ജമ്മു കാശ്മീരിൽ വൻ ലിഥിയം നിക്ഷേപം കണ്ടെത്തി: ഇന്ത്യയിൽ ഹരിതോർജ്ജ വിപ്ലവത്തിനും വൻ സാമ്പത്തിക കുതിപ്പിനും കളമൊരുങ്ങും.

ജമ്മു കാശ്മീരിൽ വൻ ലിഥിയം നിക്ഷേപം കണ്ടെത്തി: ഇന്ത്യയിൽ ഹരിതോർജ്ജ വിപ്ലവത്തിനും വൻ സാമ്പത്തിക കുതിപ്പിനും കളമൊരുങ്ങും.

ന്യൂഡൽഹി: ഇന്ത്യയിൽ ഹരിതോർജ്ജ വിപ്ലവത്തിനും വൻ സാമ്പത്തിക കുതിപ്പിനും കളമൊരുക്കി,​ വൻ ലിഥിയം നിക്ഷേപം ജമ്മു കാശ്‌മീരിൽ കണ്ടെത്തി. ഇന്ത്യയിൽ ആദ്യമായാണ് ലിഥിയത്തിന്റെ ശേഖരം കണ്ടെത്തുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ലിഥിയത്തിന്റെ ശേഖരം കണ്ടെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ജമ്മു കാശ്മീരിലെ രെയാസി ജില്ലയിലെ സലാൽ- ഹൈമന മേഖലയിലാണ് ലിഥിയത്തിന്റെ ശേഖരം കണ്ടെത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം, ഏകദേശം 59 ലക്ഷം ടൺ ലിഥിയമാണ് ഈ പ്രദേശത്ത് ഉള്ളത്.

ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ നാല് വർഷമായി വിവിധ സംസ്ഥാനങ്ങളിൽ നടത്തി വന്ന ധാതു പര്യവേക്ഷണത്തിലാണ് ജമ്മു കാശ്‌മീരിൽ ലിഥിയം ശേഖരം കണ്ടെത്തിയതെന്ന് കേന്ദ്ര ഖനി മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ആദ്യമായി ലിഥിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ പുതിയ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ ജിയോളജി വകുപ്പ് പദ്ധതിയിടുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലും മൊബൈലിലും ലാപ്ടോപ്പിലും ഉൾപ്പെടെ ഉപയോഗിക്കുന്ന റീച്ചാർജ് ബാറ്ററിയിലെ പ്രധാനഘടകമാണ് ലിഥിയം. പെട്രോൾ,​ ഡീസൽ വില താങ്ങാനാവാതെയും മലിനീകരണം ഒഴിവാക്കാനും ലോകമാകെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്പോൾ ഇത്രയും വലിയ ലിഥിയം ശേഖരം ഇന്ത്യയെ ഈ മേഖലയിൽ സ്വയം പര്യാപ്തമാക്കും.

ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നാണ് ലിഥിയം ഇറക്കുമതി ചെയ്യുന്നത്. ഇപ്പോൾ ലിഥിയം ബാറ്ററി ചൈന,​ ജപ്പാൻ,​ വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. നിലവിൽ ലിഥിയം ബാറ്ററി കുത്തക ചൈനയ്‌ക്കാണ് (80%)​. ലോകത്തെ ഏറ്റവും വലിയ ലിഥിയം നിക്ഷേപം അഫ്ഗാനിസ്ഥാനിലാണ്. ഒരു ലക്ഷം കോടി ടൺ. അഫ്ഗാൻ ലിഥിയം കൈയടക്കാൻ ചൈന താലിബാൻ ഭരണകൂടവുമായി രഹസ്യ ചർച്ചയിലാണ്. ചിലി (92 ലക്ഷം ടൺ), ഓസ്ട്രേലിയ (57 ലക്ഷം ടൺ), ചൈന (15 ലക്ഷം ടൺ), അമേരിക്ക (7.5 ലക്ഷം ടൺ) തുടങ്ങിയ രാജ്യങ്ങളിലും ലിഥിയം നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.

ജിയോളജിക്കൽ സർവേയുടെ പര്യവേക്ഷണത്തിൽ ലിഥിയത്തിന് പുറമേ നിക്കൽ, കോബാൾട്ട്, സ്വർണ്ണം എന്നിവയുൾപ്പെടുന്ന 51 ധാതു ബ്ലോക്കുകളും കണ്ടെത്തി. ജമ്മുകാശ്‌മീർ, ആന്ധ്ര, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ്, കർണ്ണാടക, മദ്ധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഇവ കണ്ടെത്തിയത്. 7897 ദശലക്ഷം ടൺ കൽക്കരി,​ ലിഗ്നൈറ്റ് നിക്ഷേപവും കണ്ടെത്തി.