ബിഷപ്പ് കെ പി യോഹന്നാൻ അന്തരിച്ചു.

ബിഷപ്പ് കെ പി യോഹന്നാൻ അന്തരിച്ചു.

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ റവ കെ പി യോഹന്നാൻ (മാർ അത്തനേഷ്യസ് യോഹാൻ (74)) അന്തരിച്ചു. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്.

അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്‍റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. പതിനാറാമത്തെ വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974-ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 -ൽ ഭാര്യയുമായി ചേ‍ർന്ന് ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ആരംഭിച്ചത് ജീവിതത്തിൽ വഴിത്തിരിവായി. ആത്മീയയാത്ര റേഡിയോ പ്രഭാഷണ പരമ്പരയിലൂടെ ശ്രദ്ധേയനായി. 1990-ൽ സ്വന്തം സഭയായ ബിലീവേഴ്‌സ് ചർച്ചിനു രൂപം നൽകി. 2003-ൽ സ്ഥാപക ബിഷപ്പായി. ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 -ൽ ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് രൂപം നൽകി. മോറാൻ മോർ അത്തനേഷ്യസ് യോഹാൻ എന്ന പേര് സ്വീകരിച്ച അദ്ദേഹം, ക്രൈസ്തവ സഭാ നേതൃത്വത്തിലേക്ക് ഉയർന്നത് അടുത്ത കാലത്താണ്.

ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. 52 ബൈബിൾ കോളജുകൾ ഉൾപ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു. മെത്രാപ്പൊലീത്ത ഉൾപ്പെടെ 12 ബിഷപ്പുമാരാണ് ബിലീവേഴ്സ് സഭയുടെ കേരളത്തിലെ വിവിധ ഭാഗങ്ങളിലെ ഭദ്രാസനങ്ങൾക്കു നേതൃത്വം നൽകുന്നത്.

സ്‌കൂളുകൾ മുതൽ എഞ്ചിനീയറിങ്/മെഡിക്കൽ കോളേജുകൾ വരെ നീളുന്ന നിരവധി സ്ഥാപനങ്ങൾ വഴി വിദ്യാഭ്യാസ രംഗത്തും ബിലീവേഴ്‌സ് ചർച്ച് വേരുറപ്പിച്ചു. കേരളത്തിലും പുറത്തുമായി പ്രവർത്തിക്കുന്ന നിരവധി ആശുപത്രികളും ബ്രിഡ്ജസ് ഓഫ് ഹോപ്പ്, ആശാഗൃഹം എന്നീ പേരുകളിൽ പേരിൽ ശരണാലയങ്ങളും ചർച്ചിന് വേറെയുമുണ്ട്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ മാതൃകയിൽ പ്രവർത്തിക്കുന്ന സിസ്റ്റേഴ്സ് ഓഫ് കംപാശനിലൂടെ ചർച്ച് സാമൂഹിക സേവന രംഗത്തും ഏറെ സജീവമാണ്.