പ്രളയത്തില്‍ നിന്നും പാഠം പഠിക്കാതെ കേരളം

 

പ്രകൃതി ദുരന്തങ്ങള്‍ തുടര്ക്കഥയാകുമ്പോഴും പാഠം പഠിക്കാതെ കേരളം. കഴിഞ്ഞ വര്ഷം കേരളത്തെ ആകമാനം മുക്കിയ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ നിന്നും കേരളം ഒന്നും പഠിക്കാതെയാണ് ഉയർത്തെഴുന്നേറ്റത് എന്ന് ഈ വര്ഷത്തെ പേമാരി തെളിയിയിച്ചു. ഡാമുകള്‍ തുറന്നു വിടുന്നതിലും മുന്നറിയിപ്പുകള്‍ നല്കുന്നതിലും എടുത്ത നടപടികള്‍ മൂലം സര്ക്കാര്‍ മുന്‍ വര്ഷ‍ത്തെ പഴി ഇത്തവണ കേട്ടില്ല എന്നത് മാത്രം മിച്ചം. കാലാകാലങ്ങളായി കേരളത്തില്‍ കാലവര്ഷം‍ ജൂണ്‍ ജൂലൈ ആഗസ്റ്റ്‌ മാസങ്ങളില്‍ വരുന്നതാണ്. എന്തു കൊണ്ടാണ് ഇപ്പോള്‍ മാത്രം പേമാരിയില്‍ കേരളം മുങ്ങുന്നത്? പണ്ടൊക്കെ മഴ എത്ര ശക്തമായി പെയ്താലും കുത്തിയൊലിച്ച് പുഴകളിലൂടെയും നദികളിലൂടെയും കടലിലേക്ക് ഒഴുകിപ്പോകുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ നദികളും പുഴകളും പാടങ്ങളും തടാകങ്ങളും ഒക്കെ ഇന്നു ഇല്ലാതെ ആയി കൊണ്ടിരിക്കുന്നു. അങ്ങനെ കാലവര്ഷം പതിവായി കേരളത്തെ മുക്കിക്കൊണ്ടേയിരിക്കുന്നു.ഇങ്ങനെ പോയാല്‍ വരും വര്ഷങ്ങളിലും സമാനമായ സ്ഥിതി തുടരും.

കേരളം മറ്റു സംസ്ഥാനങ്ങളിൽനിന്നു വിഭിന്നമായ ഭൂപ്രകൃതിയുള്ള പ്രദേശമാണ്. പര്വ്വതനിരകളും താഴ്‌വരകളും കായലുകളും കടല്ത്തീരങ്ങളും എല്ലാം ഒത്തൊരുമിച്ച പ്രദേശം. നാല്പതിലധികം പുഴകളും വിസ്തീര്ണ്ണമായ കായലുകളും ഇടതൂര്ന്ന വനങ്ങളുമായി, വൈവിദ്ധ്യവും മനോഹരവുമായ ഭൂപ്രകൃതിയാണ്. പ്രകൃതിയും പരിസ്ഥിതിയും പഠിക്കാതെ മലയാളികള്‍ നടത്തികൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ദുരന്തങ്ങളായി പരിണമിക്കുന്ന കാഴ്ചകളാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അതായത് കേരളത്തിലെ പ്രളയം ഒരു പാരിസ്ഥിതിക ദുരന്തമാണ് .മഹാപ്രളയത്തിന്‍റെ  ആഘാതത്തില്‍ നിന്നും കരകയറിയിട്ടില്ലെങ്കിലും കേരളസര്ക്കാര്‍ അതെല്ലാം മറന്ന മട്ടിലായിരുന്നു. വടക്കൻ കേരളത്തിൽ സംഭവിച്ച ഉരുൾപൊട്ടലുകൾക്കും മണ്ണിടിച്ചിലുകൾക്കും പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത് അനധികൃത പാറഖനനമാണ് ക്വാറികള്ക്ക് നിയന്ത്രണമില്ലാതെ പ്രവര്ത്തിക്കാനുള്ള അനുമതി പലയിടത്തും ഉണ്ടായിരുന്നു.അതിന്‍റെ  തിക്ത ഫലമാണ് കവളപാറയിലും പുത്തുമലയിലും നമ്മള്‍ കണ്ടത്.

