മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 7

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 7

മലയാളിയുടെ ഇഷ്ട ഭക്ഷ്യവസ്തുക്കളിൽ ഒന്നാണല്ലോ ചക്കയും ചക്കകൊണ്ടുള്ള പലതരത്തിലുള്ള വിഭവങ്ങളും. തൊടികളിൽ പ്ലാവുകൾ ഇല്ലാത്തവർപോലും ചന്തകളിൽനിന്നും മറ്റും ചക്കകൾ വാങ്ങിക്കാറുമുണ്ടല്ലോ. “അഴകുള്ള ചക്കയിൽ ചുളയില്ല” എന്ന ചൊല്ല് അങ്ങനെ വാങ്ങുന്നവർക്ക് ഉപകരിക്കുമെന്ന് കരുതുന്നു. നല്ല വരിക്കച്ചക്കപ്പഴം കിട്ടിയാൽ ഇഷ്ടംപോലെ ഭക്ഷിക്കുന്നവർ കാണും. “ചക്കയ്ക്ക് ചുക്ക് മാങ്ങയ്‌ക്ക് തേങ്ങ” എന്ന പഴഞ്ചൊല്ല് അതിനു പ്രതിവിധി ആയി നമുക്കു പറഞ്ഞുതരുന്നു പൂർവികർ. ചുക്കുവെള്ളം ദഹനപ്രക്രിയയെ സഹായിക്കുമല്ലോ. അതുപോലെ മാങ്ങയുടെ പുളിരസം കുറയ്ക്കാൻ തേങ്ങയ്ക്കുള്ള കഴിവും സുപരിചിതം.

“മുറ്റത്തെ മുല്ലയ്ക്ക് മണമില്ല” എന്നു പറയുന്നുണ്ടെങ്കിലും “മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം”, “ചന്ദനം ചാരിയാൽ ചന്ദനം മണക്കും” എന്നിവ വിസ്മരിയ്‌ക്കരുത്. “കുരങ്ങന്റെ കയ്യിലെ പൂമാല” എന്നതിലൂടെ സൗന്ദര്യബോധം ഇല്ലാത്തവരുടെ കൈകളിൽ സുന്ദരമായതു കിട്ടിയാൽ എന്താകും സ്ഥിതി എന്നല്ലേ പറഞ്ഞുതരുന്നത്.

ശത്രുത വച്ചുപുലർത്തുന്നവരിൽ പ്രധാന ജീവികളാണല്ലോ കീരിയും പാമ്പും. ആ സ്വഭാവം വച്ചുപുലർത്തുന്നവരെ കാണുമ്പോൾ “കീരിയും പാമ്പും പോലെ” എന്നു നാം പ്രയോഗിക്കാറുണ്ട്. “പാമ്പിനു പാലുകൊടുക്കുക” എന്നതുവഴി അതിന്റെ സ്നേഹം നിലനിർത്തുവാൻ സാധിക്കുമോ? പരീക്ഷണത്തിന് ഒരിക്കലും മുതിരരുത്.

ആദിമകാലം മുതലേ മനുഷ്യർക്ക്‌ പാമ്പിനെയും പാമ്പിനു മനുഷ്യരെയും പേടിയാണ്. പാമ്പ് ഒരിക്കലും മനുഷ്യനെ ഓടിച്ചിട്ട്‌ കടിച്ചതായി കെട്ടിട്ടില്ലല്ലോ. എന്നാൽ “ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ല” എന്ന കാര്യം മറക്കരുത്. “നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും” എന്നതും ഓർക്കുക. “ചേര കടിച്ചും ചെട്ടി കുത്തിയും മരിക്കയില്ല” എന്നു പറയുന്നുണ്ടെങ്കിലും രണ്ടു കൂട്ടരെയും ഉപദ്രവിക്കാതിരിക്കുന്നത് നല്ലത്.

കഷ്ടകാലങ്ങൾ മനുഷ്യജീവിതഭാഗമാണല്ലോ. ഒരു അപകടമോ രോഗമോ പിടിച്ചവനെ മറ്റൊരു അപകടമോ രോഗമോ പിന്തുടർന്ന് പിടികൂടുമ്പോൾ “ഇടിവെട്ടിയവനെ പാമ്പു കടിച്ചു” എന്നതു പോലെയായല്ലോ അനുഭവം എന്നു പറഞ്ഞു നാം ദു:ഖിക്കാറുണ്ടല്ലോ.

കേരളനാടിന്റെ വീടുകളിലും പരിസരങ്ങളിലും കാണുന്ന ഒരു ജീവിയാണ് അരണ. അതു മനുഷ്യനു ഉപദ്രവം ചെയ്യുന്ന ജീവിയല്ലെങ്കിലും “അരണ കടിച്ചാൽ ഉടൻ മരണം” എന്നൊരു ചൊല്ല് ഉള്ളതുകൊണ്ട് അതിനെയും സൂക്ഷിക്കണം. ശാസ്ത്രലോകം അതിനൊരു ഉത്തരം നൽകിയിട്ടുള്ളതായി അറിവില്ല. കാര്യങ്ങൾ പെട്ടെന്നു മറക്കുന്നവരെ അരണയുടെ സ്വഭാവത്തോട് ഉപമിക്കാറുണ്ട്.

കിനാവു കാണുവാൻ എല്ലാവർക്കും അവകാശമുണ്ട്. കിടന്നുറങ്ങുന്നത് കാവിന്റെ ചാളയിലാണെങ്കിലും കുപ്പയിലാണെങ്കിലും സ്വപ്നം കാണും. “കിടക്കുന്നതു കാവിൻചാള, സ്വപ്നം കാണുന്നത് മാളിക”, “കുപ്പയിൽ കിടന്നു കൂർച്ചമാടം കിനാവു കാണുക” എന്ന ചൊല്ലുകളൊക്കയും ഏതു കാലത്തും ഏതു സാഹചര്യത്തിലും മനുഷ്യൻ സ്വപ്നം കാണുന്നു എന്നതു ഓർമിപ്പിക്കുന്നു.

“കുന്തം വിഴുങ്ങുകയും വേണം, വിലങ്ങത്തിലാകുകയും വേണം” എന്നു ശഠിച്ചാൽ നടക്കുമോ.

“ചങ്കെടുത്തു കാണിച്ചാൽ ചെമ്പരത്തിപ്പൂവെന്നു പറയുക” എന്നതു ഭവനങ്ങളിൽ നിന്നു മിക്കവാറും കേൾക്കുന്ന പ്രയോഗമാണ്. കഠിനമായ പ്രയത്നങ്ങളെ നിസ്സാരമായി തള്ളിക്കളയുന്നത് ആർക്കും വിഷമം ഉണ്ടാക്കുന്ന സംഗതി തന്നെ. “ചക്കെന്നു പറയുമ്പോൾ കൊക്കെന്നു മനസ്സിലാക്കുന്നതും” നല്ലതല്ലല്ലോ.

തുടരും…..

എ വി ആലയ്ക്കപറമ്പിൽ

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 6