മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 11

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 11

മലയാള നാടിന്റെ മഹോത്സവം ആണല്ലോ തിരുവോണം. ജാതി, മത ഭേദമെന്യേ സർവ്വരാലും ആഘോഷിക്കപ്പെടുന്ന ഉത്സവം. “അത്തം പത്തിനു പോന്നോണം” എന്നാണു ചൊല്ല്. അതായതു കൊല്ലവർഷത്തിന്റെ ആദ്യ മാസമായ ചിങ്ങമാസത്തിലെ അത്തം നാളിൽ തുടങ്ങി തിരുവോണംനാൾ വരെയുള്ള പത്തു ദിവസങ്ങൾ ഓണാഘോഷ ദിനങ്ങളായി കണക്കാക്കപ്പെടുന്നു. (ക്രിസ്തുവർഷം 825 ന് തിരുവിതാംകൂർ വാണിരുന്ന ഉദയ മാർത്താണ്ഡവർമ്മ മഹാരാജാവ് കൊല്ലത്ത് എഴുന്നള്ളി വിദ്വാന്മാരെ വിളിച്ചുകൂട്ടി അഭിപ്രായം തേടി രൂപപ്പെടുത്തിയെടുത്തതാണ് കൊല്ലവർഷം എന്നു വിശ്വസിക്കപ്പെടുന്നു).

പണ്ടുകാലത്ത് തറവാടുമുറ്റത്ത് ചാണകം മെഴുകി നിർമിക്കുന്ന തറയിൽ അത്തം നാളിൽ പൂക്കളമൊരുക്കിയാണ് തുടക്കം. “കാണം വിറ്റും ഓണം ഉണ്ണണം” എന്നു വിശ്വസിച്ചിരുന്നവർ കൈവശമുള്ള സ്വത്തുക്കൾ വിറ്റും ഓണം ആഘോഷിച്ചിരുന്നതായി പറയപ്പെടുന്നു. തിരുവോണംനാളിന്റെ തലേദിവസമായ “ഉത്രാടംനാൾ ഉച്ച കഴിയുമ്പോൾ അച്ചിമാർക്കൊക്കെ വെപ്രാളം” ആണ്. ഓണത്തിന് എന്തെല്ലാം വിഭവങ്ങൾ ഒരുക്കണം എന്ന ചിന്തയിലുള്ള പരക്കംപാച്ചിൽ. “ഉള്ളതുകൊണ്ട് ഓണംപോലെ” എന്ന കാഴ്ചപ്പാട് ഉള്ളവർ അന്നും ഇന്നും ഉണ്ടല്ലോ.

ഓണനാളിൽ സദ്യ വിളമ്പുമ്പോളെങ്കിലും “പന്തിയിൽ പക്ഷപാതം പാടില്ല” എന്ന ചൊല്ല് ഓർമിക്കണം. മാവേലി നാടു വാണിരുന്ന കാലം എല്ലാവരെയും ഒരുപോലെ ആയിരുന്നല്ലോ കണ്ടിരുന്നത്. നഷ്ടം വന്നാലും എല്ലാം ഭംഗിയായി നടക്കണം എന്ന ചിന്ത “ചേതം വന്നാലും ചിതം വേണം” എന്ന പഴമൊഴി നമുക്കു നൽകുന്നു.

വലിയ ഊഞ്ഞാലുകെട്ടി അതിൽ നാലും അഞ്ചും ആളുകൾ കയറി വളരെ ഉയരത്തിലേക്ക് കുതിച്ചുയരുന്നത് കാണുമ്പോൾ “പന്തം കണ്ട പെരുച്ചാഴി” യെപ്പോലെ നിന്നിട്ടു കാര്യമില്ല. ഊഞ്ഞാലിലാടി അതിന്റെ രസം അനുഭവിക്കണം.

“മുഖത്തു കരി തേയ്‌ക്കുക”, “മുഖം വീർപ്പിക്കുക”, “പമ്പരം ചുറ്റിക്കുക” എന്നിവ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികളാണെന്നു നമുക്കറിയാമല്ലോ.

“മലപോലെ വന്നതു മലർപോലെ പോയി” എന്നു പറയത്തക്കവണ്ണം പ്രവൃത്തിക്കുക. “മുളയിൽ കിള്ളാത്തത് കോടാലിക്കുമാക” എന്നതോർക്കണം. “മുളയാകുമ്പോൾ നഖംകൊണ്ടു നുള്ളാം”. അതുകൊണ്ട് മുളയിൽ നുള്ളേണ്ടത് മുളയിലേ നുള്ളണം. അല്ലാതെ “കൂട്ടിലിട്ട മെരു പോലെ” ഓടിനടന്നിട്ടു ഫലമില്ല.

“തേങ്ങയുണങ്ങിയാൽ പിണ്ണാക്ക്, എള്ളുണങ്ങിയാൽ എണ്ണ” എന്നൊരു പഴമൊഴിയുണ്ട്. തേങ്ങ കൂടുതൽ ഉണക്കരുത് എന്നാണു അർത്ഥമാക്കേണ്ടത്. അപ്പോൾ കൂടുതൽ എണ്ണ കിട്ടും, കൂടുതൽ ഉപ്പേരി ഓണത്തിന് വറുക്കാമല്ലോ.

ഓണത്തിന് കളികൾ ഏതായാലും “പൊട്ടക്കളിക്കു പോരുളില്ല” എന്നതോർക്കണം. “ചെപ്പടി വിദ്യയ്ക്ക് ദക്ഷിണയാദ്യം” കൊടുക്കണം. “മന്ത്രവാദിക്കാദ്യവും വൈദ്യന് ഒടുക്കവും” എന്നല്ലോ നാട്ടുനടപ്പ്.

ഒരേ കാര്യം ആവർത്തിച്ചു പറയുന്നതാണല്ലോ “പല്ലവി പാടുക” എന്നുള്ളത്. അതുപോലെ കൂടുതൽ സംസാരിക്കുന്നതു “പട പറച്ചിലും”. രണ്ടും ഒഴിവാക്കേണ്ടതുതന്നെ.

“പണിക്കർ വീണാൽ അഭ്യാസം”, “കുറുപ്പിനും കുത്തുപിഴയ്ക്കും”. ഒരിടത്തു അഭ്യാസി വീണാലും അതു അഭ്യാസത്തിന്റെ ഭാഗമായി കരുതണം, മറ്റൊരിടത്തു ആശ്ശാന്മാർക്കും തെറ്റു സംഭവിക്കാം എന്ന സൂചനയും.

ഈ ഓണനാളുകളിൽ “പൂവാംകുറുന്നിലയ്ക്കു പടിപ്പുര പൊന്ന്” എന്ന ചൊല്ലിന്റെ അർത്ഥമറിയാവുന്ന മലയാളി മങ്കമാർ പൂവാംകുറുന്നില മുടിയിൽ ചൂടി കുട്ടികളോടോത്ത് മനോഹരമായ അത്തപ്പൂക്കളമിട്ടു “പൊടിപ്പും തൊങ്ങലും വയ്ക്കുക” വഴി കൂടുതൽ സുന്ദരമാക്കുമ്പോൾ “മഞ്ഞിനു മീതെ നിലാവു വീഴുക” എന്നതുപോലെ ഒരു സൗന്ദര്യാനുഭവം ആണല്ലോ കാണികൾക്കുണ്ടാകുക.

തുടരും…….

എ വി ആലയ്ക്കപറമ്പിൽ

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 10