ഓണം മൂന്നടി മണ്ണ്

ഓണം മൂന്നടി മണ്ണ് - kavitha

ചിങ്ങം പുലർന്നു പൂക്കൾ പുഞ്ചിരിച്ചു
ഓണപ്പൂവിൻ സുഗന്ധം കാറ്റിൽ നിറഞ്ഞു
വെയിലിൽ വർണ്ണങ്ങൾ വിരിഞ്ഞു
പൊന്നിൻചിങ്ങത്തേരിലേറി പറന്നു.

മന്നൻ മഹാബലി ഭരിച്ച നാളുകൾ
കള്ളം ചതി കൈക്കൂലിയില്ല
തങ്കഭസ്മകുറിയിട്ട് വർണ്ണകസവുടുത്ത
മങ്കമാർ ഭയമില്ലാതെ നടന്നു.

എങ്ങും പഞ്ചവാദ്യ ചെണ്ടമേളങ്ങൾ
കോൽക്കളി, പുലികളി, വള്ളംകളി
കൈകൊട്ടി പാട്ടിൽ തുടിക്കും ഹൃദയം
പഞ്ചാരിമേളം കൊട്ടി നടന്നു.

കുട്ടികൾ പുക്കളമൊരുക്കി മുറ്റത്തു്
അമ്മമാർ ഓണസദ്യയൊരുക്കി
തൂശനിലയിൽ പപ്പടം,പഴം,കറികൾ
ചോറ്, പരിപ്പ്, പായസം, സാമ്പാർ, അടപ്രഥമൻ.

ഇവിടയെങ്ങോ മുറിവുണങ്ങാതെ
ഈറനിൽ പൊതിഞ്ഞ മിഴികൾ
പ്രളയത്തിലാഴ്ത്തി ജീവിതം
കനലാക്കിമാറ്റി ഭരണകൂടങ്ങൾ.

ഓണത്തിനോർമ്മകൾ അയവിറക്കി
അന്ന് വാമനൻ മൂന്നടി മണ്ണ് ചോദിച്ചു
ഇന്ന് വോട്ടുകൊടുത്തു ജയിപ്പിച്ചു
ചവുട്ടിത്താഴ്ത്തി പാതാളത്തിലേക്ക്.

കാരൂർ സോമൻ, (ചാരുംമുടൻ)