പാക് അധീന കശ്മീരിലെ ജനങ്ങൾ ദുരിതത്തിൽ; യുഎൻ ഇടപെടണമെന്ന് പ്രാദേശിക രാഷ്‌ട്രീയ നേതൃത്വം.

ജനീവ: പാക് അധീന കശ്മീരിലും ഗിൽജിത് ബാൾട്ടിസ്ഥാനിലും നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് യുണൈറ്റഡ് കാശ്മീർ പീപ്പിൾസ് നാഷണൽ പാർട്ടി വക്താവ് സർദാർ നസീർ അസീസ് ഖാൻ. ഐക്യരാഷ്‌ട്ര സഭ മനുഷ്യവകാശ കൗൺസിലിന്റെ 55-മത് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ ജനങ്ങൾ നേരിടുന്ന മനുഷ്യവകാശ പ്രശ്നങ്ങളിൽ യുഎൻ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്ലാമാബാദിൽ മാറി മാറി വരുന്ന സർക്കാരുകൾ വലിയ ക്രൂരതയാണ് പാക് അധീന കശ്മീരിലെ ജനങ്ങളോടു കാണിക്കുന്നത്. 1947 ഒക്ടോബർ 22 -ന് പാക്കിസ്ഥാൻ കശ്മീർ ആക്രമിച്ചു. അന്നു മുതൽ ഈ പ്രദേശത്തെ ജനങ്ങൾ ഇരകളാണ്. മേഖലയിൽ ഒരു നിയസഭയുണ്ട് എന്നാൽ നിയമ നിർമ്മാണത്തിന് അധികാരമില്ല. വൈദ്യുതി ക്ഷാമം രൂക്ഷമാണ്, ഗോതമ്പും അവശ്യവസ്തുക്കളും ഇല്ല. പ്രതിഷേധങ്ങൾ ഉയർത്തിയിട്ടും പാക്കിസ്ഥാൻ കേട്ട ഭാവം കാണിക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. പ്രതിരോധത്തിന്റെ പേരിൽ പാക് സൈന്യം റിസോർട്ടുകളും വിനോദസഞ്ചാര ഇടങ്ങളും പോലും കൈയ്യടക്കി വയ്‌ക്കുകയാണെന്നും സർദാർ നാസർ അസീസ് ഖാൻ ചൂണ്ടിക്കാട്ടി.

പാക് അധീന കശ്‌മീരിലെ ജനങ്ങള്‍ ഇന്ത്യയില്‍ ലയിക്കണമെന്ന ആവശ്യമുയര്‍ത്തിയതായി ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . അവര്‍ സ്വയം തന്നെ ഇന്ത്യയുമായി ലയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഇന്ത്യ ടിവിയുടെ ആപ് കി അദാലത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ക്കവരെ ആക്രമിച്ച് അധീനപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ഒന്നരവര്‍ഷം മുമ്പ് തന്നെ താന്‍ പറഞ്ഞതാണ്, കാരണം അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ തന്നെ തങ്ങളോടൊപ്പം ചേരണമെന്ന വികാരം ഉണര്‍ന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ലോകത്ത് ഒരു രാജ്യത്തെയും ആക്രമിക്കാത്ത സ്വഭാവമാണ് ഇന്ത്യയുടേത്. ആരുടെയും ഒരിഞ്ച് ഭൂമി പോലും തങ്ങള്‍ കൈവശപ്പെടുത്താറുമില്ല. എന്നാല്‍ പാക് അധീന കശ്‌മീര്‍ നമ്മുടേതാണ്. അത് സ്വയം തന്നെ നമ്മളിലേക്ക് വന്ന് ചേരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പാക് അധീന കശ്മീർ (പിഒകെ) ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടെ താമസിക്കുന്ന മുസ്ലീങ്ങളും ഹിന്ദുക്കളും ഇന്ത്യക്കാരാണെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രഖ്യാപിച്ചിരുന്നു. പാക്കിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയും ഇന്ത്യയുടേതാണ്. അത് തിരിച്ചുപിടിക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും ഓരോ കശ്മീരിയുടെയും ലക്ഷ്യമാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ കാശ്മീരി സംസ്‌കാരത്തിനും ഭാഷയ്ക്കും നിലനിൽപ്പിനും ഭീഷണിയുണ്ടാകുമെന്ന് പലരും പ്രചരിപ്പിച്ചു. എന്നാൽ കാശ്മീരികൾ ഇന്ന് സ്വതന്ത്രരാണ്, കശ്മീരി ഭാഷയുടെ പ്രാധാന്യവും ഭക്ഷണ സംസ്കാരവും വർദ്ധിച്ചു, കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികൾ ഒഴുകുന്നു എന്നും അമിത് ഷാ പറഞ്ഞു.

ഗിൽ‌ജിത് -ബാള്‍ട്ടിസ്താന്‍ ചെറുചരിത്രം.