ഇമ്രാൻ ഖാന്റെ അറസ്റ്റ്: പാക്കിസ്ഥാനിൽ കലാപം.

ഇമ്രാൻ ഖാന്റെ അറസ്റ്റ്: പാക്കിസ്ഥാനിൽ കലാപം.

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിലായതിനെ തുടർന്ന് പാക്കിസ്ഥാനിൽ കലാപം. പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടിയുടെ (പിടിഐ) പ്രതിഷേധമാണ് അക്രമാസക്തമായത്. പ്രതിഷേധക്കാർ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി. ലഹോറിലെ സൈനിക കമാൻഡർമാരുടെ വീടിന്റെ കോംപൗണ്ടിലേക്കും ഇവർ കടന്നുകയറിയെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ലാഹോർ, കറാച്ചി, ക്വെറ്റ ഉൾപ്പടെയുള്ള പല സ്ഥലങ്ങളിലും പിടിഐ പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. കറാച്ചിയിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോ​ഗിച്ചു. ​ഗതാ​ഗതം സ്തംഭിപ്പിച്ച് റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയാണ് പ്രവർത്തകർ.

ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പുറത്തുവച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ഭൂമി ഇടപാടിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇമ്രാൻഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പെഷവാറിലെ റേഡിയോ പാക്കിസ്ഥാൻ കെട്ടിടത്തിനും തീയിട്ടു. കറാച്ചിയിൽ സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കി. പാക് എയർഫോഴ്‌സ് മെമ്മോറിയൽ തകർത്തു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അപ്പോൾ തന്നെ പി ടി ഐ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ആദ്യഘട്ടത്തിൽ യൂട്യൂബ്, ട്വിറ്റർ, ഫെയ്സ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ നിരോധിച്ചിരുന്നു. പിന്നാലെ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ രാജ്യത്ത് പൂർണമായി റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള നിർദേശപ്രകാരമാണിതെന്ന് ടെലികോം അധികൃതർ അറിയിച്ചു.

അതേസമയം, പാക്കിസ്ഥാനിലെ സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. അതിർത്തിയിൽ നിരീക്ഷണം കർശനമാക്കിയെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. പാക്കിസ്ഥാനിലെ ആഭ്യന്തരപ്രശ്നങ്ങൾ മറികടക്കാൻ അതിർത്തിയിൽ ആക്രമണം അഴിച്ചുവിടുമോയെന്ന സംശയം ഇന്ത്യൻ സൈന്യത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയുമായി യുദ്ധസാധ്യതയെന്ന് പാക്കിസ്ഥാൻ.