പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ: ചരിത്ര ഭൂരിപക്ഷം; ജെയ്ക്കിന് ഹാട്രിക് തോൽവി

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ: ചരിത്ര ഭൂരിപക്ഷം; ജെയ്ക്കിന് ഹാട്രിക് തോൽവി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് ഉജ്ജ്വല വിജയം. 36,667 വോട്ടുകളുടെ ഭൂരിപക്ഷം ആണ് ചാണ്ടി ഉമ്മന് ലഭിച്ചത്. ഉമ്മൻചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയ തെരഞ്ഞെടുപ്പിൽ, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടേത്. പോൾ ചെയ്ത വോട്ടുകളുടെ 61 ശതമാനവും വാരിക്കൂട്ടിയ ചാണ്ടി ഉമ്മൻ എതിർ സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കി. ചാണ്ടി ഉമ്മൻ 78649 വോട്ടും ജെയ്ക്ക് സി. തോമസ് 41982 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6484 വോട്ടും നേടി. ഉമ്മൻ ചാണ്ടിയോട് രണ്ടു തവണ പരാജയപ്പെട്ട ജെയ്ക്ക്, ചാണ്ടി ഉമ്മനു മുന്നിലും പരാജയപ്പെട്ടു.

ചരിത്രവിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ നേരെ പോയത് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ ചാണ്ടിയെ കാണാനാണ്. വിജയം പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് പറയാതെ പറഞ്ഞ് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മൗനമായി പ്രാര്‍ത്ഥിച്ചു. പുതുപ്പള്ളിയുടെ പുതിയ ജനനായകനെ കാണാനും അഭിനന്ദിക്കാനും ഉമ്മന്‍ ചാണ്ടിയെ തൊട്ട് ജനങ്ങള്‍ തിക്കിതിരക്കുന്ന അപൂര്‍വ കാഴ്ചയ്ക്കും പുതുപ്പള്ളി സാക്ഷിയായി.

PUTHUPPALLY BYELECTION 2023: RESULTS >>