മന്ത്രിമാർ സഞ്ചരിക്കുന്നത് റിയാലിറ്റി ഷോ നടത്താനല്ല

മന്ത്രിമാർ സഞ്ചരിക്കുന്നത് റിയാലിറ്റി ഷോ നടത്താനല്ല

പ്രകാശത്തെ വൈദ്യുതിയാക്കുന്ന ആധുനിക കാലത്തു് ഈ വർണ്ണപ്രപഞ്ചത്തെപ്പറ്റി, വികസിത രാജ്യങ്ങളെപ്പറ്റി പഠിക്കേണ്ടത് അനിവാര്യമാണ്. അത് അനുഭവ പാഠങ്ങളാണ്. ആ ജ്ഞാനം മനുഷ്യർ നേടുന്നത് പുസ്തകങ്ങൾ, യാത്രകൾ നടത്തിയാണ്. ലോകത്തു് ഏറ്റവും കൂടുതൽ യാത്രകൾ നടത്തുന്നവരാണ് വികസിത രാജ്യങ്ങളിലുള്ളവർ. ഈ രാജ്യങ്ങളുടെ വളർച്ചയിൽ അതിന് വലിയൊരു പങ്കുണ്ട്. കേരളത്തിൽ കണ്ടുവരുന്നത് ഏത് വികസനം വന്നാലും ആദ്യം കടന്നുവരുന്നത് എതിർപ്പാണ്. അത് വികസനത്തിന്റെ കടയ്ക്കൽ കത്തി വെക്കുന്നതിന് തുല്യമാണ്. പുരോഗമനാശയങ്ങൾ, വിമർശനങ്ങൾ അംഗീകരിക്കയാണ് വേണ്ടത്. സോഷ്യൽ മീഡിയയിൽ കാണുന്നതുപോലെ അതിനെയൊന്നും വക്രീകരിച്ചു് പരിഹസിക്കരുത്. മന്ത്രിമാരിൽ ഏല്പിച്ചിരിക്കുന്ന സാമൂഹ്യധർമ്മം സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ളതാകണം. ആ മികവ് തെളിയിക്കേണ്ടത് ആത്മവിശ്വാസം വർധിപ്പിക്കേണ്ടത് പഠനഗവേഷണങ്ങൾക്ക് പോയവരാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് പഠിക്കുന്നത് കേരളത്തിൽ നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണാവശ്യം. വിദ്യാഭ്യാസവും, വികസനവും മാത്രമല്ല യൂറോപ്പിൽ നിന്ന് പഠിക്കാനുള്ളത്. ജനാധിപത്യബോധം എന്തെന്നും ജനങ്ങളുടെ വോട്ടുവാങ്ങിയിട്ട് ഇരുപത്തഞ്ചു് അൻപത് കോടികൾ വാങ്ങി ജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ തിമിരം ബാധിച്ച അധികാര ദുർമോഹികളെ, കുതിരക്കച്ചവടക്കാരെ വികസിത രാജ്യങ്ങളിൽ കാണാൻ സാധിക്കില്ല. അങ്ങനെ സംഭവിച്ചാൽ രാജ്യസ്‌നേഹികൾ ഭരണഘടനയെ വലിച്ചു കീറുന്നവരെ കുപ്പക്കൊട്ടയിൽ വലിച്ചെറിയും. ഇവർ അജ്ഞരോ ബുദ്ധിശൂന്യരോ ജാതിമത മന്ദബുദ്ധികളോ അല്ല. കേരളത്തിലെ വികസന മുരടിപ്പ് പോലെ ലോക ജനതയുടെ മുന്നിൽ ഇന്ത്യൻ ജനാധിപത്യം മുരടിക്കുക മാത്രമല്ല ദുർഗന്ധവും വമിക്കുന്നു. കേരള വികസനത്തിന്റെ കൊമ്പൊടിക്കുന്നത് ആരൊക്കെയാണ്?

