സിറിയയിലെ ഇറാൻ എംബസ്സിക്ക് നേരെ ഇസ്രായേൽ ആക്രമണം; 5 മരണം.

ദമാസ്കസ്: സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെ ആക്രമണം. ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇറാൻ റവലൂഷനറി ഗാർഡ്സ് കോർപ്സിന്റെ സീനിയർ കമാൻഡർ മുഹമ്മദ് റെസ സഹേദിയടക്കം അഞ്ചുപേർ കൊല്ലപ്പെട്ടതായി അംബാസഡർ ഹുസൈൻ അക്‌ബരി പറഞ്ഞു. ഇറാൻ എംബസിക്ക് സമീപത്തുള്ള കെട്ടിടത്തിലാണ് ബോംബ് ആക്രമണം നടന്നത്. കോൺസുലേറ്റ് കെട്ടിടമാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ കെട്ടിടം പൂർണ്ണമായി തകർന്നിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹമാസ് ഗാസയിൽ നടത്തുന്ന തിരിച്ചടിക്കും ഇറാനിൽ നിന്നുള്ള ഭീഷണിക്കും മറുപടിയാണ് ഈ ആക്രമണമെന്നാണു വിലയിരുത്തൽ. സഹേദിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നു കരുതുന്നതായി ഇറാൻ പ്രതികരിച്ചു.

അതിനിടെ ഹമാസ് ബന്ദികളാക്കിയവരിൽ നൂറിലേറെപ്പേരെ ഇനിയും മോചിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും ഇസ്രയേലിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി. ഹമാസ് ഇനിയും ബന്ധികളാക്കി വച്ചിട്ടുള്ള 130ഓളം ഇസ്രയേലുകാരെ ഉടനടി വിട്ടയക്കാൻ സാധ്യമാകുന്ന രീതിയിലുള്ള ഉടമ്പടികൾ ചെയ്യാൻ സാധിക്കുന്ന പുതിയ നേതാവ് വരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവരും പ്രതിഷേധത്തിനുണ്ട്. യുദ്ധം അവസാനമില്ലാതെ നീളുന്നത് ബന്ദികളുടെ ജീവന് തന്നെ ആപത്താവുമെന്ന ഭീതിയിലാണ് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമുള്ളത്. ഒക്ടോബറിൽ ഹമാസ് ആക്രമണത്തിന് കാരണമായത് സുരക്ഷാ വീഴ്ചകൾ കാരണമായെന്നും കുറ്റപ്പെടുത്തുന്നവർ പ്രതിഷേധക്കാരിൽ ഏറെയാണ്.

ഹമാസിനെതിരായ സൈനിക നടപടി തെക്കൻ ഗാസയിലെ റഫ നഗരത്തിലേക്കു വ്യാപിപ്പിക്കുന്നതിന് ഇസ്രയേൽ യുഎസുമായി ചർച്ച നടത്തി. 13 ലക്ഷത്തോളം പലസ്തീൻകാർ അഭയം തേടിയിട്ടുള്ള റഫ ആക്രമിക്കരുതെന്നും യുഎൻ പ്രമേയം മാനിച്ച് വെടിനിർത്തലിനു തയാറാകണമെന്നുമാണ് യുഎസ് നിലപാട്.