ഇറാനിൽ മഹ്സയ്ക്ക് പിന്നാലെ നജാഫിയും; കൊല്ലപ്പെട്ടത് വെടിയേറ്റ്.

ഇറാനിൽ മഹ്സയ്ക്ക് പിന്നാലെ നജാഫിയും; കൊല്ലപ്പെട്ടത് വെടിയേറ്റ്.

ടെഹ്റാൻ : ഇറാനിൽ മഹ്സ അമീനിയുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായ പെൺകുട്ടി കൊല്ലപ്പെട്ടു. ആറ് വെടിയുണ്ടകൾ ഏറ്റാണ് ഹാദിസ് നജാഫി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ആളിപ്പടരുന്ന പ്രക്ഷോഭത്തിനിടെ തല മറയ്ക്കാതെ, തലമുടി കെട്ടിയൊതുക്കി പ്രക്ഷോഭകർക്കിടയിലേക്ക് ഇറങ്ങി വരുന്ന നജാഫിയുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 75 ലധികമായെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. മഹ്സയ്ക്ക് പിന്നാലെ നജാഫിയുടെ കൊലപാതകത്തിലും പ്രതിഷേധം ഉയരുകയാണ്.

ഇറാൻ തെരുവിൽ സെപ്തംബർ 17-ന് ആരംഭിച്ച പ്രക്ഷോഭം 11 ദിവസം പിന്നിട്ടിരിക്കുകയാണ്. സെപ്തംബർ 16-നാണ് മഹ്സ അമീനി കൊല്ലപ്പെട്ടത്. നൂറ് കണക്കിന് മാധ്യമപ്രവർത്തകരേയും സാമൂഹ്യപ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രക്ഷോഭകർ പൊതു മതുലുകളും സ്വകാര്യ മുതലുകളും തീയിട്ടുവെന്നാണ് ഇറാനിയൻ സർക്കാർ പറയുന്നത്. പ്രക്ഷോഭകർക്ക് നേരെ വെടിയുതിർക്കുന്നതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഇറാന് പുറത്തും പ്രതിഷേധങ്ങൾ തുടരുകയാണ്. ലണ്ടനിലും നൂറ് കണക്കിന് പേർ പ്രതിഷേധിച്ചിരുന്നു.മഹ്സയുടെ മരണത്തിൽ ബ്രിട്ടീഷ് സർക്കാർ അപലപിച്ചിരുന്നു.

ശരിയായ രീതിയിൽ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‍സ അമീനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിൽ വെച്ച് ഗുരുതരാവസ്ഥയിലായ പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മസ്‍തിഷ്ക മരണം സംഭവിച്ച് കോമ അവസ്ഥയിലാവുകയും പിന്നാലെ മരിക്കുകയുമായിരുന്നു.