ന്യൂസീലൻഡിൽ ഭീകരാക്രമണം, 50 മരണം: മരിച്ചവരിൽ മലയാളി യുവതിയും

വെല്ലിങ്ടൻ ∙ ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ച് നഗരത്തിൽ 2 മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ച 50 പേരിൽ മലയാളി യുവതിയും. കൊച്ചി മാടവന തിരുവള്ളൂർ പൊന്നാത്ത് അബ്ദുൽ നാസറിന്റെ ഭാര്യ അൻസി (25), ഡീൻസ് അവന്യൂവിലെ അൽനൂർ മസ്ജിദിലാണ് വെടിയേറ്റു മരിച്ചത്. നാസറും മസ്ജിദിലുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

കൊടുങ്ങല്ലൂർ കരിപ്പാക്കുളം പരേതയായ അലിബാവയുടെയും റസിയയുടെയും മകളാണ് അൻസി. ന്യൂസീലൻഡിലെ ലിൻകോൺ സർവകലാശാലയിൽ അഗ്രി ബിസിനസ് മാനേജ്മെന്റ് വിദ്യാർഥിനിയായിരുന്നു. നാസർ ക്രൈസ്റ്റ്ചർച്ചിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. ഒരു വർഷം മുൻപാണ് ഇരുവരും ന്യൂസീലൻഡിലെത്തിയത്.

കാണാതായ 6 ഇന്ത്യക്കാരെക്കുറിച്ചും 2 ഇന്ത്യൻ വംശജരെക്കുറിച്ചുമുള്ള വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് ന്യൂസീലൻഡിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. 2 ഇന്ത്യക്കാർ ചികിൽസയിലുണ്ട്. കൊല്ലപ്പെട്ടവരിൽ പാക്കിസ്ഥാൻ, തുർക്കി, സൗദി അറേബ്യ, ബംഗ്ലദേശ്, ഇന്തൊനീഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർ ഉൾപ്പെടും.

2 വയസ്സുള്ള ആൺകുട്ടിയും 5 വയസ്സുള്ള പെൺകുട്ടിയുമുൾപ്പെടെ 39 പേരാണ് ക്രൈസ്റ്റ്ചർച്ചിലെ ആശുപത്രിയിൽ ചികിൽസയിലുള്ളത്. പെൺകുട്ടിയുടെ മുഖത്തും വയറ്റിലും കാലിലുമാണ് അക്രമി വെടിവച്ചത്. നില അതീവഗുരുതരമാണ്. അക്രമിയെ പിടികൂടിയില്ലായിരുന്നെങ്കിൽ അയാൾ മറ്റൊരിടത്ത് വെടിവയ്പ് തുടരുമായിരുന്നുവെന്നും വാഹനത്തിൽ 2 തോക്കുകൾ കൂടി ഉണ്ടായിരുന്നുവെന്നും ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേ‍ൻ പറഞ്ഞു.

വംശവെറിയനായ ഓസ്ട്രേലിയക്കാരൻ ബ്രെന്റൻ ടറാന്റ് വെള്ളിയാഴ്ച ജുമുഅ നമസ്കാരസമയത്താണു 2 മസ്ജിദുകളിലെത്തി കൂട്ടക്കുരുതി നടത്തിയത്. അൽനൂർ മസ്ജിദിൽ ഉച്ചയ്ക്ക് 1.45ന് (ഇന്ത്യൻ സമയം രാവിലെ 6.15) എത്തിയ അക്രമി ആദ്യം പുരുഷന്മാരുടെ പ്രാർഥനാ ഹാളിലും തുടർന്നു സ്ത്രീകളും കുട്ടികളുമുള്ള ഹാളിലുമെത്തി തുരുതുരാ വെടിയുതിർക്കുകയായിരുന്നു.ടറാന്റിനെ കോടതിയിൽ ഹാജരാക്കി കുറ്റം ചുമത്തി. റിമാൻഡ് ചെയ്ത ഇയാളെ ഏപ്രിൽ 5-നു വീണ്ടും ഹാജരാക്കും.