മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 8

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 8

“ആളു പാതി ആട പാതി” എന്നറിയാവുന്ന മലയാളി അണിഞ്ഞൊരുങ്ങി അത്തറും പൂശി അഭിമാനത്തോടെ നടക്കുമ്പോൾ ചുറ്റിലും വ്യാപിക്കുന്ന സുഗന്ധം സമീപത്തുകൂടി പോകുന്നവരുടെ നാസികകളിൽ പതിക്കുമ്പോൾ പണ്ടുള്ളവർ പറയുമായിരുന്നു “പണമുള്ളവനെ മണമുള്ളു” എന്ന്. ഇന്നത്തെ കാലത്ത് ഇതൊക്കെ സർവസാധാരണമാണല്ലോ.

“പൊന്നിൻകുടത്തിനു പൊട്ടു വേണ്ട” എങ്കിലും “കുരുട്ടുകണ്ണിനു മഷിയെഴുതുക” എന്നതു നിഷ്പ്രയോജനം ആകുക മാത്രമല്ല “വെളുക്കാൻ തേച്ചത് പാണ്ഡായി” എന്ന സ്ഥിതിയായെന്നും വരാം. മൃതശരീരങ്ങളെ അണിയിച്ചൊരുക്കി കിടത്തുന്നത് കേരളീയ സംസ്കാരത്തിന്റെ പ്രത്യേകതയാണ്. “ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം” എന്നുള്ള ചിന്തകൾ മലയാളികളുടെ സൗന്ദര്യബോധത്തിന്റെ മാറ്റുകൂട്ടുന്നു.

പ്രയാസങ്ങളും പരിഭവങ്ങളും ആവലാതികളും പരസ്പരം കൈമാറുന്നതു നല്ലതു തന്നെ. പക്ഷേ, “ഉരലു ചെന്നു മദ്ദളത്തോടു പറയുക” പോലെയാകരുത്. ദിവസം മുഴുവൻ വീട്ടുകാരുടെ ഇടിയും കുത്തുമേറ്റ് വലയുന്ന ഉരൽ വാദ്യോപകരണക്കാരുടെ അടിയേറ്റു പുളയുന്ന മദ്ദളത്തോട് ആവലാതികൾ പറയുമ്പോൾ ഇരുവരുടെയും മനസ്സിലെ തോന്നൽ എന്തായിരിക്കും? അബദ്ധമായിപ്പോയി എന്നായിരിക്കുമല്ലോ. “കുത്തും തല്ലും ചെണ്ടയ്ക്ക് അപ്പവും ചോറും മാരാർക്കു” എന്ന ചൊല്ലും ഓർത്തിരിക്കുക.

“ആട്ടുകേട്ട മണ്ണാൻ, ഊട്ടുകേട്ട പട്ടര്” എന്ന ചൊല്ലിലൂടെ രണ്ടു കൂട്ടരുടെയും വ്യത്യസ്ത സന്ദർഭങ്ങളിലെ പരക്കംപാച്ചിലല്ലേ സൂചിപ്പിക്കുന്നത്.

“മയിലാടുമ്പോലെ ചെമ്പോത്താടുമോ” “അണ്ണാനു ആനയോളം വായ് പൊളിക്കാമോ” എത്ര ശ്രമിച്ചാലും നടക്കുമോ. “നിലയ്ക്ക് നിന്നാൽ മലയ്ക്ക് സമം” എന്നതു ഒരിക്കലും മറക്കരുത്. “തന്നെത്താനറിഞ്ഞില്ലെങ്കിൽ പിന്നെത്താനറിയും” എന്നതും ഓർക്കുക.

“തനിക്കു താനും പുരയ്ക്ക് തൂണും” എന്ന ചിന്ത നല്ലതുതന്നെ. “തൻകൈയെ തനിയ്ക്കുതകു” എന്നതും മനസ്സിൽ ഉണ്ടായിരിക്കണം. “താൻ ചത്തു മീൻ പിടിക്കരുത്”. ആൾ ജീവനോടെയില്ലെങ്കിൽ അധ്വാനംകൊണ്ടു എന്തു പ്രയോജനം. “ആകാത്ത കാര്യം തുനിയായ്ക വേണം”

പ്രകൃതിയുടെ കലപ്പ എന്നു വിശേഷിക്കപ്പെടുന്ന ഞാഞ്ഞൂൽ (മണ്ണിര) പൊതുവെ വിഷമില്ലാത്തവയാണല്ലോ. എന്നാൽ “ഗ്രഹണ സമയം പൂഴിനാഗത്തിനും (മണ്ണിരയ്ക്കും) വിഷമുണ്ട്” “ഗ്രഹണസമയത്ത് ഞാഞ്ഞൂലും തല പൊക്കും”. അതുകൊണ്ട് നിസ്സാരമായി തള്ളിക്കളയുന്നവർ പോലും ചിലപ്പോൾ അപകടകാരികളാകും എന്നതോർക്കുക.

“ഗോഹത്യക്കാരന് ബ്രഹ്മഹത്യക്കാരൻ സാക്ഷി” എന്നതു പോലെയാണല്ലോ ഇക്കാലത്തെ സംഭവവികാസങ്ങൾ. ഒരു തെറ്റു ചെയ്തവന് അതിലും വലിയ തെറ്റു ചെയ്തവൻ സാക്ഷി പറയുന്ന കാലം. “കെട്ടവനിട്ടാൽ ഇട്ടവനും കെടും”. അതുകൊണ്ട് സഹായം മേടിക്കുന്നതു പോലും സൂക്ഷിച്ചു വേണം.

കടക്കെണി എന്നു നമ്മൾ കേട്ടിട്ടുണ്ടല്ലോ. കടം എപ്പോഴും ഒരു കെണിയാണ്. അതുപോലെ ഒരു മരത്തിന്റെ ചുവട്ടിൽ മറ്റൊന്നിന്റെ വിത്തു നടുന്നതും ഫലം നൽകില്ല. അതിനാൽ “മൂട്ടിൽ കുരുവും വീട്ടിൽ കടവും ആകാ”. “തോട്ടം മുടിയാൻ നേരത്തു പീച്ചൻ വളരും” എന്ന കാര്യവും ശ്രദ്ധിക്കണം.

“പയ്യെത്തിന്നാൽ പനയും തിന്നാം”, “മെല്ലെത്തിന്നാൽ മുള്ളും തിന്നാം” എന്നൊക്കെ പറയുമ്പോൾ തിടുക്കം കൂട്ടാതെ കാര്യങ്ങൾ ക്ഷമയോടെ ചെയ്താൽ ഏതു പ്രയാസമേറിയ സംഗതിയും ചെയ്തു തീർക്കാം. “മുള്ളിൽ പിടിച്ചാൽ മുറുകെ പിടിക്കണം” അല്ലെങ്കിൽ മുള്ളു മുറിവുണ്ടാക്കാം. അതുപോലെ “മുള്ളു കൊണ്ടാൽ മുള്ളുകൊണ്ട് എടുക്കണം”.

തുടരും…

എ വി ആലയ്ക്കപറമ്പിൽ

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 7