ഇറാനിൽ സ്ഫോടനം: ഇസ്രായേൽ തിരിച്ചടിച്ചതായി റിപ്പോർട്ട്.

ഇറാനിൽ സ്ഫോടനം: ഇസ്രായേൽ തിരിച്ചടിച്ചതായി റിപ്പോർട്ട്.

ടെഹ്‌റാൻ: ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെ ഇസ്രായേൽ ഇറാനെതിരെ ആക്രമണം നടത്തിയതായി എ ബി സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഖജാവാരിസ്ഥാൻ (Qahjavaristan) നഗരത്തിൽ സ്‌ഫോടന ശബ്ദം കേട്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ടെഹ്‌റാൻ, ഇസ്ഫഹാൻ (Isfahan), ഷിറാസ് (Shiraz) എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇസ്‌ഫഹാൻ എയർപോർട്ടിനും ഇസ്‌ഫഹാന്റെ വടക്കുപടിഞ്ഞാറായി ആർമി എയർഫോഴ്‌സിന്റെ എട്ടാമത്തെ ശേഖരി ബേസിനും സമീപമാണ് ഖജാവാരിസ്ഥാൻ (Qahjavaristan) നഗരം സ്ഥിതി ചെയ്യുന്നത്. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രബിന്ദുവായി കണക്കാക്കപ്പെടുന്ന നതാൻസ് ഉൾപ്പെടെ നിരവധി ഇറാനിയൻ ആണവ സൈറ്റുകൾ ഇസ്‌ഫഹാൻ പ്രവിശ്യയിൽ ആണ് സ്ഥിതിചെയ്യുന്നത്.

മധ്യ ഇറാനിലെ ഇസ്ഫഹാൻ വിമാനത്താവളത്തിൽ സ്ഫോടന ശബ്ദം കേട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. വടക്ക്-പടിഞ്ഞാറൻ ഇസ്ഫഹാനിലെ സൈനിക താവളത്തിന് സമീപം മൂന്ന് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം 13-ന് ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് വിമാനത്താവളങ്ങളിൽ ഉൾപ്പെടെ കനത്ത വ്യോമാക്രമണം ഇസ്രായേൽ നടത്തിയതെന്നാണ് സൂചന. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ 85–ാം ജന്മദിനത്തിലാണ് ഇസ്രയേലിന്റെ തിരിച്ചടി. സൈനിക നടപടിയുമായി ഇസ്രയേൽ മുന്നോട്ടുപോവുകയാണെങ്കിൽ ‍തിരിച്ചടിക്കുമെന്ന ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയ വാർത്തയോട് ഇസ്രയേൽ സൈന്യം പ്രതികരിച്ചില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിനു ‘ഇപ്പോൾ ഒന്നും പറയാനില്ല’ എന്നായിരുന്നു ഇസ്രയേലിന്റെ മറുപടി. ആണവ കേന്ദ്രമായിരുന്നില്ല ഇസ്രയേലിന്റെ ലക്ഷ്യമെന്നും റിപ്പോർട്ടുണ്ട്. ഈ മാസം ഒന്നിന് ഡമാസ്കസിലെ ഇറാൻ എംബസി ഇസ്രയേൽ ആക്രമിച്ച് ഒരു ജനറൽ ഉൾപ്പെടെ 7 ഉന്നത ഉദ്യോഗസ്ഥരെ വധിച്ചതിനു തിരിച്ചടിയായി ശനിയാഴ്ച മുന്നൂറോളം മിസൈൽ, ഡ്രോൺ ആക്രമണമാണ് ഇറാൻ നടത്തിയത്.

ഇറാന് തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ; പ്രതിരോധ നീക്കങ്ങൾ ഇറാൻ ആരംഭിച്ചു.