ഇന്ത്യയുമായി യുദ്ധസാധ്യതയെന്ന് പാക്കിസ്ഥാൻ.

ഇന്ത്യയുമായി സമീപഭാവിയിൽ യുദ്ധസാധ്യതയെന്ന് പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രാലയം. പാക്കിസ്ഥാൻ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. പഞ്ചാബ് പ്രവിശ്യയിൽ തെരഞ്ഞെടുപ്പ് നീട്ടണം എന്ന് ആവശ്യപ്പെടുന്ന സത്യവാങ്മൂലത്തിലാണ് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പരാമർശം. ഈ മാസം 10-ന് പ്രഖ്യാപിച്ചിരുന്ന തെരഞ്ഞെടുപ്പ് മാറ്റിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് സുപ്രീം കോടതി ബെഞ്ച് റദ്ദാക്കിയിരുന്നു. മേയ് 14-നു തിരഞ്ഞെടുപ്പ് നടത്തണമെന്നു നിർദേശിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത, വർധിച്ചുവരുന്ന ഭീകരവാദം എന്നിവയോടൊപ്പം ഇന്ത്യയുമായുള്ള യുദ്ധഭീഷണിയും തെരഞ്ഞെടുപ്പിന് തടസമെന്നാണ് ആഭ്യന്തര മന്ത്രാലയം സുപ്രിംകോടതിയിൽ വിശദീകരിക്കുന്നത്. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവാൽ ഭൂട്ടോ സർദാരി ഇന്ത്യയിൽ എത്താൻ ഇരിയ്ക്കുന്നതിനിടെയാണ് പാക്കിസ്ഥാൻ ഇത്തരമൊരു കാര്യം സത്യവാങ്മൂലമായി കോടതിയെ അറിയിച്ചിരിക്കുന്നത്.

അതിനിടെ ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ച സംഭവത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ വനമേഖലയിലൂടെ കടന്നുപോകുന്ന ഹൈവേയിലാണ് ആക്രമണം നടന്നത്. ബിംബർ ​ഗലിയിൽ നിന്ന് പൂഞ്ചിലേക്ക് വരികയായിരുന്നു വാഹനം. ഭീകരരുടെ ​ഗ്രനേഡ് ആക്രമണത്തിൽ ട്രക്കിന് തീപിടിച്ചാണ് ആളപായം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷിന്റെ പിന്തുണയുള്ള ഭീകരസംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തതായി റിപ്പോർട്ടുണ്ടായിരുന്നു.

അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെ ഉണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. സ്ഥിതി​ഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിലയിരുത്തി.

ബലൂചിസ്ഥാൻ: പാക്കിസ്ഥാന് നഷ്ടമാകുമോ?