മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 10

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 10

മലയാള ഭാഷ സംസാരിക്കുന്ന ആളുകളിൽ ബഹുഭൂരിപക്ഷവും എക്കാലവും ഉപയോഗിക്കുന്ന ഒരു ചൊല്ലാണ് “താൻ പാതി ദൈവം പാതി” എന്നുള്ളത്. പഠിക്കുന്ന കുട്ടികൾ പരീക്ഷകൾക്കു മുൻപേ പ്രാർത്ഥിക്കും ദൈവത്തിന്റെ പാതി ആദ്യം തരണേ എന്ന്. മുതിർന്നവരും ആശിക്കും ദൈവപാതി ആദ്യം കിട്ടിയിരുന്നെങ്കിൽ അധികം കഷ്ടപ്പെടാതെ ശിഷ്ടകാലം ജീവിക്കാമായിരുന്നു എന്ന്.

“കൈ നനയാതെ മീൻ പിടിക്കുക” സാദ്ധ്യമല്ല എന്നറിയാമെങ്കിലും “വലിയ മീനുകളെ കാണുമ്പോൾ കൊക്കുകൾ കണ്ണടയ്ക്കും” രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. നമുക്ക് കിട്ടിയിട്ടുള്ള കഴിവുകൾ വേണ്ടവിധം ഉപയോഗിച്ചാൽ മാത്രമേ നമ്മുടെ പ്രയത്നങ്ങൾക്ക് മുപ്പതും അറുപതും നൂറും മേനി ഫലം ലഭിക്കുകയുള്ളു. കർമ്മം ചെയ്യുക നമ്മുടെ കടമ, കർമ്മഫലം ഈശ്വരൻ നൽകും.

ആറും തോടും കുളങ്ങളും കണ്ടാൽ പേടിച്ചു നിൽക്കുന്നവർ എങ്ങനെ നീന്തൽ പഠിക്കും. “നീന്തുവാൻ പഠിച്ചിട്ടു വെള്ളത്തിലിറങ്ങുക സാദ്ധ്യമോ?” ആദ്യം വെള്ളത്തിൽ ഇറങ്ങണം. പിന്നെ മുങ്ങണം. കുറച്ചു വെള്ളം ആദ്യമൊക്കെ കുടിക്കേണ്ടി വന്നാലും പിന്മാറരുത്. അങ്ങനെ നല്ലൊരു നീന്തൽക്കാരനാകുക.

“കുനിഞ്ഞു ഒരു കുപ്പയും എടുക്കാതിരിക്കുക” ശീലമാക്കിയിട്ടുള്ളവർ ഓർമിക്കണം “മുങ്ങിത്തപ്പിയാൽ മുത്ത്, കരയ്ക്കടിഞ്ഞാൽ കക്ക”. അതിനാൽ കഠിനപ്രയത്നം ചെയ്യൂ ജീവിതവിജയം നേടൂ.

ജീവിതത്തിൽ കൂടുതൽ സംസാരിക്കുകയും കുറച്ചു സംസാരിക്കുകയും ചെയ്യുന്നവരെ നമ്മൾ കണ്ടിട്ടുണ്ടാകുമല്ലോ. “നിറകുടം തുളുമ്പുകയില്ല” എന്നല്ലേ പറയുന്നത്. “തന്നിഷ്ടം പൊന്നിഷ്ടം ആരാന്റെയിഷ്ടം വിമ്മിട്ടം” ആണല്ലോ പലർക്കും. “തന്നിഷ്ടത്തിനു മരുന്നില്ല” എന്നാണു പറയുന്നത്. അതുകൊണ്ട് ആ ദുശീലം താൻതന്നെ തിരുത്തേണ്ടിവരും.

“പോത്തിന്റെ ചെവിയിൽ കിന്നരം പാടുക” പ്രയോജനമില്ലാത്ത പ്രവൃത്തിതന്നെ. “മാടിനു ചൂടു ബലം”. നിസ്സാരന്മാരുടെ വാക്കുകൾക്കു ആരും വില കല്പിക്കുകയില്ല എന്ന കാര്യം “പട്ടി കുരച്ചാൽ പടി തുറക്കുമോ” എന്ന ചൊല്ലിലൂടെ പഴയ ആളുകൾ നമ്മെ ഓർമിപ്പിക്കുന്നു. “തീക്കട്ടയിൽ ഉറുമ്പരിക്കുക” എന്നതിലൂടെ ബലഹീനർ ശക്തൻമാരോട് ഏറ്റുമുട്ടി നശിക്കരുത് എന്ന ഉപദേശവും നമുക്ക് നൽകുകയാണ്.

“പടിക്കലെ പാറ പൊന്നായാൽ പാതി തേവർക്ക്” എന്നു നേർച്ച നേരുന്നതു ചിലർക്കൊരു ശീലമാണ്. “നോക്കാത്ത തേവരെ തൊഴുക” എന്നതു പ്രയോജമില്ലാത്ത പ്രവൃത്തി തന്നെ. ശരീരത്തിലെ നാഡീവ്യൂഹത്തെപ്പറ്റി നന്നായി അറിയാവുന്നവർ മറ്റുള്ളവരെ അടിക്കുകയില്ല എന്നാണു പറയുന്നത്. അവരുടെ ദൃഷ്ടിയിൽ ശരീരമാകെ മർമ്മസ്ഥാനങ്ങൾ ആണ്. “മർമ്മം അറിഞ്ഞവൻ അടിക്കുകയില്ല” എന്നല്ലോ ചൊല്ല്.

മുറ്റത്തു നിൽക്കുന്ന തേൻമാവ് നിറയെ പൂങ്കുല കാണുമ്പോൾ മനക്കോട്ട കെട്ടുന്നവരോട് പഴമക്കാർ പറയും “മാമ്പൂ കണ്ടും മക്കളെ കണ്ടും മനക്കോട്ട കെട്ടരുത്” എന്ന്. ഒരു ചാറ്റൽ മഴ മതി മാമ്പൂ മുഴുവൻ നിലമ്പൊത്തുവാൻ.

“ചെമ്മാനം കണ്ടാൽ അമ്മാനത്തു മഴയില്ല” എന്ന ചൊല്ലായിരുന്നു പഴയ കാലത്തെ കാലാവസ്ഥ പ്രവചനം.

തുടരും…

എ വി ആലയ്ക്കപറമ്പിൽ

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 9