‘ഹൃദയം തൊട്ട് ഇന്ത്യ’; സൈനിക ഉദ്യോഗസ്ഥയെ ചേർത്തുപിടിച്ച് ചുംബിക്കുന്ന തുർക്കിഷ് യുവതിയുടെ ചിത്രം വൈറൽ.

‘ഹൃദയം തൊട്ട് ഇന്ത്യ’; സൈനിക ഉദ്യോഗസ്ഥയെ ചേർത്തുപിടിച്ച് ചുംബിക്കുന്ന തുർക്കിഷ് യുവതിയുടെ ചിത്രം വൈറൽ.

ഭൂകമ്പത്തിൽ വ്യാപകനാശമുണ്ടായ തുർക്കിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഇന്ത്യൻ ആർമിയിലെ സൈനിക ഉദ്യോഗസ്ഥയെ ചേർത്തുപിടിച്ച് തുർക്കി വനിത ചുംബിക്കുന്ന ചിത്രം വൈറൽ. ഇന്ത്യൻ ആർമിയുടെ ഔദ്യോ​ഗിക പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിമിഷനേരം കൊണ്ട് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധി പേരാണ് ഇന്ത്യൻ സൈന്യത്തിനു നന്ദി പറഞ്ഞു രം​ഗത്തു വരുന്നത്.

ഇന്ത്യൻ ആർമിയുടെ അഡിഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷന്റെ (എഡിജി പിഐ) ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘വി കെയർ’ എന്ന അടിക്കുറിപ്പിനൊപ്പമാണ് ചിത്രം. ഭൂകമ്പത്തെത്തുടർന്ന് തുർക്കിയെയും സിറിയയെയും സഹായിക്കാൻ ഇന്ത്യ ആരംഭിച്ച ‘ഓപറേഷൻ ദോസ്തി’നു കീഴിൽ, രണ്ട് രാജ്യങ്ങളിലേക്കും രക്ഷാപ്രവർത്തന സംഘങ്ങളെയും മെഡിക്കൽ ടീമുകളെയും അയച്ചിട്ടുണ്ട്. ഓപറേഷൻ ദോസ്തിന്റെ ഭാഗമായി രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ കിറ്റുകളടക്കം വഹിച്ച ആറ് വിമാനങ്ങളെയാണ് തുർക്കി, സിറിയ എന്നിവിടങ്ങളിലേക്ക് അയച്ചിരിക്കുന്നത്. ദുരിതാശ്വാസ സാമഗ്രികൾ, മരുന്ന്, സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ, മൊബൈൽ ഹോസ്പിറ്റൽ എന്നിവ ഉൾപ്പെടെ ഓപറേഷൻ ദോസ്തിന്റെ ഭാഗമാണ്. ദുരന്തമേഖലയിൽ 30 കിടക്കകളുള്ള താൽക്കാലിക ആശുപത്രിയും കരസേന സ്ഥാപിച്ചിട്ടുണ്ട്. വെന്റിലേറ്ററുകൾ, എക്സ്റേ യന്ത്രങ്ങൾ, ഓക്സിജൻ പ്ലാന്റ് എന്നിവയടക്കം സജ്ജമാണ്.

തുർക്കി – സിറിയ ഭൂകമ്പം: മരണം 46000 കടന്നു.