470 യാത്രാ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ; വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാർ. 

470 യാത്രാ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ; വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാർ. 

ദില്ലി: ടാറ്റ ഏറ്റെടുത്ത് ഒരു വർഷത്തിന് ശേഷം എയർ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിലേക്ക് കടന്നു. 70 ബില്യൺ ഡോളറിന്റെ 470 വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകി. യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർ ബസിൽ നിന്നും 250 വിമാനങ്ങളും അമേരിക്കൻ വിമാന നിർമ്മാതാക്കളായ ബോയിംഗിൽ നിന്നും 220 വിമാനങ്ങളും എയർ ഇന്ത്യ വാങ്ങും. ലോകത്തിലെ എക്കാലത്തെയും വലിയ ഒറ്റത്തവണ വിമാനം വാങ്ങലാണ് ഇത്.

എയർബസിൽ നിന്ന്, എയർ ഇന്ത്യ 40 വൈഡ് ബോഡി എ 350 വിമാനങ്ങളും 210 നാരോ ബോഡി എ 320 നിയോ ഫാമിലി പ്ലെയിനുകളും ഓർഡർ ചെയ്തിട്ടുണ്ട്, ബോയിംഗിൽ നിന്ന്, 10 വൈഡ്-ബോഡി ബി 777 എസ്സ് വിമാനങ്ങൾ, 20 വൈഡ്-ബോഡി ബി 787 വിമാനങ്ങൾ, കൂടാതെ 190 നാരോ ബോഡി ബി 737 മാക്സ് വിമാനങ്ങൾ എന്നിവയ്ക്ക് എയർ ഇന്ത്യ ഓർഡർ നൽകിയിട്ടുണ്ട്. 70 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഇടപാടാണ് എയർ ഇന്ത്യ നടത്തിയിരിക്കുന്നത് അതായത് ഏകദേശം 5.7 ലക്ഷം കോടി രൂപയുടെ ഇടപാട്.

എയർബസ്-എയർ ഇന്ത്യ കരാറുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിൽ പങ്കെടുത്തിരുന്നു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം മാത്രമല്ല, സിവിൽ ഏവിയേഷൻ മേഖലയിലെ ഇന്ത്യയുടെ പ്രതീക്ഷകളും പങ്കുവെച്ചുകൊണ്ട് അദ്ദേഹം അതിനെ “ലാൻഡ്മാർക്ക് ഡീൽ” എന്ന് വിളിച്ചു. ‘ഇന്ത്യയുടെയും ഫ്രാൻസിന്റെയും തന്ത്രപരമായ പങ്കാളിത്തത്തിൽ ഈ കരാർ ഒരു പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുന്നു’ എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞത്.

ബോയിംഗ്-എയർ ഇന്ത്യ ഇടപാട് ചരിത്രപരമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. ‘എയർ ഇന്ത്യയും ബോയിംഗും തമ്മിലുള്ള ചരിത്രപരമായ കരാറിലൂടെ 200-ലധികം അമേരിക്കൻ നിർമ്മിത വിമാനങ്ങൾ ഇന്ത്യ വാങ്ങുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഈ കാരാറിന്റ അടിസ്ഥാനത്തിൽ 44 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം പേർക്ക് ജോലി ലഭിക്കും. ഈ പ്രഖ്യാപനം യുഎസ്-ഇന്ത്യ സാമ്പത്തിക പങ്കാളിത്തത്തെ കൂടുതൽ ദൃഢപ്പെടുത്തും’ എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.