തുർക്കി – സിറിയ ഭൂകമ്പം: മരണം 46000 കടന്നു.

തുർക്കി - സിറിയ ഭൂകമ്പം: മരണം 46000 കടന്നു.

ഇസ്തംബുള്‍: തുര്‍ക്കിയിലും സിറിയയിലും നാശംവിതച്ച ഭൂകമ്പം നടന്നിട്ട്‌ ഒരാഴ്‌ച പിന്നിടുമ്പോൾ മരണസംഖ്യ 46000 കടന്നു. 1,20,000 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. തുർക്കിയിൽ 80,000 പേർ ആശുപത്രിയിലും 10 ലക്ഷത്തിലധികം പേർ അഭയകേന്ദ്രങ്ങളിലുമാണ്. ഐക്യരാഷ്ട്രസംഘടനയുടെ കണക്കുപ്രകാരം സിറിയയിൽ മാത്രം 53 ലക്ഷം പേർക്കു വീട് നഷ്ടമായി. ആകെ മരണസംഖ്യ 55,000 കവിയുമെന്നു യുഎൻ ദുരിതാശ്വാസ മേധാവി മാർട്ടിൻ ഗ്രിഫിത്സ് പറഞ്ഞു. ദുരന്തം നടന്നിട്ട്‌ 13 ദിവസം പിന്നിട്ടതോടെ ഇനിയും കൂടുതൽപേരെ ജീവനോടെ രക്ഷിക്കുക ദുഷ്‌കരമാണ്‌. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ അത്ഭുതകരമായി ചിലരെ രക്ഷിക്കാനായി എന്നതും പ്രതീക്ഷ നൽകുന്നു.

അന്താരാഷ്‌ട്ര രക്ഷാസംഘങ്ങളിൽ പലരും ദുരന്തബാധിത പ്രദേശത്തു നിന്നും തിരികെ മടങ്ങിയെങ്കിലും ഇന്ത്യൻ മെഡിക്കൽ സംഘവും എൻഡിആർഎഫ് സംഘവും ദുരന്ത മുഖത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. തുർക്കിയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വത്തിൽ താത്കാലിക ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള ആറ് രക്ഷാദൗത്യ സംഘങ്ങളാണ് തുർക്കിയിലും സിറിയയിലും എത്തിയിരിക്കുന്നത്. 140 ടൺ അവശ്യ വസ്തുക്കളും വ്യോമ സേന വിമാനങ്ങളിൽ ദുരിത ബാധിത മേഖലയിൽ എത്തിച്ചു. തുർക്കിയിൽ മാത്രം 250 വിദഗ്ധ പരിശീലനം ലഭിച്ച സേന, ദുരന്ത നിവാരണ സേന അംഗങ്ങളാണ് രക്ഷാ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ഇരുരാജ്യങ്ങളുടെയും അടിയന്തര ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ 428 ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 353 കോടി രൂപ) അടിയന്തര സഹായനിധി സമാഹരിക്കാൻ ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.‌ തുർക്കിക്ക് 1.78 ബില്യൺ ഡോളർ അടിയന്തര സഹായം ലോകബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഭൂകമ്പത്തിൽ തകർന്ന തുർക്കിക്ക് അടിയന്തര സഹായത്തിനായി 85 മില്യൺ ഡോളർ അമേരിക്കയും പ്രഖ്യാപിച്ചിരുന്നു. ഭക്ഷണം, പാർപ്പിടം, ആരോഗ്യ സേവനങ്ങൾ എന്നിവ ഉൾപ്പെടെ ആവശ്യമായ സഹായം എത്തിക്കുന്നതിനാണ് ധനസഹായം നൽകുന്നതെന്ന് യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് അറിയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇതിനകം രക്ഷാസംഘത്തെ തുർക്കിയിലേക്ക് അയച്ചിട്ടുണ്ട്. അടിയമാനിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയതായി യുഎസ്എഐഡി അറിയിച്ചു. നായ്ക്കൾ, ക്യാമറകൾ, ശ്രവണ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നതെന്നും USAID പറഞ്ഞു. നൂറുവർഷത്തിനിടെ തുർക്കിയിലുണ്ടാകുന്ന ഏറ്റവും വിനാശകാരിയായ ഭൂചലനമാണിതെന്ന് യു എസ് ജിയൊളോജിക്കൽ സർവേ അറിയിച്ചു.

ഫെബ്രുവരി 6 തിങ്കളാഴ്ച്ച  റിക്ടർ സ്‌കെയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം 40-ലധികം തുടർ ഭൂചലനങ്ങളാണ് പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. തിങ്കളാഴ്ച പ്രാദേശിക സമയം പുലർച്ചെ 4.17-നാണ് ആദ്യ ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

‘ഹൃദയം തൊട്ട് ഇന്ത്യ’; സൈനിക ഉദ്യോഗസ്ഥയെ ചേർത്തുപിടിച്ച് ചുംബിക്കുന്ന തുർക്കിഷ് യുവതിയുടെ ചിത്രം വൈറൽ.

തുര്‍ക്കി-സിറിയ ഭൂചലനം: 3 ദിവസം മുമ്പ് കൃത്യമായി പ്രവചിച്ച് ഡച്ച് ഗവേഷകന്‍.