ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ നിന്നും ഇന്ത്യയുടെ കോഹിനൂർ രത്‌നം ഒഴിവാക്കും.

ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ നിന്നും ഇന്ത്യയുടെ കോഹിനൂർ രത്‌നം ഒഴിവാക്കും.

ലണ്ടൻ: ബ്രിട്ടിഷ് ഭരണ കാലത്ത് ഇന്ത്യയിൽ നിന്നു ബ്രിട്ടിഷുകാർ കൈവശപ്പെടുത്തിയ കോഹിനൂർ രത്നം ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ അദ്ദേഹത്തിന്റെ പത്നി കാമില അണിയില്ല. 1911-ൽ ജോർജ്ജ് അഞ്ചാമന്റെ കിരീടധാരണ സമയത്ത് പത്‌നി മേരി രാജ്ഞി അണിഞ്ഞ കിരീടം പുതുക്കും. ഈ കിരീടത്തിന്റെ രൂപകൽപനയിൽ മാറ്റം വരുത്തി കോഹിനൂറിന് പകരം കള്ളിനൻ വജ്രക്കല്ലുകൾ പതിപ്പിച്ച് പുതുക്കിയ കീരിടമാകും കാമില ധരിക്കുന്നതെന്ന് ബെക്കിംഗ്ഹാം കൊട്ടാര വൃത്തങ്ങൾ അറിയിച്ചു. മേയ് 6-നു വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ കാമില കോഹിനൂർ അണിയുമോയെന്ന ആകാംക്ഷയ്ക്കാണ് ഇതോടെ വിരാമമായത്. രത്നം ഇന്ത്യയ്ക്കു തിരികെനൽകണമെന്ന ആവശ്യം ശക്തമായിരിക്കെ കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാനും നയതന്ത്ര സൗഹൃദം ഉറപ്പാക്കാനുമാണ് ഈ തീരുമാനം.

1849-ൽ ഈസ്റ്റ് ഇന്ത്യ കമ്പനി കൈവശപ്പെടുത്തി വിക്ടോറിയ രാജ്ഞിക്കു സമ്മാനിച്ചതാണ് 105 കാരറ്റിന്റെ കോഹിനൂർ രത്നം. കഴിഞ്ഞ സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ സംസ്കാരവേളയിൽ മൃതദേഹപേടകത്തിനു മുകളിൽ‌ കോഹിനൂർ പ്രദർശിപ്പിച്ചിരുന്നു. രാജപത്‌നിയെന്ന നിലയിൽ എലിസബത്ത് രാജ്ഞിയുടെ അമ്മ 1937ൽ അണിഞ്ഞ കിരീടത്തിലാണ് ഇപ്പോൾ കോഹിനൂർ ഉള്ളത്.