നാട് സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ എന്തിനാണ് ഈ വിദേശ പര്യടന ധൂർത്തു്, കഴിഞ്ഞ നാളുകളിലെ വിദേശ പര്യടനങ്ങൾ വഴി എന്തൊക്കെ നേട്ടങ്ങളുണ്ടായി തുടങ്ങി പലതും പ്രതിപക്ഷത്തുള്ളവർ ചോദിക്കുന്നു. അതിന് കൃത്യമായ ഉത്തരം ധനകാര്യ മന്ത്രി നല്കുന്നു. “കേരളം ദരിദ്രമല്ല. വിദേശ യാത്രകൾ ലോകമാതൃകകൾ കണ്ടുപഠിക്കാൻ ആവശ്യമാണ്”. ടൂറിസം മന്ത്രി പോകുന്നത് പാരിസിൽ നടക്കുന്ന ഫ്രഞ്ച് ട്രാവൽ മാർട്ടിൽ പങ്കെടുക്കാനാണ്. ഏത് രാജ്യത്തേക്ക് ആര് പോയാലും ഒരു പഠനം നല്ലത്. അതിന് യാത്രവിവരണങ്ങൾ വായിക്കണം. എന്റെ ഫ്രാൻസ് യാത്രാവിവരണം “കണ്ണിന് കുളിരായി”, ഫിൻലൻഡ് യാത്രാ വിവരണം “കുഞ്ഞിളം ദീപുകൾ” വായിച്ചാൽ നല്ലത്. ഈ പുസ്തകങ്ങൾ പ്രഭാത് ബുക്‌സിലും ആമസോണിലും ലഭ്യമാണ്. മന്ത്രിമാർ പഠനങ്ങൾ നടത്തുന്ന കൂട്ടത്തിൽ ഇപ്പോഴുള്ള ഫിൻലൻഡ് പ്രധാനമന്ത്രിക്ക് ഒരു പിഴ ലഭിച്ചതു കൂടി പഠിക്കണം. അവർ ചെയ്ത കുറ്റം സ്വന്തം കീശയിൽ നിന്ന് പണം കൊടുക്കാതെ സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്തു് ഭക്ഷണം കഴിച്ചതാണ് കുറ്റം. ഭക്ഷണം കഴിച്ച തുക മടക്കി വാങ്ങുക മാത്രമല്ല താക്കിതും ചെയ്തു. ഇതിലൂടെ നമ്മുടെ രാജ്യത്തു് നടത്തുന്ന പലവിധ ധൂർത്തു് ആർക്കും മനസ്സിലാകും. വിദ്യാഭ്യാസ മാതൃക പഠനവിഷയങ്ങളിൽ ഇതുകൂടി ചേർത്താൽ സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്തു് ഭക്ഷണം കഴിക്കേണ്ടി വരില്ല. ജനങ്ങൾക്ക് അതൊരാശ്വാസമാണ്. അതിലെ ധൂർത്തു് ഒഴുവാക്കാം.

