പെലോസിയുടെ സന്ദർശനത്തിൽ കലിയടങ്ങാതെ ചൈന.

പെലോസിയുടെ സന്ദർശനത്തിൽ കലിയടങ്ങാതെ ചൈന.

തായ്‌പേയ്: അമേരിക്കൻ ജന പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് പിന്നാലെ പ്രകോപനം തുടർന്ന് ചൈന. പ്രതിഷേധസൂചകമായി ചൈന പ്രഖ്യാപിച്ച സൈനികാഭ്യാസത്തിനു തുടക്കമായി. അടുത്തിടെ ചൈന നടത്തുന്ന ഏറ്റവും വലിയ സൈനികാഭ്യാസമാണ് നടക്കുന്നതെന്നാണ് വിവരം. ഇതിന്റെ ഭാഗമായി തയ്‌വാനു സമീപം വച്ച് മിസൈൽ തൊടുത്തതായി ചൈന സ്ഥിരീകരിച്ചു. മിസൈൽ തൊടുത്തുകൊണ്ടുള്ള സൈനികാഭ്യാസത്തിനു പുറമെ, ചൈനീസ് സൈന്യം പലകുറി തയ്‌വാൻ അതിർത്തി കടന്നുകയറിയതായും റിപ്പോർട്ടുണ്ട്. മുൻ നിര യുദ്ധകപ്പലുകൾ ഉൾപ്പെടെ അണിനിരക്കുന്ന സൈനിക അഭ്യാസ പ്രകടനം നാല് ദിവസം നീണ്ടു നിൽക്കുമെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ചൈനയുടെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി തയ്‌വാൻ അധിക‍ൃതർ രംഗത്തെത്തി. യുഎൻ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ചൈന നടത്തുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ‘ഏറ്റവും തിരക്കേറിയ രാജ്യാന്തര സമുദ്രപാതയിലും വ്യോമപാതയിലുമാണ് ചൈന അഭ്യാസം സംഘടിപ്പിക്കുന്നത്. ഇത് തീർത്തും നിരുത്തരവാദപരവും നിയമവിരുദ്ധവുമാണെന്ന് തയ്‌വാൻ അധിക‍ൃതർ അറിയിച്ചു. ചൈനയുടെ ഭാഗത്തുനിന്നുള്ള ഏതു പ്രകോപനവും നേരിടാൻ സൈന്യം സുസജ്ജമാണെന്നും തയ്‌വാനായി സംഘർഷം തുടങ്ങിവയ്ക്കില്ലെന്നും അവർ വ്യക്തമാക്കി.

നാൻസി പെലോസി മടങ്ങിയതിന് പിന്നാലെ തായ്‌വാൻ വ്യോമമേഖല ലംഘിച്ച് 27 ചൈനീസ് യുദ്ധവിമാനം.