താമരയോ കൈപ്പത്തിയോ?

ഇന്ത്യയില്‍ വീണ്ടും ഒരു പൊതു തിരഞ്ഞെടുപ്പിനു കേളികൊട്ട് ഉയര്‍ന്നു തുടങ്ങി. ലോക രാജ്യങ്ങള്‍ ഇന്നും അത്ഭുതത്തോടെ നോക്കി കാണുന്ന ലോകത്തിലെ ഏറ്റവും വലിയതും ചെലവേറിയതുമായ   ജനാധിപത്യ തിരഞ്ഞെടുപ്പ്.അടുത്ത അഞ്ചു വര്‍ഷത്തേക്ക്  ഇന്ദ്രപ്രസ്ഥത്തിലേക്ക് ആരെ വാഴിക്കണമെന്ന്  കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ജനങ്ങള്‍ വിധി എഴുതും. അവശേഷിക്കുന്നത് ഒരൊറ്റ ചോദ്യം..താമര വീണ്ടും വിരിയുമോ ,അതോ  കൈപ്പത്തി തിരിച്ചുവരുമോ? മുന്നു വര്‍ഷം മുന്‍പ് വരെ ഈ ചോദ്യത്തിനു തന്നെ പ്രസക്തി ഇല്ലായിരുന്നു. മോദിയെന്ന അനിഷേധ്യ നേതാവിന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിവും ജനസമ്മിതിയുമുള്ള മറ്റൊരു  ദേശീയ നേതാവും ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. പതിനാറാം ലോക്സഭയില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തോടെ ബി.ജെ.പിയെ അധികാരത്തിലെത്തിച്ച മോദിയെ നേരിടാന്‍ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം പോലും മുഖ്യപ്രതിപക്ഷ കക്ഷിക്ക് ഇല്ലായിരുന്നു. മോദി പ്രഭാവത്തില്‍ ഇന്ദ്രപ്രസ്ഥവും, ഒന്നൊന്നായി സംസ്ഥാനങ്ങളും പിടിച്ചടക്കി ,കോണ്ഗ്രെസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക്  മുന്നേറിയ ബി.ജെ.പിക്ക് ഇടക്ക് വച്ച് ചുവടുകള്‍ പിഴച്ചു തുടങ്ങി. ഈ കാലയളവില്‍ മോദിക്ക് ഒത്ത എതിരാളിയും  രൂപപെട്ടു വന്നു ,അല്ലെങ്കില്‍  മോദിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ രാഹുല്‍ ഗാന്ധി എന്ന യുവനേതാവിന്  കഴിഞ്ഞുതുടങ്ങി.ഹിന്ദി ഹൃദയഭൂമിയില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ ബി ജെ പിയുടെ തകർച്ചയേയും കോൺഗ്രസിന്റെ തിരിച്ചുവരവിനെയും കാട്ടുന്നതായിരുന്നു.

പ്പു എന്ന പരിഹാസ കഥാപാത്രത്തില്‍ നിന്നും പക്വതയുള്ള നേതാവായുള്ള രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ചയാണ്  കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ രാഷ്ട്രീയം കണ്ടത്. നോട്ടു നിരോധനവും ചരക്ക്, സേവന നികുതിയും, പോലുള്ള ഭരണപരാജയങ്ങളും, , ഭരണം മറന്നുള്ള രാഷ്ട്രീയവും മോദിയുടെ പ്രഭാവം തല്ലികെടുത്തിയപ്പോള്‍ ഒറ്റയാൾ പോരാട്ടത്തിലൂടെ മോദി സർക്കാരിനേയും ബിജെപിയെയും  സമ്മർദ്ദത്തിലാക്കാനും , കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ വിജയ പാതയിലേക്ക് തിരിച്ചു കൊണ്ടുവരാനും രാഹുല്‍ഗാന്ധിക്ക് സാധിച്ചു. ബി.ജെ.പിയുടെ ശക്തിദുര്ഗങ്ങളായ മൂന്നു സംസ്ഥാനങ്ങളാണ് കോണ്ഗ്രസ് തിരിച്ചുപിടിച്ചത്. രാഹുല്‍ഗാന്ധി നേരിട്ട് പ്രചാരണം നയിച്ച ഈ മൂന്ന് സംസ്ഥാനങ്ങളിലേയും വിജയത്തോടെ  ദേശീയ രാഷ്ട്രീയത്തിലെ ശക്തനായ നേതാവായി രാഹുല്‍ ഗാന്ധി മാറി. ഈ വിജയത്തോടെ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില് ബി.ജെ.പി. വിരുദ്ധ ചേരിയുടെ നേതിര്‍ത്വം രാഹുല്‍ഗാന്ധിക്ക് കിട്ടിയിരിക്കുകയാണ്. മാത്രമല്ല ജനപ്രീതിയുടെ കാര്യത്തില്‍ മോദിയുയും  രാഹുല്‍ ഗാന്ധിയും തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നതായാണ് എല്ലാം സര്‍വ്വേകളും ഇപ്പോള്‍ വ്യക്തമാക്കുന്നത്.