ഫിൻലൻഡ് ശാന്തി- സമാധാന- നീതിപാലനങ്ങളിൽ ലോകത്തു് ഒന്നാം സ്ഥാനത്തു് നിൽക്കുന്ന രാജ്യമാണ്. അതിന്റെ പ്രധാന കാരണം ജാതി മത ഭ്രാന്ത്, അഴിമതി, അനീതിക്ക് കൂട്ടുനിൽക്കുക, വർഗ്ഗിയതയില്ല. കൃഷിക്കാരെ കൊണ്ടുപോകുന്നില്ലെങ്കിൽ ഓരോ മതത്തിലെ വർഗ്ഗീയവാദികളെ കൂടി കൊണ്ടുപോയാൽ ഫിൻലൻഡിലെ കരിങ്കൽ ദേവാലയവും മണ്ണിനടിയിലെ ദേവാലയവും കണ്ടുപഠിക്കാൻ സാധിക്കും. പ്രമുഖ ദേവാലയങ്ങളിൽ പ്രാർത്ഥനകളല്ല ടൂറിസം വികസനമാണ് നടക്കുന്നത്. മറ്റൊന്ന് കൂടി പഠിക്കാനുള്ളത് ലോകത്തെ സംഗീത വിസ്മയമായ ജീൻ സിബിലിയസ് പാർക്ക്, സാഹിത്യ രംഗത്തെ പ്രമുഖരായ മൈക്കിൾ ലിബെക്ക്, കാറൽ ആഗസ്റ്റ്, സക്കറിയാസ് പോപേലിയൂസ് തുടങ്ങി ധാരാളം കലാസാഹിത്യകാരന്മാരുടെ പേരിലാണ് പല പാർക്കുകളും അറിയപ്പെടുന്നത്. അങ്ങനെ മനുഷ്യ മനസ്സിനെ തരളിതമാക്കുന്ന ഉൾകാഴ്ച കളുള്ള ഒരു സോഷ്യലിസ്റ്റ് ജനതയാണ് ഫിൻലൻഡുകാർ. വികസിത രാജ്യങ്ങളിൽ കാണാറുള്ളത് ജനത്തിനൊപ്പം നിഴലും വെളിച്ചവുമായി ജീവിക്കുന്ന കലാസാഹിത്യ രംഗത്തു ള്ളവരെയാണ് ആരാധന പാത്രങ്ങളായി കാണുന്നത് അല്ലാതെ ഭരണകൂടങ്ങളുടെ നിഴലായി നടന്ന് പുരസ്‌ക്കാര പദവികൾ നേടിയെടുക്കുന്ന അഭിനവ അഭിനയ പ്രതിഭകളെയല്ല. ഇങ്ങനെ ഉന്നതമായ ധാർമ്മികാശയങ്ങളെ, മനുഷ്യരാശിയുടെ അസ്തിത്വത്തെ സാമൂഹ്യജ്ഞാനത്തെ കോർത്തിണക്കാൻ സോഷ്യലിസ്റ്റ് ചിന്തകരായ ഭരണകൂടങ്ങൾ മുന്നേറുകയല്ലേ വേണ്ടത്?

ആധുനിക മനുഷ്യർ പരമ്പരാഗതമായ വിശ്വാസങ്ങളിലോ കാഴ്ചപ്പാടുകളിലോ ജീവിക്കുന്ന വരല്ല. വലത്തു പക്ഷ സർക്കാർ ഭരിക്കുന്ന കാലത്തു് സർക്കാർ ഖജനാവ് ധൂർത്തടിച്ചുള്ള മന്ത്രി പരിവാരങ്ങളുടെ വിദേശ യാത്രകൾ കണ്ടതുകൊണ്ടാണ് ഇന്നത്തെ മന്ത്രിമാരുടെ യാത്രകളെ പലരും വിമർശിക്കുന്നത്. അവർക്ക് പരവതാനി വിരിക്കാൻ പൂച്ചെണ്ടുകളുമായി വിമാനത്താവളങ്ങളിൽ കാത്തുകെട്ടികിടക്കുന്നവരെ വിസ്മ യത്തോടെ കണ്ടിട്ടുണ്ട്. അതിൽ മലയാളി സംഘടനകൾ മാത്രമല്ല ജാതി മത സംഘടനകൾ, നാട്ടിലെ വോട്ടു പെട്ടി നിറക്കാൻ സർക്കാർ തട്ടിക്കൂട്ടിയെടുത്ത കുറെ സംഘടനാ ഭാരവാഹികളുമുണ്ട്. കേരളത്തിലെ നേതാക്കൾക്ക് ഓശാന പാടുന്നതുപോലെ വിദേശങ്ങളിൽ മന്ത്രിമാരെ സ്വീകരിക്കാൻ ഒരു സംഘാടക സമിതിയുണ്ടാക്കും. ആ സമയം ജാതിമത സങ്കുചിത ചിന്തകളെല്ലാം മാറ്റിവെക്കും. അവർ ഒരുക്കുന്ന ചെണ്ടമേളയിലും തിളങ്ങുന്ന വേദിയിലും നിലാവ് കണ്ട കുറുക്കനെ പോലെ ഇവർ ഓടിനടക്കുന്നതും നാട്ടിൽ നിന്നെത്തിയവരെ വാനോളം പുകഴ്ത്തുന്നതും നല്ലൊരു റിയാലിറ്റി ഷോ തന്നെയാണ്. അതിന് നാട്ടിൽ നിന്ന് വരുന്ന മന്ത്രിമാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇവരുടെ ഗൂഢലക്ഷ്യം ഇരിക്കുന്ന കസേര ആരും അടിച്ചുമാറ്റരുത്. ഉപകാരസ്മരണ നിലനിർത്താൻ സമ്മാന പൊതികളും കൊടുത്തുവിടും. ഇങ്ങനെ പുതിയ ചാലുകൾ സൃഷ്ടിക്കുന്നവരുടെ നിലപാടുകളെയാണ് സംശയ ദൃഷ്ടിയോടെ ബഹുഭൂരിപക്ഷം പ്രവാസികളും
കാണുന്നത്.