ഇന്നിപ്പോള്‍ കേരളത്തിലെ നദികള്ക്ക് പരന്നൊഴുകാന്‍ ഇരുകരകളുമില്ല . പുഴകളും നദികളും കായലുകളെല്ലാം കയ്യേറിയിരിക്കുകയാണ്. മാലിന്യം കൊണ്ട് ഓടകളും തോടുകളുമൊക്കെ നിറച്ചിരിക്കുകയാണ്.വെള്ളത്തിന് ചെന്നിറങ്ങാന്‍ വയലുകളോ തടാകങ്ങളോ ഇല്ല. അവിടെയൊക്കെ അശാസ്ത്രീയമായ നിര്മ്മാണങ്ങള്‍ നടത്തുന്നു.. കുന്നുകള്‍ ഒക്കെ ഇടിച്ചു നിരത്തി വീടുകളും റിസോര്ട്ടുകളും പണിയുകയാണ്.അതു കൊണ്ട് പേമാരിയാണ് പ്രളയത്തിന്‍റെ  മൂലകാരണം എന്ന് പറഞ്ഞ് വെറുതെ കയ്യുംകെട്ടിയിരിക്കാന്‍ കഴിയില്ല. ഇനിയുള്ള കാലത്തെങ്കിലും ദീര്ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കിയില്ലയെങ്കില്‍ പ്രളയ ദുരന്തം കേരളത്തില്‍ ആവര്ത്തിച്ചു കൊണ്ടേയിരിക്കും. കേരളത്തില്‍ പ്രളയമുണ്ടാക്കാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ചയാണെന്ന് ഗാഡ്ഗില്‍ കമ്മിഷന്‍ അധ്യക്ഷന്‍ മാധവ് ഗാഡ്ഗില്‍ അഭിപ്രായപെട്ടത് ശരിയാണ് എന്ന് കാലം തെളിയിച്ചു.

പതിവുപോലെ കേരളത്തിലെ പ്രളയ കെടുതികളുടെയും ഉരുള്പൊട്ടലിന്‍റെയും ശമനത്തോടൊപ്പം രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും അതിരൂക്ഷമായി ആരംഭിച്ചിട്ടുണ്ട്. ഓരോ രാഷ്ട്രീയ പാര്ട്ടികളും ജനങ്ങളുടെ ദുരന്തത്തില്‍ നിന്ന് വോട്ടു ബാങ്ക് ലക്ഷ്യമിട്ടുള്ള വാചക കസറത്തുകളും പ്രവര്ത്തളനങ്ങളും നടത്തുന്നുണ്ട്. ചില്ര്ക്ക് പ്രളയം ഒരു ചാകരയാണ്.പലപ്പോഴും ദുരിതാശ്വാസഫണ്ട് വകമാറ്റി ചെലവഴിക്കുന്നത് മൂലം പ്രളയത്തിന്റെ ദുരിതങ്ങളും നാശനഷ്ടങ്ങളും അതിന്നിരിയായവര്‍ സ്വയം സഹിക്കേണ്ട അവസ്ഥയിലാണ്. പലപ്പോഴും ദുരിതാശ്വാസഫണ്ട് മാറ്റൊരു ദുരന്തമായി മാറുന്ന അവസ്ഥ.

വാല്ക്കഷണം: പ്രളയ സമയത്ത് മലയാളികള്‍ ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഇല്ലാതെ ഒരു മനസ്സോടെ ഒറ്റക്കെട്ടായി നില്‍ക്കും. പ്രളയം കഴിഞ്ഞാല്‍ വീണ്ടും തമ്മിലടി. ചുരുക്കത്തില്‍ മലയാളികള്‍ തമ്മിൽ അടുക്കണമെങ്കിൽ ഒന്നുകിൽ കേരളത്തില്‍ വെള്ളമിറങ്ങണം അല്ലെങ്കിൽ വെള്ളമടിക്കണം ഇതു രണ്ടും ഇറങ്ങിയാൽ വീണ്ടും അടിതുടങ്ങും.,