പ്രാദേശിക പാര്‍ട്ടികള്‍ ആയിരിക്കും ഇത്തവണ ഇന്ത്യ ആര് ഭരിക്കണമെന്ന് നിശ്ചയിക്കുക. പ്രാദേശിക പാര്‍ട്ടികള്‍ തങ്ങളുടെ സ്വാധീന മേഖല്കളില്‍ വിജയിച്ചുവരികയും  രാഷ്ട്രീയ അതിജീവനത്തിനു അനിവാര്യമായ സഖ്യത്തിലേര്‍പ്പെടുകയും ചെയ്താല്‍, ഇന്ദ്രപ്രസ്ഥം പിടിക്കാനുള്ള  രംഗങ്ങള്‍ സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്‌സിലേക്ക്  എന്നത് പോലെ നീങ്ങും  . കഴിഞ്ഞ തവണ ബി.ജെ.പിക്ക് അതു നേരിടേണ്ടിവന്നില്ല.അത്രക്ക് മൃഗീയ ഭൂരിപക്ഷംമാണ് അവര്‍ക്ക് കിട്ടിയത്.എന്നിട്ടും  കൂടെ കൂട്ടിയവര്‍ പലരും പിന്നീട്അവരെ ഉപേക്ഷിച്ചു പോവുകയും ചെയ്തു. പ്രമുഖ സഖ്യകക്ഷിയായ ശിവസേന പോലും അവരോട് ഇടഞ്ഞുനില്‍ക്കുന്ന അവസ്ഥയാണ്. ചന്ദ്രബാബുനായിഡുവും, മമതയും സ്റ്റാലിനും അഖിലേഷ് യാദവും മായാവതിയും ദേവഗൗഡയുമൊക്കെ തിരഞ്ഞെടുപ്പിനു ശേഷം   കോണ്ഗ്രസിനോപ്പം കൈകോര്‍ക്കാനാണ് സാധ്യത. ഇടതു പാര്‍ട്ടികള്‍  പതിവുപോലെ കേരളം മറന്നുള്ള നിലപാടിലേക്ക് പോയേക്കില്ല. മാത്രമല്ല മമതയടെകൂടെ ചേരാന്‍ ബംഗാള്‍ ഘടകവും സമ്മതിക്കില്ല.എന്നിരുന്നാലും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിറുത്താന്‍ അനിവാര്യമായ പിന്തുണ ചിലപ്പോള്‍ അവരും കൊടുത്തെക്കും. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ യു.പി.എയോ അല്ലെങ്കില്‍ അവരുടെ പിന്തുണയോടെ ഏതെങ്കിലും ഒരു പ്രാദേശിക പാര്‍ട്ടിയുടെ നേതാവോ ആയിരിക്കും ഇത്തവണ  അധികാരത്തില്‍ വരാന്‍ സാധ്യത. കോണ്‍ഗ്രസ്‌ തനിച്ച് എത്ര സിറ്റ് നേടും എന്നതാശ്രയിച്ചിരിക്കും അവരുടെ സാധ്യത.  കേവല ഭൂരിപക്ഷം ഇല്ലാതെ ആര് വന്നാലും അവര്‍ക്ക് അധികാരം നേടാനും കാലാവധി പൂര്‍ത്തീകരിക്കാനും വലിയ വില കൊടുക്കേണ്ടിവരും എന്നതില്‍ സംശയമില്ല.

 

വാല്ക്കഷണം: സമീപകാലത്ത് വന്‍ മാര്‍ക്കറ്റിംഗ് പദ്ധതികളും വാനോളം പ്രതീക്ഷകളുമായി റിലീസിനോരുങ്ങി, കേരളം മുഴുവന്‍ ഒരു തരംഗമാകുമെന്ന് പ്രതീക്ഷിച്ച ഒരു വന്‍ ബജറ്റ് മലയാളചിത്രത്തിനോടാണ് മോദിയെ ഉപമിക്കേണ്ടത്. സിനിമ  വലിയ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല ഏന്ന് മാത്രമല്ല.,സംവിധായകന്‍റെ തുടക്കത്തിലെ വാചകകസറത്തുകള്‍ സിനിമക്ക് തിരിച്ചടിയാവുകയും ചെയ്തു.ഇനി ആ സംവിധായകന്‍ രണ്ടാമത് ഒരു ചിത്രവുമായി വന്നാല്‍  പ്രേക്ഷകര്‍ മുന്‍വിധിയോടെ മാത്രമേ സ്വീകരിക്കുകയുള്ളൂ.സമാനമായ അവസ്ഥയാണ് മോദിയുടെയും.