സ്വന്തം മണ്ണിൽ സെമിയിലെത്താനാകാതെ ഓസീസ് പുറത്ത്.

സ്വന്തം മണ്ണിൽ സെമിയിലെത്താനാകാതെ ഓസീസ് പുറത്ത്.

സിഡ്‌നി: ശ്രീലങ്കയെ കീഴടക്കി ഇംഗ്ലണ്ട് ടി 20 ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. ലങ്കയെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം നേടിയത്. ഇതോടെ ആതിഥേയരും നിലവിലെ ജേതാക്കളുമായ ഓസ്ട്രേലിയ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി. സെമിയിലെത്താൻ കളിയിൽ ജയിക്കേണ്ടത് ഇംഗ്ലണ്ടിന് അനിവാര്യമായിരുന്നു. ഗ്രൂപ്പിൽ ന്യൂസിലന്റ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾ 7 വീതം പോയിന്റുകളാണ് നേടിയത്. എന്നാൽ നെറ്റ് റൺറേറ്റിൽ ന്യൂസിലന്റ് ഒന്നും ഇംഗ്ലണ്ട് രണ്ടും സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുകയായിരുന്നു. നെറ്റ് റൺറേറ്റിൽ വളരെ പിന്നിലായതാണ് ഓസീസിന് വിനയായത്. കഴിഞ്ഞ ലോകകപ്പിൽ കപ്പുയർത്തിയവരാണ് ഓസ്ട്രേലിയ.

ഇം​ഗ്ലണ്ടിനെതിരെയുള്ള നിർണായക മത്സരം മഴകാരണം ഒരുപന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചതാണ് ഓസീസിന്റെ പുറത്താകലിന് പ്രധാന കാരണം. ഇന്ത്യ-പാക് മത്സരത്തിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാണാനിരുന്ന ​ഗ്ലാമറസ് മത്സരമായിരുന്നു ഇത്. ഈ മത്സരത്തിലെ വിജയി സെമിഫൈനലിലെത്താനുള്ള സാധ്യതയും ഏറെയായിരുന്നു. എന്നാൽ മത്സരം ഉപേക്ഷിച്ചതോടെ റൺറേറ്റ് നിർണായകമായി. ഒടുവിൽ ശ്രീലങ്ക-ഇം​ഗ്ലണ്ട് മത്സര ഫലം ആശ്രയിച്ചായിരുന്നു കം​ഗാരുക്കളുടെ നിലനിൽപ്പ്. ഇം​ഗ്ലണ്ട് ജയിച്ചതോടെ ഓസീസ് പുറത്തുപോയി.