ഗിൽ‌ജിത് -ബാള്‍ട്ടിസ്താന്‍ ചെറുചരിത്രം.

ഗില്‍ഗിത് -ബാള്‍ട്ടിസ്താന്‍ ചെറുചരിത്രം., Gilgit - Baltistan History

ഔദ്യോഗികമായി ഇന്ത്യയുടേതും ഇന്തോ-പാക്ക് യുദ്ധാനന്തരം പാക്കിസ്ഥാന്റെ അനധികൃത നിയന്ത്രണത്തിലുള്ളതുമായ ഏറ്റവും വടക്കുള്ള പ്രദേശമാണ് ഗിൽ‌ജിത്-ബാൾട്ടിസ്ഥാൻ. 72,971 ചതുരശ്ര കിലോമീറ്റർ (28,174 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഗിൽ‌ജിത്-ബാൾട്ടിസ്ഥാൻ ഭൂരിഭാഗവും പർവതപ്രദേശമാണ്. 2015-ലെ കണക്കു പ്രകാരം ജനസംഖ്യ 18 ലക്ഷം ആണ്.

ഗിൽ‌ജിത്-ബാൾട്ടിസ്ഥാനിലെ വിവിധങ്ങളായ പ്രദേശങ്ങളിൽ കാണപ്പെടുന്ന കൽക്കൊത്തുപണികൾ സൂചിപ്പിക്കുന്നത് ഇവിടെ ബിസി 2000 മുതൽ മനുഷ്യ സാന്നിധ്യമുണ്ടെന്നാണ്. ഒന്നാം നൂറ്റാണ്ടിൽ ഈ പ്രദേശങ്ങളിലെ ജനങ്ങൾ ബോൺ മതത്തിന്റെ അനുയായികളായിരുന്നുവെങ്കിലും രണ്ടാം നൂറ്റാണ്ടിൽ അവർ ബുദ്ധമതമാണു പിന്തുടർന്നത് എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. താങ് രാജവംശത്തിൽ നിന്നുള്ള ചൈനീസ് പുരാരേഖകനുസരിച്ച്, 600 -നും 700 -നും ഇടയിൽ, ഈ പ്രദേശം ഭരിച്ചിരുന്നത് ബോലു എന്നറിയപ്പെട്ടിരുന്ന ബുദ്ധമത രാജവംശമാണ്.

പതിനാലാം നൂറ്റാണ്ടിൽ പേർഷ്യയിൽ നിന്നും മധ്യേഷ്യയിൽ നിന്നുമുള്ള സൂഫി മുസ്ലീം മതപ്രബോധകർ ബാൾട്ടിസ്ഥാനിൽ ഇസ്ലാമിനെ പരിചയപ്പെടുത്തി. പല പ്രാദേശിക ഭരണാധികാരികളും ഭരണം നടത്തിയ ഗിൽ‌ജിത്-ബാൾട്ടിസ്ഥാനിലെ ഭരണാധികാരികളിൽ പ്രശസ്തർ സ്കാർഡുവിലെ മക്പോൺ രാജവംശവും ഹൻസയിലെ രാജാക്കന്മാരുമായിരുന്നു. 1840- 1860 വരെ ഗിൽ‌ജിത്-ബാൾട്ടിസ്ഥാൻ പ്രദേശം മുഴുവനായി സിഖുകാരുടെയും പിന്നീട് ഡോഗ്രകളുടെയും കീഴിലായിത്തീർന്നു. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ സിഖുകാർ പരാജയപ്പെട്ടതിനുശേഷം, ഈ പ്രദേശം ജമ്മു കശ്മീർ നാട്ടുരാജ്യത്തിന്റെ ഭാഗമായിത്തീരുകയും 1846 മുതൽ ഇത് ഡോഗ്രാസിന്റെ ഭരണത്തിൻ കീഴിൽ തുടരുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധ ശേഷം ഇന്ത്യയുടെ സ്വാതന്ത്യം എന്നത് യാത്ഥാർത്ഥ്യത്തിലേക്ക് എത്തും എന്ന സമയത്ത് തന്നെ മതാടിസ്ഥാനത്തിൽ പാക്കിസ്ഥാൻ ഉണ്ടാക്കുവാനുള്ള നീക്കങ്ങളും ഒരു വശത്തുകൂടി നടന്നിരുന്നു. മുസ്ലീം ഭൂരിപക്ഷമുള്ളതെങ്കിലും ജമ്മു -കശ്മീരിനെ തന്റെ ഭരണത്തിൽ സ്വതന്ത്രമായ രാജ്യമായി നിലനിർത്തുവാൻ ഹരി സിംഗ് നിശ്ചയിച്ചു. അതേസമയം മുസ്ലീം രാഷ്ട്ര സ്ഥാപനത്തിലെ അവിഭാജ്യ ഘടകമായിട്ടാണ് ഇതേ ജമ്മു കശ്മീരിനെ പാക്ക് അനുകൂലികൾ കണക്കാക്കിയിരുന്നത്. അങ്ങനെ സ്വാതന്ത്ര്യ ശേഷം ഇന്ത്യ – പാക്ക് വിഭജനസമയത്ത് ഏത് ഭാഗത്ത് ചേരണം എന്ന നിർണായകമായ ചോദ്യം ഹരി സിംഗിന് മുന്നിൽ വന്നു. സ്വതന്ത്ര രാജ്യം എന്നദ്ദേഹം തീരുമാനിക്കുകയും അതു പ്രകാരം മുന്നോട്ടുപോകുകയും ചെയ്തു. ഹരിസിംഗിന്റെ തീരുമാനം പാക്കിസ്ഥാന് സ്വീകാര്യവും ഇന്ത്യക്ക് അസ്വീകാര്യവുമായിരുന്നു. ഹരിസിംഗ് സ്വതന്ത്ര കശ്മീരുമായി നിലകൊണ്ടാൽ എളുപ്പത്തിൽ അവിടെ അധിനിവേശം നടത്തി ഹരിസിംഗിനെ അട്ടിമറിക്കാം എന്നായിരുന്നു പാക്ക് കണക്കുകൂട്ടൽ.

