പ്രളയദുരന്തത്തിന്‍റെ തുടര്‍ദുരിതങ്ങള്‍ പ്രവാസി മലയാളികളെയും പിടികൂടാനൊരുങ്ങുന്നു.

സിഡ്നി: കേരളത്തെ ദുരിതക്കടലിലാഴ്ത്തിയ മഹാപ്രളയത്തിന്‍റെ അവശേഷിപ്പുകള്‍ പ്രവാസി മലയാളികളെയും പിടികൂടാനൊരുങ്ങുന്നു. കേരളത്തില്‍നിന്നുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വന്‍തോതില്‍ വില വര്‍ദ്ധിക്കുമെന്നാണ് സൂചന.മലയാളികള്‍ക്ക് ഒഴിവാക്കാനാവാത്ത അരിയുടെയും പച്ചക്കറികളുടെയും വിലയില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വെള്ളപ്പൊക്കത്തില്‍ കാലടി പ്രദേശത്തെ അരി മില്ലുകളെല്ലാം വെള്ളത്തില്‍ മുങ്ങിയതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ കമ്പനികള്‍ക്കും സഹിക്കെണ്ടിവന്നത്. ഗോഡൌണ്‍കള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ അവിടെ സൂക്ഷിച്ചിരുന്ന ടണ്‍കണക്കിന് നെല്ലും, അരിയും നഷ്ടപ്പെട്ടതിനുപുറമേ കമ്പനികളുടെ മെഷിനറികളും നശിച്ചു.

പല കമ്പനികളും പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. പ്രവര്‍ത്തനം ആരംഭിച്ചവര്‍ക്ക് കമ്പനിയുടെ നഷ്ടം നികത്തണമെങ്കില്‍ പ്രവാസി മലയാളികളെ പിഴിയുകയല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലില്ല. നാട്ടില്‍ അരിവില വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍തല നടപടികള്‍ നേരിടേണ്ടി വരുമെന്നതിനാല്‍ അതിന് കഴിയില്ല. പ്രളയദുരിതത്തെതുടര്‍ന്ന് സമീപസംസ്ഥാനങ്ങളില്‍നിന്ന് വലിയ അളവില്‍ അരി സൗജന്യമായി ലഭിച്ചതുമൂലം നാട്ടില്‍ കാര്യമായ അരിക്ഷാമം ഇല്ലാത്തതും വിലവര്‍ധിപ്പിക്കാന്‍ തടസമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന അരിയുടെ വില വര്‍ദ്ധിപ്പിക്കുകയാണ് മില്ലുടമകളുടെ മുന്നിലുള്ള ഏക പോംവഴി. അരിവില മാത്രമല്ല, അരിപ്പൊടിയുടെയും വില വന്‍തോതില്‍ വര്‍ദ്ധിക്കുന്നത് മലയാളികള്‍ക്ക് പ്രഹരമാകും.

അരി കഴിഞ്ഞാല്‍ പ്രവാസി മലയാളികള്‍ വലിയതോതില്‍ ഉപയോഗിക്കുന്ന പച്ചകപ്പയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. മുന്‍കാലങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ പാടശേഖരങ്ങളിലെ കപ്പകൃഷി നശിക്കാറുണ്ടെങ്കിലും കരപറമ്പുകളിലെ കപ്പകൃഷിയെ കാര്യമായി ബാധിക്കാറില്ല. ഇക്കുറി പക്ഷെ തുടര്‍ച്ചയായിപെയ്ത മഴ കരപറമ്പുകളിലെയും കപ്പകൃഷിയെ തകര്‍ത്തുകളഞ്ഞു.

പ്രളയജലം വാഴകൃഷിയെ തകര്‍ത്തെറിഞ്ഞതും പ്രവാസികളുടെ പെടലിക്ക്‌ വീഴും. മലയാളികള്‍ കാര്യമായി ഉപയോഗിക്കുന്ന ഏത്തക്കായ ചിപ്സ്, പഴംപൊരി തുടങ്ങിയവയുടെ വിലയും കൂടുമെന്നുറപ്പ്. അരിപ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന മറ്റ് പലഹാരങ്ങളുടെയും അവസ്ഥ വ്യത്യസ്തമാകാനിടയില്ല.പച്ചമുളക്, മുരിങ്ങക്കായ, പാവയ്ക്കാ, ചെറിയ ഉള്ളി, തുടങ്ങിയ ചിലയിനം പച്ചക്കറികള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവയായതിനാല്‍ പ്രളയം മൂലമുള്ള വിലവര്‍ധനവ്‌  അവയെ ബാധിക്കാനിടയില്ലെങ്കിലും, ഡീസല്‍ വിലവര്‍ധനവ്‌ അവിടെയും വില്ലനായി എത്തിയേക്കാം.

നാട്ടില്‍ വിലനിലവാരം നിയന്ത്രിക്കാന്‍ ഭക്ഷ്യവകുപ്പും സര്‍ക്കാരും കണ്ണുരുട്ടിയാല്‍ കഴിയുമെങ്കിലും വിദേശത്തേക്ക് കയറ്റുമതിചെയ്യുന്ന ഉല്പന്നങ്ങളുടെ വിലയുടെ കാര്യത്തില്‍ സര്‍ക്കാരിന് നിയന്ത്രണം കഴിയില്ലല്ലോ.സാധാരണ പ്രവാസി മലയാളി കുടുംബങ്ങളുടെ ഭക്ഷ്യബജറ്റില്‍ അമ്പതുശതമാനത്തിന്‍റെ എങ്കിലും വര്‍ധനവ്‌ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.