കേരളം വീണ്ടും പോരാട്ട ചൂടിലേക്ക്

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളം  വീണ്ടും പോരാട്ട ചൂടിലേക്ക്. പാലായില്‍ പരാജയം ഇരന്നു വാങ്ങിയ യു.ഡി.എഫിന് ഈ തിരഞ്ഞെടുപ്പ് ഫലം  നിര്‍ണ്ണായകം,പ്രതേകിച്ച് അതില്‍ നാലും അവരുടെ സിറ്റിംഗ് സീറ്റുകള്‍ ആയതുകൊണ്ട് പരാജയപെട്ടാല്‍ ഒരു വിശദീകരണവും നല്‍കാന്‍ കഴിയില്ല. എല്‍.ഡി എഫിനാണെക്കില്‍ പാലയിലെ വിജയം അപ്രതീക്ഷിതമല്ലായിരുന്നെങ്കിലം, അധികം പണിയെടുക്കാതെ കിട്ടിയ വിജയം ഇനി നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്. കേരളത്തില്‍ അവര്‍ക്ക് ദുര്‍ബ്ബലമായ സംഘടനാ സംവിധാനമുള്ള ചുരുക്കം ചില മണ്ഡലങ്ങളിലൊന്നില്‍ വിജയിച്ചില്ലായിരുന്നെങ്കിലും ഇടതുമുന്നണിക്ക് പറഞ്ഞുനിക്കാമായിരുന്നു. സർക്കാർ വിരുദ്ധ മനോഭാവം കേരളത്തില്‍ സജീവമായിട്ട് ഉണ്ടായിരുന്നിട്ടും മാണി സി കാപ്പാനെ ജയിപ്പിച്ചതിനുള്ള അംഗീകാരം ജോസ് കെ മാണിക്കും പി.ജെ ജോസഫിനും  കൊടുക്കണം.

വട്ടിയൂര്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ഒക്‌ടോബര്‍ 21-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പാലായില്‍ നിന്നും വിഭിന്നമാണ്. പ്രത്യേകിച്ച് ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോന്നിയിലും , മഞ്ചേശ്വരത്തും. വട്ടിയൂര്കാവില്‍ ത്രികോണ മത്സരം പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാവാന്‍ സാധ്യതയില്ല. എം.എല്‍.എമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യുവാക്കളെ ഇറക്കി ഈ മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കാന്‍ സര്‍വ സന്നാഹവുമായിട്ടാണ് ഇടതുമുന്നണി രംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുഴുവന്‍ തുടച്ചുമാറ്റപെട്ടപ്പോഴും പേരിനെങ്കിലും പ്രതിപക്ഷത്തിരിക്കാന്‍ കോണ്‍ഗ്രസിന് എം.പി.മാരെ കൊടുത്തത് കേരളമാണ്. ആ തുരുത്ത് നില നിര്‍ത്തേണ്ടത് അവരുടെ അഭിമാന പ്രശ്നമാണ്.ബി.ജെ.പ്പിക്ക് എന്തൊക്കെ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും  ഗോള്‍ അടിക്കാന്‍ പറ്റാത്ത ഏക ഗോള്‍ പോസ്റ്റ്‌ കേരളത്തിന്‍റതാണ്. പണ്ട് ഒ.രാജഗോപാല്‍ സ്വന്തം വ്യക്തിപ്രഭാവത്തില്‍ നേടിയത് മാത്രമാണ് അവരുടെ ഏക സ്ഥാനം.

പാലായിലെ സമാന സാഹചര്യമല്ല എല്‍.ഡി എഫിന് മറ്റു മണ്ഡലങ്ങളില്‍. ഭരണവിരുദ്ധ വികാരം ഉപതിരഞ്ഞെടുപ്പുകളെ ബാധിക്കാറില്ല. എന്നാല്‍ ശബരിമലയും ,സഭാ വഴക്കും പ്രളയദുരിതാശ്വാസ വിതരണത്തിലെ കല്ലുകടികളും കിഫ്ബി അഴിമതിയാരോപണങ്ങളും അവസാനമായി മാണി സി കാപ്പന്‍ സ്ത്യപ്രതിഞ്ഞക്ക് മുന്‍പ് തന്നെ മുന്നണിയെ പ്രതിരോധത്തിലാക്കിയതും ഒക്കെ ഇടതുമുന്നണിക്ക്‌ പ്രതികൂലമാണ്.എന്നാല്‍ ഇവയെല്ലാം പാലാരിവട്ടം പാലം കൊണ്ട് മറികടക്കാം എന്നാണ് എല്‍.ഡി എഫ് പ്രതീക്ഷ. ഒപ്പം പതിവുപോലെ കൊണ്ഗ്രെസ്സ് സീറ്റ് വിഭജനത്തിലെ തമ്മിലടിയും. വട്ടിയൂർക്കാവിൽ കുമ്മനം വെട്ടിമാറ്റപ്പെട്ടതോടെ ബി.ജെ.പിയുടെ പോരാട്ടം കോന്നിയിലും മഞ്ചേശ്വരത്തും അവസാനിച്ചു. തമ്മിലടിയില്‍ കേരളത്തിലെ ബി.ജെ.പി ഇവിടുത്തെ കോണ്‍ഗ്രസിനെ കവച്ചു വയ്ക്കും.

ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ പിണറായി സര്‍ക്കാരിനെ ഒരു വിധത്തിലും ബാധിക്കില്ലയെങ്കിലും ഒന്നര വര്ഷം കഴിഞ്ഞു നടക്കാന്‍ പോകുന്ന നിയമസഭാതിരഞ്ഞെടുപ്പിന്‍റെ ചൂണ്ടു പലകയായിരിക്കുമത്. അവശേഷിക്കുന്ന ഏക സംസ്ഥാനം കൈവിടാതെ സൂക്ഷിക്കേണ്ടത് ഇടതു പക്ഷത്തിന് അനിവാര്യമാണ്. പ്രതിപക്ഷമോ അതിനൊരു  നേതാവോ  കേരളത്തില്‍ ഉണ്ടോ എന്നതാണ് അതിലും വലിയ സംശയം. ശബരിമലയും നൂനപക്ഷ ഏകീകരണവും കൊണ്ടു മാത്രം ലോകസഭാ തിരഞ്ഞെടുപ്പില്‍  ജയിച്ചവര്‍ക്ക് ഒരു ആനൂകൂല്യം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാവില്ല. ചുരുക്കത്തില്‍ നന്നായി പണിയെടുത്താല്‍ മാത്രമേ യു.ഡി എഫിനും വിജയിക്കാന്‍ കഴിയുകയുള്ളൂ.

വാല്ക്കഷണം: പാലായിലെ തിരെഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പതിവുപോലെ തോല്‍വിയുടെ കാരണം അന്വേഷിക്കാന്‍ കോണ്‍ഗ്രസ്‌ കമ്മിറ്റിയെ നിയോഗിച്ചില്ല.പകരം പാലായില്‍  തോറ്റത് ജോസ് മോനാണോ  ജോസഫ്‌ അച്ചായനാണോ എന്നതാണ് അന്വേഷിക്കുന്നത്.