സാഹിത്യ രംഗത്തും നോവലും കഥയും കാശ് കൊടുത്തു് എഴുതിക്കുന്നവരും വിലപിടിപ്പുള്ളത് വീടുകളിൽ എത്തിക്കാറുണ്ട്. ഇതിലൂടെ പഠിക്കുന്ന പാഠങ്ങൾ പണവും സ്വാധിനവും സമ്മാനപൊതികളും അയോഗ്യരായ പലരെയും ഗുണവും മണവുമുള്ളവരാക്കുന്നു. ചുരുക്കത്തിൽ പട്ടും വളയും പണിക്കർക്ക്, വെട്ടും കുത്തും പരിചയ്ക്ക്. എന്ന് പറഞ്ഞാൽ ദുഃഖ ദുരിത മനുഭവിക്കുന്ന പാവം പ്രവാസികൾക്ക്. അവരുടെ പ്രശ്‌നങ്ങൾ ഇന്നുവരെ ആരും പഠിച്ചിട്ടില്ല. പരിഹാരങ്ങൾ കണ്ടിട്ടില്ല. കുറെ പ്രസ്താവനകൾ മാത്രം. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം അയച്ചു കൊണ്ടിരിക്കുക, ജയിലിലെങ്കിൽ അവിടെത്തന്നെ കിടക്കുക, എംബസികളുടെ അമിതമായ ഫീസ്, തീവ്ര സമീപനങ്ങൾ, വിമാനയാത്ര നിരക്കുകളിലെ ആകാശകൊള്ള അതിന്റെ പങ്കുപറ്റുന്ന മണ്ണിലെ മാന്യന്മാർ. ഗൾഫിൽ ദുരിതമനുഭവിക്കുന്ന വീട്ടുജോലിക്കാരായ സ്ത്രീകൾ, പണം തട്ടിയെടുക്കുന്ന ഏജൻസികൾ, ജോലിയില്ലാതെ ഭാരപ്പെടുന്നവർ, രോഗികൾ ഇങ്ങനെ പല നീറുന്ന പ്രശ്‌നങ്ങളാണ് വിദേശത്തുള്ള പ്രവാസികൾ അനുഭവിക്കുന്നത്. കേരളത്തിൽ നിന്ന് വരുന്ന നേതാക്കന്മാർക്ക് പലതും പറുദീസയായി തോന്നും. ആ പറുദീസയിൽ നിന്നുള്ള ഫോട്ടോകൾ, വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയും. അതിൽ സംതൃപ്തിയടയുന്ന പേരുണ്ടാക്കാൻ നടക്കുന്ന സങ്കുചിത മനസ്‌ക്കരെ രാഷ്ട്രീയബോധമുള്ളവർ തിരിച്ചറിയേണ്ടതല്ലേ?.

