പോപ്പുലർ ഫ്രണ്ടിനെ ഇന്ത്യയിൽ നിരോധിച്ചു; സംഘടനയിൽ പ്രവർത്തിക്കുന്നത് കുറ്റം.

പോപ്പുലർ ഫ്രണ്ടിനെ ഇന്ത്യയിൽ നിരോധിച്ചു; സംഘടനയിൽ പ്രവർത്തിക്കുന്നത് കുറ്റം.

ന്യൂ ഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. സംഘടന രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും.

പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷനൽ കോൺഫഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, കേരളത്തിലെ എംപവർ ഇന്ത്യ ഫൗണ്ടേഷൻ ആൻഡ് റിഹാബ് ഓർഗനൈസേഷൻ എന്നിവയ്ക്കാണു നിരോധനം.

പോപ്പുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചതോടെ ഇവയുടെ ഓഫീസുകൾ ഉടൻ സര്‍ക്കാര്‍ അടച്ചുപൂട്ടിയേക്കും. കേന്ദ്രസര്‍ക്കാരിൻ്റെ നിര്‍ദേശം വരുന്ന മുറയ്ക്ക് സംസ്ഥാന സര്‍ക്കാരുകളാവും ഇതിനായുള്ള നടപടികൾ സ്വീകരിക്കുക. നിരോധനം നിലവിൽ വരുന്നതോടെ പി.എഫ്.ഐയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും ഉടൻ മരവിപ്പിക്കും. കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തുടര്‍ നടപടികൾക്കായി സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഉടനിറങ്ങും. എല്ലാ ജില്ലാ പൊലിസ് മേധാവിമാർക്കും ഇതിനോടകം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനമെന്നുള്ളതാണ് ശ്രദ്ധേയം. വിവിധ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ‍്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. രണ്ടാം ഘട്ട പരിശോധനയില്‍ ആകെ 247 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറസ്റ്റിലായിരുന്നത്. റെയ്ഡിനും അറസ്റ്റിനും എതിരെ കേരളത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്.

പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാ​ഗതം ചെയ്ത് മുസ്ലിംലീ​ഗ് എം എൽ എ എം.കെ.മുനീർ . മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന സംഘടന ആണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. ഇത്തരം സംഘടനകളെ എതിർക്കേണ്ടത് സമുദായത്തിൽ നിന്നു തന്നെ ആണ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആശയങ്ങളിലും രീതികളിലും തെറ്റിദ്ധരിക്കപ്പെട്ട യുവാക്കൾ കാര്യങ്ങൾ മനസിലാക്കണം . തിരുത്തൽ വരുത്തണമെന്നും എം കെ മുനീർ പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് നിരോധത്തെ സ്വാ​ഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല. വർഗീയ ശക്തികളെ നിർത്തേണ്ട ഇടത്ത് നിർത്തണം.ആർ എസ് എസും പോപ്പുലർഫ്രണ്ടും ഒരു പോലെ വർഗീയത പടർത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

കേരള സർക്കാരോ സർക്കാരിനെ നയിക്കുന്ന സിപിഎം കേന്ദ്രങ്ങളോ ഉന്നത ഉദ്യോഗസ്ഥരോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര വിജ്‌ഞാപനം കാക്കുകയാണ് കേരളം. വിജ്ഞാപനം കിട്ടിയ ശേഷം തുടർ നടപടികൾ സംസ്ഥാനം സ്വീകരിക്കും. അതേസമയം നിരോധനത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

വിഷയത്തോട് കരുതലോടെയാണ് സിപിഎം കേന്ദ്രങ്ങളുടേയും പ്രതികരണം. പിഎഫ്ഐ നിരോധനത്തിൽ, പാർട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. നിരോധനം കൊണ്ട് കാര്യമില്ലെന്ന മുൻ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്ന് ഗോവിന്ദൻ പറഞ്ഞു.