രാജ്യം തിരഞ്ഞെടുപ്പ്‌ ചൂടില്‍ , ശ്രദ്ധാകേന്ദ്രമായി വയനാടും

അടുത്ത സ്വാതന്ത്രദിനത്തില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നത്‌  നരേന്ദ്ര മോദിയാണോ രാഹുല്‍ഗാന്ധിയാണോ ,അതോ മമതയെപോലെ അപ്രതീക്ഷിതമായി മറ്റൊരാള്‍ കടന്നു വരുമോ? വേനല്‍ ചൂടില്‍ വെന്തുരുകുമ്പോഴും രാജ്യം തിരഞ്ഞെടുപ്പ് ചൂടില്‍. പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്ല്‍ക്കുമ്പോള്‍ രാജ്യത്ത് മോദിയും രാഹുലും നയിക്കുന്ന സേനകള്‍ തമ്മിലുള്ള ജീവന്മരണ പോരാട്ടം. 2014ല്‍ മോദി പ്രഭാവം ബിജെപിയുടെ വോട്ട് ബാങ്കായിരുന്നു.മോദി പ്രഭാവത്തില്‍ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി കീഴടക്കി കോണ്ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യവുംമായി മുന്നേറിയ ബി.ജെ.പിയെ നോട്ടു നിരോധനവും ജി.എസ്.റ്റിയും ആള്‍ക്കൂട്ടകൊലപാതകവും തിരിഞ്ഞു കൊത്തി. തുടര്‍ഭരണം ഉറപ്പിച്ച ബി.ജെ.പിക്ക് പന്നീട് കാര്യങ്ങള്‍ എളുപ്പമല്ലാതായി.  രണ്ടു വര്ഷം മുന്‍പുവരെ എതിരാളികള്‍ ഇല്ലാതെ അജയനായി മുന്നേറിയ മോദിക്ക്  രാഹുല്‍ ഗാന്ധി ശക്തനായ എതിരാളി ആയി വളര്‍ന്നു കഴിഞ്ഞു. ഏതു മുന്നണി  ജയിക്കുമെന്നതിനെക്കാൾ, ഇവരില്‍  ഏത് നേതാവ് ജയിക്കും എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.

ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ തവണ ബി.ജെ.പി.യെ ഒറ്റക്കക്ഷി ഭരണത്തിലെത്തിച്ചത് മോദി മാജിക്ക് ആയിരുന്നു. മോദിയെ എതിർക്കാൻ പ്രതിപക്ഷത്ത് ഒരു നേതാവും പോലും ഇല്ലാത്ത അവസ്ഥയായിരുന്നു എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ടു മോദി പ്രഭാവം മങ്ങി, ഇത്  രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ചക്ക് സഹായകമായി. സമീപകാലത്ത് നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്‌ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയങ്ങളോടെ രാഹുല്‍ ഗാന്ധി ശക്തനായ എതിരാളി ആണെന്ന് മോദിയും അമിത് ഷായും തിരിച്ചറിഞ്ഞു. അങ്ങനെ ഇത്തവണ ശക്തമായ മത്സരം നേരിടുകയാണ് ബി.ജെ.പി. വടക്കേ ഇന്ത്യയില്‍ ബി.ജെ.പി. മുന്നേറും എങ്കിലും തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രെസിനായിരിക്കും മേല്‍ക്കൈ. ,മാത്രമല്ല അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധി അമേഠിക്കൊപ്പം  വയനാട്ടില്‍ കൂടി മത്സരിക്കാന്‍ തീരുമാനിച്ചതോടെ തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന് അനുകൂലമായി ഒരു തരംഗം തന്നെ ഉണ്ടായേക്കാം. അമേഠിയില്‍ പൂര്‍ണ്ണ വിശ്വാസം ഇല്ലാത്തതിനാലാണ്  രാഹുല്‍ ഗാന്ധി വയനാട് കൂടി തിരഞ്ഞെടുത്തത് എങ്കിലും, കേരളത്തിനു  പ്രത്യേകിച്ച് വയനാട്ടിന് അന്തര്‍ദ്ദേശീയ തലത്തില്‍ വരെ ശ്രദ്ധ ലഭിക്കുകയാണ്. ഇനി ഇന്ത്യയിലെ വിവിഐപി മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് വയനാടും ഒരു പക്ഷേ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയെ സംഭാവന ചെയ്യുന്നത് വയനാട് ആയിരിക്കും.

 

രാഹുല്‍ ഗാന്ധിയുടെ സ്ഥാനര്തിത്വം ഏറ്റവും കൂടുതല്‍ തിരിച്ചടിയാവുന്നത് ഇടതുപക്ഷത്തിനാണ്. വയനാട്ടില്‍ ഇടതുമുന്നണിക്ക് നേരത്തെ തന്നെ ജയ സാധ്യത ഇല്ലായിരുന്നുവെങ്കിലും, രാഹുല്‍ ഗാന്ധിയുടെ വരവ് കേരളം മുഴുവന്‍ വലിയ മുന്നേറ്റം കോണ്‍ഗ്രസിന്‌ കൊടുക്കും എന്നതില്‍ സംശയമില്ല. മുന്‍പേ അബല, ഇപ്പോള്‍ ഗര്‍ഭിണിയും എന്ന അവസ്ഥയാണ്  ഇടതുപക്ഷത്തിന്. കൊണ്ഗ്രെസിനാകട്ടെ വീതം വച്ചപ്പോള്‍ ഗ്രൂപ്പ് പോരില്‍ കീറാമുട്ടിയായി നിന്ന വയനാട്ടില്‍ ഇതിലും നല്ല ഒരു സ്ഥാനാര്‍ഥിയെ കിട്ടാനുമില്ല. ഉറച്ച സീറ്റായ വടകരയും ആലത്തൂരും കാസര്ഗോഡും ഒക്കെ നഷ്ട്ടപെടാന്‍ സാധ്യത ഉള്ള സി.പി.എമ്മിന് ദേശീയ പദവി നഷ്ട്ടപെടാതിരിക്കാന്‍ പത്തനംതിട്ടയും ആലപ്പുഴയും മാവേലിക്കരയും ഒക്കെ നേടിയെടുത്തേ പറ്റുകയുള്ളു. ഭരണ വിരുദ്ധ വികാരം ശക്തമായി ഇല്ലെങ്കിലും ശബരിമലയും, കൊലപാതക രാഷ്ട്രീയവും ഒക്കെ പ്രതികൂലമായി വരും. ദേശീയ തലത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രെസും തമ്മിലാണ് മത്സരം.മൂന്നാം മുന്നണി എന്നത് ഇത്തവണ പ്രസക്തവും അല്ല. അതുകൊണ്ട്  ഇടതുമുന്നണി  ജയിച്ചാലും എം.പിമാരായി  ഡല്‍ഹിയില്‍ എത്തുമ്പോള്‍ കൊണ്ഗ്രെസ്സ് അക്കൌണ്ടില്‍ തന്നെ എണ്ണാന്‍ ഉള്ളവരാണ് എന്ന് ചുരുക്കം.

വാല്ക്കഷണം: വയനാട്ടില്‍നിന്നും രാഹുൽ ഗാന്ധി ജയിക്കും എന്ന കാര്യത്തിൽ ഇടതുപക്ഷത്തിനു പോലും സംശയം ഉണ്ടാകില്ല.ഭൂരിപക്ഷം എത്രയാകും എന്നതിലെ സംശയം ഉള്ളു. ഒപ്പം രണ്ടിടത്തും ജയിച്ചാല്‍ വയനാട് കൈവിടുമോ എന്നതും.