നമ്മൾ പാർക്കുന്ന സൗരയൂഥം മറ്റുള്ള സൗരയൂഥങ്ങളിൽ ഒന്ന് മാത്രമാണ്. അതിനെപ്പറ്റി പഠിക്കാൻ ശാസ്ത്രജ്ഞന്മാർക്ക് മാത്രമേ സാധിക്കു. അങ്ങനെ പഠനങ്ങളും ഗവേഷണങ്ങളും നടത്തിയ പലരുണ്ടെങ്കിലും നമ്മുടെ അയൽക്കാരായ ലോക പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ രാമാനുജൻ, നോബൽ സമ്മാനം നേടിയ ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സി.വി.രാമൻ. മനുഷ്യ മനോബുദ്ധീന്ദ്രിയങ്ങളെ സാമൂഹിക സാംസ്‌കാരിക മാനങ്ങളിലേക്ക് വളർത്തുന്ന ബുദ്ധിജീവികളായ ത്വത്വജ്ഞാനികൾ, കേരളത്തിൽ ആത്മീയാചാര്യന്മാരായ ജഗദ്ഗുരു ശ്രീശങ്കരാചാര്യർ, ഗുരുദേവൻ, ചാവറയച്ചൻ, സാഹിത്യരംഗത്തുള്ളവരും അനവധിയാണ്. നോബൽ സമ്മാന ജേതാവായ കവിത, കഥ, നാടക നോവലുകൾ സമ്മാനിച്ച രവീന്ദ്രനാഥടാ ഗോർ. സത്യത്തിനൊപ്പം സഞ്ചരിച്ച സത്യം മാത്രമേ അദ്ദേഹം എഴുതിയിട്ടുള്ളു. അദ്ദേഹമെഴുതിയ “ജനഗണമന” ഇന്നും നമ്മിൽ ജീവിക്കുന്നു. ഇന്ന് സാഹിത്യ രംഗത്ത് സമൂഹത്തിൽ എന്ത് അനീതി നടന്നാലും രണ്ട് കയ്യും നീട്ടി താണുവണങ്ങി പുരസ്‌കാരങ്ങൾ വാങ്ങുമ്പോൾ അമൃത സറിലെ ബ്രിട്ടീഷ് കൂട്ടക്കൊലയിൽ പ്രധിഷേധിച്ചു് 1915-ൽ തനിക്ക് ലഭിച്ച സർ പദവി വലിച്ചെറിഞ്ഞ മഹാൻ. രാഷ്ട്രീയ രംഗത്തേക്ക് വന്നാൽ മഹാത്മാഗാന്ധിയെ അതിജീവിക്കാൻ ഇന്ത്യയിൽ മറ്റാരുമില്ല. ഒരു രാജ്യം അഭിമുഖീകരിക്കുന്ന അസ്വാതന്ത്ര്യം, ജനങ്ങൾ നേരിടുന്ന അപമാനം, കോളനിവത്കരണ ശക്തികൾക്കെതിരെയുള്ള പോരാട്ടങ്ങൾ ഇന്ത്യയുടെ വികസനത്തെ മുൻ നിറുത്തിയുള്ളതായിരിന്നു. ഇവരെ എന്തിന് ചൂണ്ടിക്കാണിച്ചുവെന്നാൽ ഇവരെല്ലാം മനുഷ്യരുടെ നന്മകൾക്ക് വേണ്ടി ജീവിച്ചു. സ്വാർത്ഥതാല്പര്യങ്ങൾ, ആഡംബര ജീവിതം നയിച്ചവരല്ലായിരുന്നു. അതിനാലാണ് നമ്മൾ ഇവരെ ഇന്നും കൃതജ്ഞതയോടെ സ്മരിക്കുന്നത്. ഇങ്ങനെയുള്ളവർ ഇന്നുണ്ടോ? സർക്കാർ ഭാഗത്തു് നിന്ന് ആരൊക്കെ യാത്ര ചെയ്താലും അതൊന്നും പാഴ്ചിലവുകളാ കരുത്. അത് വിലയിരുത്തപ്പെടണം അതിനായി ഒരു ഓഡിറ്റിംഗ് നല്ലതാണ്. ജീവിതം റിയാലിറ്റി ഷോ അല്ല അനുഭവപാഠങ്ങളാണ്.

karoor soman articles

“രാജാവ് മരിച്ചു. രാജാവ് നീണാൾ വാഴട്ടെ”