ആവേശമുഖരിതമായി സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ-വിഷു ആഘോഷം

ആവേശമുഖരിതമായി സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ-വിഷു ആഘോഷം

സ്പ്രിംഗ്ഫീൽഡ്: ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ടും 2024-ലെ ഈസ്റ്റർ-വിഷു ദിനങ്ങൾ കെങ്കേമമായി ആഘോഷിച്ച് സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷൻ.സിനിമ താരങ്ങളെയും പിന്നണി ഗായകരെയും അണിനിരത്തിക്കൊണ്ട് ‘മ്യൂസിക്ക് ആൻഡ് ഡാൻസ് നൈറ്റ്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഏവർക്കും പകരം വെക്കാനില്ലാത്ത അനുഭവമാണ് സമ്മാനിച്ചത്. മന്ത്രി ചാരിസ് മുള്ളനായിരുന്നു പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

വർണ്ണാഭമായ വിഷുക്കണി ഒരുക്കികൊണ്ടായിരുന്നു ആഘോഷങ്ങളുടെ തുടക്കം. ഏപ്രിൽ 13-ന് അഗസ്റ്റാ സ്റ്റേറ്റ്സ് സ്കൂളിൽ വെച്ച് നടന്ന പരിപാടിക്ക് ആവേശം പകരാനെത്തിയത് സിനിമ താരം ദീപ്തി സതി, പിന്നണി ഗായകരായ സുമി അരവിന്ദ്, പ്രദീപ് ബാബു, റഫീഖ് റഹ്മാൻ, ഒപ്പം യാസീർ അഷറഫ് എന്നിവരാണ്.ഇവരുടെ നേതൃത്വത്തിൽ നടന്ന മൂന്നര മണിക്കൂർ നീണ്ടുനിന്ന സ്റ്റേജ് ഷോ പ്രായഭേദമന്യേ ഏവർക്കും നവ്യാനുഭവമായി.

വിഷുവിനോട് അനുബന്ധിച്ച് വിഷു പാട്ടുകളും നൃത്തങ്ങളും അരങ്ങേറി. വിഷു ഫോട്ടോഷൂട്ടും ഇതിനോടൊപ്പം സംഘടിപ്പിച്ചിരുന്നു. അലോഷിയുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ നടന്ന ഈസ്റ്റർ അനുബന്ധ പ്രസന്റേഷൻ സ്കിറ്റ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിയ മറ്റൊരു പരിപാടി ആയി മാറി. വിവിധ തലങ്ങളിൽ നിന്നായി മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്.

മുൻപ് സൂചിപ്പിച്ചത് പോലെ പരിപാടിയോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ മന്ത്രി ചാരിസ് മുള്ളനാണ് വിശിഷ്ടാതിഥിയായത്. ബിജു വർഗീസ് അധ്യക്ഷനായ സമ്മേളനത്തിൽ അസോസിയേഷൻ സെക്രട്ടറി മാമ്മൻ ഫിലിപ്പ് സ്വാഗത പ്രസംഗം നടത്തി. സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച മന്ത്രി ചാരിസ് മുള്ളൻ അസോസിയേഷന്റെ പ്രവർത്തനങ്ങളെയും ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവരെയും അഭിനന്ദിച്ചു. അലോഷിയുടെ നേതൃത്വത്തിൽ നടന്ന പ്രസന്റേഷൻ സ്കിറ്റിനെ പേരെടുത്ത് പറഞ്ഞുകൊണ്ട് അഭിനന്ദിക്കുകയുണ്ടായി. ട്രഷറർ ഷിനോ വർഗീസിന്റെ കൃതജ്ഞതയോടെയാണ് പരിപാടി അവസാനിച്ചത്.