സ്വതന്ത്ര ഇന്ത്യ 75 വർഷങ്ങൾ പിന്നിടുമ്പോൾ.

സ്വതന്ത്ര ഇന്ത്യ 75 വർഷങ്ങൾ പിന്നിടുമ്പോൾ.

ന്യൂഡൽഹി: ആത്മാഭിമാനത്തോടെ ഏതൊരു ഭാരതീയനും തലയുയർത്തി നിൽക്കുവാൻ കഴിയുന്ന ഒരു നിമിഷമാണു സമാഗതമായിരിക്കുന്നത്. 75 വർഷങ്ങൾക്കു മുൻപേ 1947 ഓഗസ്റ്റ് 15-ന് അർധരാത്രിയിൽ ഡൽഹിയിലെ റെഡ്‌ഫോർട്ടിനു മുൻപിൽ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു ഉയർത്തിയ അശോക ചക്രമേറിയ ത്രിവർണ പതാക പാറിപറന്നപ്പോൾ പുളകം കൊള്ളാത്ത ഒരു ഭാരതീയൻ പോലും ഉണ്ടാകില്ല. വലിയ മോഹങ്ങളുടെയും ത്യാഗത്തിന്‍റെയും ലക്ഷ്യബോധത്തിന്റെയും കർമഫലമായി നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ 76–ാം ജന്മദിനം ആഗതമായിരിക്കുന്നു.

ഇന്ത്യയുടെ വളർച്ചയിൽ സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം ഇന്ത്യയെ നയിച്ച ആദരണീയ നേതാക്കളുടെ പങ്കു വർണനാതീതമാണ്. അവർ വിതച്ച വിത്തുകൾ ദൈവ ദാനങ്ങളായിരുന്നു എന്ന് നാമൊന്നു തിരിഞ്ഞു നോക്കിയാൽ കാണാം. ഇന്ത്യയുടെ വളർച്ച ഒരു പൂമെത്തയിലുറങ്ങിയായിരുന്നില്ല നിരവധി അതിർ തർക്കങ്ങളും യുദ്ധങ്ങളും ഇന്ത്യക്ക് കാലാകാലങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ഇന്ത്യക്കൊപ്പം ജനിച്ച പല രാജ്യങ്ങളും, മഹാ ശക്തികളായിരുന്ന പല രാജ്യങ്ങളും കടപുഴകി മറിഞ്ഞു വീണപ്പോളും ഇന്ത്യ ലോകത്തിനു പ്രകാശം പരത്തി പ്രശോഭിക്കുന്നു. ഒരു ശക്തിക്കും അട്ടിമറിക്കാനാവാത്ത ഒരു ഭരണഘടന അതിനു പിൻബലമേകുന്നു.

സ്വാതന്ത്ര്യാനന്തരം, രാഷ്ട്രം വിവിധ മേഖലകളിൽ വലിയ മുന്നേറ്റം തന്നെ നടത്തുകയും ഒരു സാധാരണ ഇന്ത്യക്കാരന്റെ ജീവിതം എളുപ്പമാക്കാനുള്ള തരത്തിലേക്ക് രാഷ്ട്രത്തെ വളർത്തുകയും ചെയ്തു. തദ്ദേശീയ സാങ്കേതികവിദ്യകളിലൂടെ സാധ്യമായ നേട്ടങ്ങൾ ഇന്ത്യയെ ആഗോളതലത്തിൽ തന്നെ ചെറുശക്തിയാക്കി വളർത്തി. 1947 ആഗസ്റ്റ് 15 മുതലുള്ള ഇന്ത്യയുടെ യാത്ര ശാസ്ത്ര സാങ്കേതിക വിദ്യകളിൽ മാത്രമല്ല ഒതുങ്ങി നിന്നത്. അത് വിദ്യാഭ്യാസമേഖലയിലേക്കും ഭക്ഷ്യ ഉൽപ്പാദന പര്യാപ്തതയിലേക്കും ഉള്ള വളർച്ചയായിരുന്നു. ഇന്ത്യയെന്ന രാജ്യത്തിന്റെ ദീർഘ വീക്ഷണത്തോടെ ആസൂത്രണം ചെയ്തപദ്ധതികൾ പടിപടിയായി ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് ഭാരതത്തെ നയിച്ച് കൊണ്ടിരിക്കുന്നു. സ്വതന്ത്ര ഭാരതം ഇന്ന് ലോകത്തിലെ ഒരു പ്രധാന വൻ ശക്തിയായി വളർന്നിരിക്കുന്നു.

