ഉയിർപ്പിന്‍റെ നിറവിൽ വയോംഗിലെ വിഷുക്കണി

വയോംഗ്:വയോംഗ് മലയാളി അസ്സോസിയേഷൻ(WMC Inc.) ഈ വർഷത്തെ ഈസറ്റർ-വിഷു ആഘോഷം ഏപ്രിൽ 21ന് പ്രൌഢഗംഭീരമായി കൊണ്ടാടി. വയോംഗ് യൂത്ത് കമ്മ്യൂണിറ്റി ഹാൾ നിറഞ്ഞു തിങ്ങിയ ജനസാന്നിധ്യത്തിൽ ഭക്തിനിർഭരമായ വിഷുക്കണിയും വർണ്ണാഭമായ കലാപരിപാടികളും ആഘോഷസന്ധ്യയുടെ മാറ്റു കൂട്ടി.

 

അസ്സോസിയേഷൻ പ്രസിഡൻറ്റ് ശ്രീ. വിപിൻ സിറിയക് അധ്യക്ഷത വഹിച്ച ചടങ്ങിന് ഫാ. ബാബു കുര്യൻ, ഫാ. ഫിലിപ്പ് എന്നിവരുടെ അനുഗ്രഹാശിസ്സുകളോടെ തുടക്കമായി. ശ്രീ നാരായണ മിഷൻ ഓസ്ടേലിയ പ്രതിനിധി ഷൈബു പീച്ചിയോട്,ഫാ.ബാബു കുര്യൻ,ഫാ.ഫിലിപ്പ് എന്നിവർ ഈസ്റ്റർ – വിഷു സന്ദേശം സദസ്സിനു പകർന്നു കൊടുത്തു. ശ്രീമതി. വൈഷ്ണവി യാദവ്(ഏക്താ മന്ദിർ സെൻട്രൽ കോസ്റ്റ്), ഡോ. അജയ്, ശ്രീ.അരുൺ അലക്സ്(മാംഗോ ഗോസ്ഫോർഡ്) എന്നിവർ ആശംസകൾ അർപ്പിച്ചു.

 

തുടർന്ന് പാരമ്പര്യ തനിമയാർന്ന വിഷുക്കണി ദർശനം ഭക്തിപൂർവം പുനരവതരിപ്പിക്കപ്പെട്ടു. രാധാ-കൃഷ്ണ സങ്കൽപ്പത്തിനു കുരുന്നുകൾ നൽകിയ ദൃശ്യാവിഷ്കാരവും കുമാരി. റോസ് സന്തോഷിന്റെ നൃത്തശിൽപ്പവും സദസ്സ്യരെ ഏറെ ആകർഷിച്ചു. കാണികൾ ഭക്ത്യാദരങ്ങളോടെയും കൂപ്പുകൈകളോടെയും വിഷുക്കണിയെ വരവേറ്റു. പ്രായഭേദമെന്യേ പ്രതിഭകൾ ആറാടിയ കലാസന്ധ്യ കാണികൾ ഇമ വെട്ടാതെ ആസ്വദിച്ചു. അവതരണ ശൈലിയിൽ വ്യത്യസ്തത പുലർത്തിയ പരിപാടികൾ ആസ്വാദകർ കരഘോഷങ്ങളോടെയാണു വരവേറ്റത്. മാർഗംകളിയും, മോഹിനിയാട്ടവും, നാടോടി നൃത്തവും പഴമയുടെ പ്രൌഢിയെ അനുസ്മരിപ്പിക്കുകയും ബോളിവുഡ്-സമകാലീന നൃത്തരൂപങ്ങൾ ആവേശത്തിന്റെ അലകൾ തീർക്കുകയും ചെയ്തപ്പോൾ നിറഞ്ഞ സദസ്സും സംഗീതത്തോടൊപ്പം ചുവടുകൾ വെച്ചു.

തുടർന്ന് സിഡ്നി ഡിവൈൻ വോയ്സിന്റെ ത്രസിപ്പിക്കന്ന ഗാനമേളയോടൊപ്പം ജനക്കൂട്ടം ആർത്തിരമ്പി നൃത്തം ചെയ്തു. വിഭവ സമൃദ്ധമായ അത്താഴത്തിനു ശേഷംഏകദേശം 11 മണിയോടെ കലാപരിപാടികൾക്കു വിരാമമായപ്പോൾ കാണികൾ മനസ്സില്ലാ മനസ്സോടെയാണു മടങ്ങിയത്. സെൻട്രൽ കോസ്റ്റ് ഇന്നു വരെ ദർശിക്കാത്ത ജനസഞ്ചയമാണു പരിപാടികൾക്കായി നാനാ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തി.

വാര്‍ത്ത:ജൈബി

5 Attachments