മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 6

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 6

വിധികർത്താവിൽ വിശ്വാസം ഇല്ലാത്തവർപോലും വിധിയിൽ വിശ്വസിക്കുന്നു എന്നുള്ളത്, അടുത്തകാലത്തു ‘അവരുടേതായ വിധി’ എന്ന പ്രസ്താവനയിലൂടെ നമ്മൾ കേട്ടതാണല്ലോ. “അഴകിരുന്നു കരയും വിധിയിരുന്നു ചിരിക്കും”, “കൊതിപോലെ വരില്ല വിധിപോലെയെ വരൂ” എന്നതൊക്കെ പഴയ കാലത്തും പുതിയ കാലത്തും അനുഭവത്തിൽ നമ്മൾ കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ള കാര്യങ്ങളാണല്ലോ.

“മുഖം മനസ്സിന്റെ കണ്ണാടി” എന്ന പാട്ട് കേൾക്കാത്തവരായി ആരുംതന്നെ ഈ തലമുറയിൽ കാണില്ല. “ചട്ടിയിൽ ഉണ്ടെങ്കിലേ ആപ്പയിൽ വരൂ” എന്ന ചൊല്ലിലൂടെ ഉള്ളിലുള്ളതേ പുറമെ കാണൂ എന്നതു വ്യക്തമാകുകയാണ്. “ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട”. അതിനാൽ “കൂട്ടത്തിൽനിന്നു കുതികാൽ ചവിട്ടുന്നവരെ” അകറ്റി നിർത്തണം. ‘അകമേ കത്തിയും പുറമെ പത്തിയും” ആയി കടന്നുവരുന്നവരെയും സൂക്ഷിക്കണം. അങ്ങനെയുള്ളവർ പുറമെ ചിരിച്ചു കാണിക്കുമെങ്കിലും അകം മുഴുവൻ വിദ്വേഷവും പകയും വച്ചുപുലർത്തുന്നവരായിരിക്കും.

“ഉദയകാലത്തു തിഥിദോഷമില്ല”. അതുകൊണ്ട് പ്രഭാതം ഏതു നല്ലകാര്യത്തിനും അനുയോജ്യം. “ഇരന്നു തിന്നുന്നവരെ തുരന്നു തിന്നുക” ചിലർക്ക് ഹരമാണല്ലോ. അങ്ങനെയുള്ളവരെ “ഇലനക്കി നായുടെ ചിറിനക്കി നായ്” എന്നു വിളിച്ചുപോകുന്നതിൽ തെറ്റു പറയാനാകുമോ?

“കണ്ണിൽ കണ്ടതു കക്ഷത്തിലാക്കുക” ചിലരുടെ ബലഹീനതയാണ്. അങ്ങനെ കക്ഷത്തിലാക്കികഴിയുമ്പോൾ മേലൊട്ടൊന്നു നോക്കും. അപ്പോൾ അതാ ഉത്തരത്തിൽ എന്തോ ഇരിക്കുന്നു. അതും എടുക്കണം. പെട്ടെന്നു കൈകൾ ഉയർത്തും. കക്ഷത്തിലിരിക്കുന്നത് താഴെ. ശബ്ദം കേട്ടു വീട്ടുകാർ വരുന്നതിനു മുൻപ് സ്ഥലം വിടും. ഫലമോ, “കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു, ഉത്തരത്തിൽ ഇരുന്നത് കിട്ടിയതുമില്ല”. ധനനഷ്ടവും മാനഹാനിയും ഫലം.

“കൈലാസം നന്നാവാൻ പ്രദോഷം നോൽക്കുക” ചിലർക്ക് ഹരമാണ്. അറിവില്ലായ്മയുടെ മാകുടോദാഹരണം. “കൊക്കിലൊതുങ്ങന്നതെ കൊത്തിക്കൊണ്ടു പോകാവൂ”. വലിയ എല്ലിൻ കഷണം കൊത്തിക്കൊണ്ടു പോകുന്ന കാക്കയെ നോക്കി പറയുന്നതാണെങ്കിലും, ഓരോരുത്തർക്കും കഴിയുന്ന ഭാരമേ എടുക്കാവു. അല്ലെങ്കിൽ ലക്ഷ്യത്തിൽ എത്തിക്കാൻ സാധിക്കില്ല എന്നല്ലേ അതു നമ്മളോട് പറയുന്നത്.

പണ്ടുകാലത്തു ഒരുനേരത്തെ ഭക്ഷണം പോലും ചിലർക്കു ലഭ്യമായിരുന്നില്ല. നെല്ലു കുത്തി അരിയെടുത്തു കഴിയുമ്പോൾ അവശേഷിക്കുന്ന തവിടു തിന്നു  വിശപ്പ്‌ ശമിപ്പിക്കുന്നവരും ഉണ്ടായിരുന്നു. “തവിടു തിന്നാലും തകൃതി കളയരുത്” , “തവിടു തിന്നുമ്പോൾ കൊമ്പു വിളിക്കരുത് “ എന്നുള്ള പഴഞ്ചൊല്ലുകൾ കേൾക്കുമ്പോൾ അങ്ങനെയുള്ളവർ നമ്മുടെ ഓർമ്മകളിൽ ഓടിയെത്താം.

“കൊലയാനയുള്ളപ്പോൾ കുഴിയാന മദിക്കുക”. കൂടുതൽ ശക്തനുള്ളപ്പോൾ കരുത്തില്ലാത്തവൻ അഹങ്കരിക്കേണ്ട കാര്യമില്ലല്ലോ.

ജീവിക്കാൻവേണ്ടി കഷ്ടപ്പെടുന്നവർ ധാരാളം. അങ്ങനെയുള്ളവർ “കൊള്ളുമ്പോഴും കൊടുക്കുമ്പോഴും സൂക്ഷിക്കണം”. തല്ലു കൊള്ളുമ്പോഴും കൊടുക്കുമ്പോഴും ഉള്ള കാര്യമല്ല. പണം കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ചുവേണം എന്നു ഓർമ്മിപ്പിക്കുകയാണ്.

പണമില്ലെങ്കിലും വാചകക്കസർത്തുകൊണ്ട് ജീവിക്കുന്നവരെ നമ്മൾ കണ്ടിരിക്കും. “നാക്കുള്ളവന് നാട്ടിൽ പാതി”, “നാക്കുണ്ടെങ്കിൽ തൂക്കുകയില്ല”, “കോന്തലയില്ലെങ്കിൽ നാന്തല വേണം” എന്നതൊക്കെ ശരിയാണ് എന്നുള്ളത് നമുക്കറിയാമല്ലോ. “കോയിക്കല്ലെണ്ണയ്ക്കു മടി കാട്ടണം” എന്ന ചിന്താഗതിയും അവർ അനുസരിക്കുന്നവരായിരിക്കും. ദാനമായി കിട്ടുന്നതൊന്നും അങ്ങനെയുള്ളവർ നിരസിക്കുകയില്ല.

ഒരു സംരംഭത്തിന്റെ ആരംഭത്തിൽത്തന്നെ ദുർലക്ഷണങ്ങൾ കണ്ടാൽ “ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോകുക” എന്ന അവസ്ഥയായി എന്നുതന്നെ പറയേണ്ടിവരും.

പരിസരബോധമില്ലാതെ പ്രവർത്തിച്ചാൽ എന്താകും സ്ഥിതി. “കാറ്ററിയാതെ തുപ്പിയാൽ ചെവിയറിയാതെ കിട്ടും” എന്ന പഴഞ്ചൊല്ല് അന്വർഥമാകും.

തുടരും……

എ വി ആലയ്ക്കപറമ്പിൽ

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 5