യുദ്ധം 560 ദിവസം പിന്നിട്ടു: യുക്രൈൻ നഗരത്തിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം; നിരവധി മരണം.

യുക്രൈനിലെ ഡോൺബാസിൽ റഷ്യൻ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. തിരക്കേറിയ മാർക്കറ്റിലാണ് മിസൈൽ പതിച്ചത്. നിരവധിപ്പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. റഷ്യയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്കി ആവശ്യപ്പെട്ടു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.ആക്രമണത്തെക്കുറിച്ച് യുക്രെയ്‌നിന്റെ പ്രോസിക്യൂട്ടർ ജനറൽ അന്വേഷണം ആരംഭിച്ചു.

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയിട്ട് 560 ദിവസം പിന്നിടുമ്പോൾ റോയിട്ടേഴ്സിന്റെ കണക്കുപ്രകാരം 62,295 പേരാണ് ഇതുവരെ മരണപ്പെട്ടത്. 61,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 15,000 ആളുകളെ കാണാതാവുകയും ചെയ്തു. ഏകദേശം 1.7 കോടി ആളുകളാണ് അഭയാര്‍ഥികളാവുകയോ പലായനം ചെയ്യുകയോ ചെയ്തത്.

എളുപ്പത്തില്‍ കീഴടക്കാമെന്ന് കരുതിയ റഷ്യയ്ക്ക് അപ്രതീക്ഷിത ചെറുത്തുനില്‍പ്പാണ് യുക്രൈനിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ആയുധ വാഗ്ധാനം നല്‍കി നാറ്റോയും ഒപ്പം നിന്നതോടെ പാടുപെടുകയാണ് റഷ്യ.

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ഓസ്ട്രേലിയ വികസിപ്പിച്ചെടുത്ത കാര്‍ഡ് ബോര്‍ഡ് ഡ്രോണുകളും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് മുതലാണ് സെലന്‍സ്‌കിയുമായുണ്ടാക്കിയ കരാര്‍ പ്രകാരം കാര്‍ഡ്‌ബോര്‍ഡ് ഡ്രോണുകള്‍ ഓസ്ട്രേലിയ യുക്രൈനിന് നല്‍കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 27-ന് ഇത്തരം ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ റഷ്യയുടെ ഒരു മിഗ്-29, നാല് സ്യു-30 ഫൈറ്റര്‍ ജെറ്റ്‌സ്, രണ്ട് പന്‍ഡ്സ്റ്റിര്‍ മിസൈന്‍ സംവിധാനം, എന്നിവയ്‌ക്കെല്ലാം കേട് പാട് വരുത്തിയിട്ടുണ്ടെന്നാണ് യുക്രൈന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.

ഒരു വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടാവുന്ന ഉപരോധങ്ങള്‍ റഷ്യന്‍ ഖജനാവിനെ അതിവേഗമാണ് കാലിയാക്കുന്നത്. പുടിനെ മുട്ടുകുത്തിക്കുക എന്നതാണ് പാശ്ചാത്യസഖ്യത്തിന്റെ ലക്ഷ്യം. യുദ്ധം എന്നുതീരും എന്ന ചോദ്യത്തിന് പോലും ആര്‍ക്കും ഉത്തരമില്ല. വര്‍ഷങ്ങള്‍ നീളുമെന്നാണ് നാറ്റോ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നത്. സമാധാനത്തിന്റെ സാധ്യതകള്‍ മങ്ങുന്നുവെന്നാണ് യു.എന്‍. അടക്കമുള്ളവർ വിലയിരുത്തുന്നത്. സ്വന്തം ഭൂപ്രദേശങ്ങള്‍ റഷ്യയ്ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള വെടിനിര്‍ത്തലിന് സെലെന്‍സ്‌കി തയ്യാറല്ല. പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചുകൊടുത്തുള്ള സമാധാനത്തിന് പുടിനും തയ്യാറാവില്ല. ചരിത്രപരമായി അവകാശപ്പെട്ട ഭൂമിക്കായാണ് യുദ്ധം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതിനിടെ ആണവായുധ ഭീഷണിയടക്കം പുടിന്‍ ഉയര്‍ത്തുന്നുണ്ട്.

Puthupally Election Results Sept 08 2023 >>