സൈനീക രംഗത്ത് ലോകത്തിലെ വൻ ശക്തികളിൽ നാലാമത്തെതിൽ നിന്നും മൂന്നാമത്തേതായി വളർന്നുകൊണ്ടിരിക്കുന്നു. ശാസ്ത്ര സാങ്കേതിക യുഗത്തിൽ അനിതര സാധാരണമായ വളർച്ചയും കാർഷിക, വ്യവസായിക തലങ്ങളിൽ ഉന്നതങ്ങളിൽ എത്തുകയും, ഒരു അറ്റോമിക് പവർ എന്നതിലുപരി മിലിറ്ററി ടെക്നോളജിയിലും മിസൈൽ ടെക്നോളജിയിലും സാറ്റലൈറ്റ് ടെക്നോളജി, സ്പേസ് ടെക്നോളജി തുടങ്ങിയവയിൽ പലതിലും ചന്ദ്രയാൻ ഉൾപ്പെടെ അമേരിക്കക്കും റഷ്യക്കും അസാധ്യമെന്നു കരുതിയ ഉയരങ്ങളിലേക്കെത്തുവാൻ വ്യവസായികമായി പോലും കഴിഞ്ഞിരിക്കുന്നു. ലോക ക്രമസമാധാന രംഗത്ത് അമേരിക്കക്കൊപ്പം യുഎൻ പോലും ഉറ്റുനോക്കുന്ന ഒരു സുപ്രധാന ശക്തിയായി വളർന്നിരിക്കുന്നു. ആദർശവും ജനാധിപത്യവും, ലോകസമാധാനവും പരിപാവനമായി ഉയർത്തിപ്പിടിക്കുന്ന ഉറ്റ സുഹൃത്തായി ലോകരാഷ്ട്രങ്ങൾ കരുതുന്ന ഭാരതം ഓരോ ഭാരതീയനും അഭിമാനിക്കാൻ വക നൽകുന്നു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം രാജ്യം വിപുലമായ ആഘോഷപരിപാടികളോടെയാണ് സംഘടിപ്പിയ്ക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ കാമ്പയിൻ കഴിഞ്ഞ ഒരു വർഷത്തോളമായി വിവിധ പരിപാടികളോടെ രാജ്യത്തെമ്പാടും നടന്നു വരുന്നു. ആസാദി കി അമൃത് മഹോത്സാവത്തിന്റെ ഭാഗമായി ഇന്ത്യൻ ദേശീയ പതാകയെക്കുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹർ ഘർ തിരംഗ കാമ്പയിൻ വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 13 മുതൽ ആഗസ്റ്റ് 15 വരെ നടക്കും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആറ് ഭൂഖണ്ഡങ്ങളിലും മൂന്ന് സമുദ്രങ്ങളിലും ഓഗസ്റ്റ് 15-ന് ത്രിവർണ്ണ പതാക ഉയർത്തും. ഇന്ത്യൻ നാവികസേനയുടെ ഏഴ് കപ്പലുകളിൽ. വിദേശ തുറമുഖങ്ങളിൽ സന്ദർശനവും നടത്തും. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് സന്ദർശനമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഓസ്‌ട്രേലിയ സന്ദർശിക്കുന്നത് നാവിക സേനയുടെ ഐഎൻഎസ് സുമേധയാകും. ഐഎൻഎസ് ചെന്നൈയും ഐഎൻഎസ് ബെത്വയും ഒമാനിലെ മസ്‌ക്കറ്റിൽ സന്ദർശനം നടത്തും. ഐഎൻഎസ് സർയു സിംഗപൂരിലും ഐഎൻഎസ് ത്രികാന്ത് കെനിയയും സന്ദർശിക്കും. വടക്കൻ അമേരിക്കയിൽ ഐഎൻഎസ് സത്പുരയും ദക്ഷിണ അമേരിക്കയിലെ റിയോ ഡി ജനീറോല യിൽ ഐഎൻഎസ് തർകാശും യൂറോപ്പിൽ ഐഎൻഎസ് തരംഗദിണിയുമാകും സന്ദർശിക്കുക. ഇന്ത്യൻ പ്രവാസികളുടെയും വിശിഷ്ട വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിലാകും കപ്പലുകളിൽ ത്രിവർണ പതാക ഉയർത്തുക. സ്വാതന്ത്ര്യദിനത്തിൽ ഓരോ തുറമുഖങ്ങളിലും ഇന്ത്യൻ മിഷനുകൾ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 സുവർണ്ണ വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ 75 വർഷത്തിൽ സംഭവിച്ച സുപ്രധാന സംഭവങ്ങളുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഓൺലൈൻ പ്രോജക്ടായ ‘ഇന്ത്യ കി ഉഡാൻ’ പദ്ധതി അവതരിപ്പിച്ചാണ് ടെക് ഭീമൻ ഗൂഗിൾ വ്യത്യസ്തമാകുന്നത്. ഗൂഗിളിന്റെ കലാ സാംസ്‌കാരിക വിഭാഗമാണ് ഇന്ത്യ കി ഉഡാൻ പദ്ധതിയ്‌ക്ക് പിറകിൽ. കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രി കിഷൻ റെഡ്ഡി, സാംസ്‌കാരിക മന്ത്രാലയത്തിലെയും ഗൂഗിൾ കമ്പനിയുടെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്നാണ് പ്രോജക്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യ കി ഉഡാൻ ഓൺലൈൻ ശേഖരണത്തിൽ കഴിഞ്ഞ 75 വർഷത്തിൽ സംഭവിച്ച അവിസ്മരണീയ നിമിഷങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലുമാകും പ്രസിദ്ധീകരിക്കുക. 1947 മുതലുള്ള ഇന്ത്യയുടെ പരിണാമവും ഇന്ത്യയ്‌ക്കായി വിവിധ ആളുകൾ നൽകിയ സംഭാവനകളും ഉൾക്കൊള്ളിക്കുന്ന വിജ്ഞാനപ്രദമായ ഓൺലൈൻ പദ്ധതിയായി വിപുലീകരിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി. വരുന്ന ഒരു വർഷക്കാലം ഗൂഗിളിന്റെ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ജനങ്ങൾക്ക് പ്രത്യേക പാക്കേജുകളും മറ്റും ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

ഇന്ത്യയെന്ന മാതൃരാജ്യത്തോട് അകലങ്ങളിൽ ഇരുന്നുപോലും ആരാധന പുലർത്തുന്ന ഓരോ പ്രവാസിക്കും അഭിമാനം പുണരുന്ന ഭാരതത്തിന്റെ വിജയ പാതയിലെ പൊൻകതിരുകൾക്കു എന്നെന്നും, തുടർന്നും വിജയം നേരുന്നു. എല്ലാ മലയാളീപാത്രം വായനക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ.

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ഓസ്‌ട്രേലിയയിലെ 40 സ്മാരകങ്ങൾ ത്രിവര്‍ണ്ണമണിയും.