ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഇന്ത്യ ഫിലിപ്പൈൻസിന് കൈമാറി.

ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഇന്ത്യ ഫിലിപ്പൈൻസിന് കൈമാറി.

ദില്ലി: ഫിലിപ്പൈൻസിന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൈമാറി. 2022-ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 375 മില്യൺ ഡോളർ കരാറിന്റെ ഭാഗമായിട്ടായികുന്നു ആയുധ കൈമാറ്റം. ആഗോള തലത്തിൽ ഏറ്റവും മുന്തിയതും വേഗതയേറിയതുമായ കൃത്യതയുള്ള ആയുധമായി അംഗീകരിക്കപ്പെട്ട ബ്രഹ്മോസ് ഇന്ത്യയുടെ പ്രതിരോധ രം​ഗത്ത് നിർണായക പങ്ക് വഹിക്കുന്നു. ഇന്ത്യൻ വ്യോമസേന അമേരിക്കൻ നിർമിത സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് മിസൈലുകളോടൊപ്പമാണ് ഫിലിപ്പീൻസിലെ മറൈൻ കോർപ്സിന് ആയുധങ്ങൾ കൈമാറിയത്.

ദക്ഷിണ ചൈനാ കടലിൽ ഫിലിപ്പീൻസും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്താണ് ഇന്ത്യ മിസൈൽ സംവിധാനങ്ങൾ കൈമാറുന്നതെന്നതാണ് ശ്രദ്ധേയം. ബ്രഹ്മോസ് മിസൈൽ സംവിധാനത്തിൻ്റെ മൂന്ന് ബാറ്ററികൾ ഫിലിപ്പീൻസ് അവരുടെ തീരപ്രദേശങ്ങളിൽ വിന്യസിക്കും. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനും (ഡിആർഡിഒ) റഷ്യൻ ഫെഡറേഷൻ്റെ എൻപിഒ മഷിനോസ്‌ട്രോയേനിയയും ചേർന്നുള്ള സംയുക്ത സംരംഭമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ലോകത്തിലെ ഏറ്റവും വിജയകരമായ മിസൈൽ പ്രോഗ്രാമുകളിൽ പ്രധാനപ്പെട്ടതാണ്.