1947 നവംബർ 1 വരെ ബ്രിട്ടീഷുകാർ ചില പ്രദേശങ്ങൾ താൽക്കാലികമായി പാട്ടത്തിനെടുത്തുവെങ്കിലും ഈ പ്രദേശം നാട്ടുരാജ്യത്തിന്റെ ഭാഗമായി തുടർന്നു. പാകിസ്താന്റെ സ്വാതന്ത്ര്യത്തിനുശേഷം ജമ്മു കശ്മീർ തുടക്കത്തിൽ ഒരു സ്വതന്ത്ര രാജ്യമായിത്തന്നെ തുടർന്നു. പിന്നീട് 1947 ഒക്ടോബർ 22 -ന് പാക്കിസ്ഥാന്റെ പിന്തുണയുള്ള ആദിവാസി പൗരസേന അതിർത്തി കടന്ന് ജമ്മു കശ്മീരിലേയ്ക്കു പ്രവേശിച്ചു. പ്രാദേശിക ആദിവാസി പൗരസേനകളും പാക്കിസ്ഥാൻ സായുധ സേനയും ശ്രീനഗറിനെ കീഴടക്കാൻ നീങ്ങിയെങ്കിലും ഉറിയിലെത്തിയപ്പോൾ പ്രതിരോധ സേനയെ നേരിട്ടു. സഹായത്തിനായി ഹരി സിംഗ് ഇന്ത്യയോട് അപേക്ഷിക്കുകയും ലയന ഉടമ്പടിയിൽ ഒപ്പിടുകയും ചെയ്തു.

ഇന്ത്യൻ യൂണിയനിൽ ചേരുന്നതടക്കമുള്ള ഉപാധികളിൻമേൽ ഇന്ത്യ പ്രശ്നത്തിലിടപെട്ടതോടെ 1947 ഒക്ടോബറിൽ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമായി അത് മാറി. ഷേയ്ക്ക് അബ്ദുള്ള ആയിരുന്നു കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന് സഹായകരമായ രീതിയിൽ അവിടെ കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സേന ഇടപെട്ടതോടെ പാക്കിസ്ഥാന്റെ ശ്രീനഗറിലേക്കുള്ള മുന്നേറ്റം തടയുകയും കുറേയൊക്കെ ഭാഗങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്തു. എങ്കിലും ജമ്മു കശ്മീർ പ്രദേശത്തിന്റെ 37 ശതമാനത്തോളം പ്രദേശങ്ങൾ അപ്പോഴേക്കും പാക്ക് നിയന്ത്രണത്തിലായിരുന്നു. ഏകദേശം ഒരു വർഷത്തോളമായിട്ടും സംഘർഷത്തിന് അറുതി വരാത്ത സാഹചര്യത്തിൽ ഇന്ത്യ യു.എന്നിന്റെ സഹായം തേടി. അങ്ങനെ യു.എൻ മധ്യസ്ഥതയിൽ ഇരുവിഭാഗവും വെടിനിർത്തൽ കരാറിൽ ഒപ്പിട്ടതോടെ യുദ്ധം അവസാനിച്ചു. എങ്കിലും സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്താത്ത അവസ്ഥ, പ്രശ്‍നം പിന്നേയും പുകയാൻ കാരണമായി. യുദ്ധത്തിന് മുന്നേ ഹരിസിങ്ങ് തന്ന ഉറപ്പ് പ്രകാരം, പാക്ക് അധിനിവേശ പ്രദേശങ്ങളടക്കം ഇന്ത്യയുടെ അവിഭാജ്യഘടകമാക്കിക്കൊണ്ട് ജമ്മുകശ്മീർ എന്ന രാജ്യത്തെ ഇന്ത്യയുടെ ഭാഗമായി പ്രത്യേക പദവിയുള്ള സംസ്ഥാനമായി ചേർത്തു. എന്നാൽ പാക്കിസ്ഥാൻ അധിനിവേശിച്ച സ്ഥലങ്ങളെല്ലാം അവരുടേതായതായി പ്രഖ്യാപിച്ചു. ഇന്ത്യൻ വാദപ്രകാരം ഹരിസിംഗിന്റെ അധികാരപരിധിയിൽ ഉണ്ടായിരുന്ന ഇന്ത്യയോട് ചേരേണ്ട പ്രദേശമാണ് ഗിൽ‌ജിത്-ബാൾട്ടിസ്ഥാൻ.

ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടാക്കിയ ഒരു ഭൂപ്രദേശമാണ് ജമ്മു-കശ്മീർ. അതിർത്തി തർക്കങ്ങളും വിഘടനവാദ പ്രവർത്തനങ്ങളും തീവ്രവാദവും സൈനിക കടന്നുകയറ്റങ്ങളും മൂലം ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായ പ്രദേശമായി ഇന്നും ഈ സംസ്ഥാനം തുടരുന്നു. ജമ്മു ആൻഡ് കശ്മീർ 3 രാജ്യങ്ങളുടെ ഭൂപടത്തിലുള്ള പല പ്രദേശങ്ങൾ ആണ് ഇന്ന്. ജമ്മു, കശ്മീർ, ലഡാക്കിന്റെ കുറെ ഭാഗം ഇന്ത്യയിലും ഗിൽ‌ജിത് – ബാൾട്ടിസ്ഥാൻ പാകിസ്ഥാന്റെ കൈവശവും, ആക്സായ് ചിൻ ചൈനയുടെ കൈവശവും ആണ് നിലനിൽക്കുന്നത്.

ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിനു ശേഷവും ഇന്ത്യൻ നിയന്ത്രണത്തിലുള്ള ജമ്മു കശ്മീരിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കശ്മീർ താഴ്വരയുടെ ആധിപത്യത്തിനായി പാക്കിസ്ഥാൻ തുടർന്നും നീക്കം നടത്തിക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായാണ് 1965-ലെ ഇന്ത്യ – പാക്ക് യുദ്ധം നടന്നത്. ഓപ്പറേഷൻ ജിബറാൾട്ടർ എന്ന പേരിൽ കശ്മീർ താഴ്വരയിലേക്ക് കടന്ന് കയറി മേഖലയിൽ വിദ്വംസക പ്രവർത്തികൾക്ക് വഴിമരുന്നിട്ട് അശാന്തി സൃഷ്ടിച്ച് ജമ്മു കശ്മീർ സർക്കാരിനെ താഴെയിറക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇന്ത്യൻ സേനയുടെ കൃത്യ സമയത്തെ ഇടപെടൽ നിമിത്തം പദ്ധതി പാളി. തുടർന്നുണ്ടായ യുദ്ധത്തിൽ ഇരുപക്ഷത്തും നാശനഷ്ടങ്ങളുണ്ടായി. സോവിയറ്റ് – യു.എസ് ഇടപെടലിലൂടെ നടന്ന താഷ്ക്കന്റ് ഉടമ്പടിയിലൂടെ യുദ്ധമവസാനിപ്പിച്ച് ഇരു രാജ്യങ്ങളും വെടിനിർത്താൻ തീരുമാനമായി.

പാക്കിസ്ഥാനിലെ തീവ്രവാദികൾ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരിൽ ഇളക്കിവിടുകയും തീവ്രവാദ സംഘടനകൾ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കൂട്ടകൊലകൾ നടത്തുകയും ചെയ്തു. ഇത് കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിൽ കലാശിച്ചു. 1984-ൽ പാക്ക് അധിനിവേശ സിയാച്ചിൻ ഗ്ലേസിയെർ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ മേഘദൂത് വഴി കീഴടക്കിയത് മേഖലയിൽ പുതിയ സംഘഷത്തിനും (Siachen Conflict) കാരണമായി. അതിനുശേഷം 1999-ൽ പാക്കിസ്ഥാൻ സൈന്യം വീണ്ടും കാർഗിലിൽ നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തിൽ എത്തുകയും ചെയ്തു. യുദ്ധാവസാനം പാക്കിസ്ഥാൻ സേനയെ തുരത്തി ഓടിക്കുകയും കാർഗിൽ കീഴടക്കുകയും ചെയ്തു. 2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്നു ജമ്മു കശ്മീർ. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം, ജമ്മുകാശ്മീരിൽ മറ്റ് ഇന്ത്യക്കാർക്ക് ഭൂമി വാങ്ങാൻ അനുവാദം നിഷേധിക്കുന്ന 35-A അനുച്ഛേദം എന്നിവ റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. പാക്കിസ്ഥാൻ കൈവശം വെച്ചിരിക്കുകയാണെങ്കിലും ഔദ്യോഗികമായി ഇന്ത്യയുടെ ലഡാക് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമാണ് ഗിൽ‌ജിത് -ബാള്‍ട്ടിസ്താന്‍.

ലഡാക്: അല്പം ചരിത്രം.