കച്ചത്തീവ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ ഹര്‍ജി നല്‍കി. 1974-ലെ കരാര്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന അവകാശങ്ങളെയും ഉപജീവനത്തെയും ബാധിച്ചുവെന്ന് ഹര്‍ജിയില്‍ വാദിച്ചു. 2011-ല്‍ മുഖ്യമന്ത്രിയായ ശേഷം, അവര്‍ സംസ്ഥാന നിയമസഭയില്‍ വിഷയത്തില്‍ പ്രമേയം അവതരിപ്പിച്ചു. 2012-ല്‍ ശ്രീലങ്ക ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ തന്റെ ഹര്‍ജി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ സുപ്രീം കോടതിയെ സമീപിച്ചു. പക്ഷേ വിഷയത്തില്‍ വലിയ പുരോഗതി ഉണ്ടായില്ല. ദ്വീപ് തിരിച്ചെടുക്കാന്‍ നയതന്ത്രശ്രമങ്ങള്‍ തുടങ്ങണമെന്ന് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് തടസ്സമില്ലാതെ മീന്‍പിടിക്കുന്നതിന് സ്വാതന്ത്ര്യം ലഭിക്കണമെങ്കില്‍ കച്ചത്തീവ് ഇന്ത്യയുടെ ഭാഗമാകേണ്ടതുണ്ടെന്നാണ് സ്റ്റാലിന്റെ കത്തില്‍ ചൂണ്ടിക്കാണിച്ചത്.

ജനവാസമില്ലാത്ത ദ്വീപില്‍ അന്തോണീസ് പുണ്യാളന്റെ തിരുനാള്‍ ദിനങ്ങളില്‍ മാത്രമാണ് ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ വർഷം അന്തോണീസ് പുണ്യാളന്റെ തിരുനാള്‍ ദിനത്തില്‍ ഇന്ത്യയില്‍നിന്നുള്ള തീർത്ഥാടകര്‍ എത്തിയിരുന്നില്ല. ശ്രീലങ്കന്‍ സേനയുടെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് രാമനാഥപുരത്തെ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സമരം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് തീർത്ഥാടനം മുടങ്ങിയത്. ഫെബ്രുവരി 23, 24 തീയതികളില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് തമിഴ്നാട്ടില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നുമായി 3500-ഓളം പേര്‍ രജിസ്റ്റര്‍ചെയ്തിരുന്നു. രാമേശ്വരത്തെ സെയ്ന്റ് ജോസഫ്സ് പള്ളി അധികാരികളാണ് തീർത്ഥാടനത്തിനുവേണ്ട സജ്ജീകരണങ്ങള്‍ നടത്തിയത്. പക്ഷേ, ബോട്ടുടമകളുടെ സമരം കാരണം തീർത്ഥാടനം ഉപേക്ഷിക്കുന്നതായി പള്ളി വികാരി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയില്‍നിന്നുള്ള മീന്‍പിടിത്തക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റുചെയ്യുന്ന സംഭവങ്ങള്‍ പെരുകിയ സാഹചര്യത്തിലാണ് മീന്‍പിടിത്തക്കാരും ബോട്ടുടമകളും സമരം പ്രഖ്യാപിച്ചത്.

കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തിയതോടെയാണ് വിഷയം വീണ്ടും ചൂട് പിടിക്കുന്നത്. ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ നടപടി കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണെന്നും 75 വര്‍ഷം ഇന്ത്യയുടെ താത്പര്യങ്ങളും ഐക്യവും കോണ്‍ഗ്രസ് തകര്‍ക്കുകയായിരുന്നെന്നു എന്നുമാണ് മോദി ആരോപിച്ചത്. തമിഴ്നാട് ബി.ജെ.പി. അധ്യക്ഷനും ലോക്സഭാ സ്ഥാനാര്‍ഥിയുമായ കെ. അണ്ണാമലൈയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.