ചെങ്ങന്നൂരില്‍ ജീവന്മരണ പോരാട്ടം

പിണറായി സര്‍ക്കാറിന്‍റെ  പ്രോഗ്രസ് റിപ്പോര്‍ട്ടാകാന്‍ പോകുന്ന  ചെങ്ങന്നൂര്‍  ഉപതിരഞ്ഞെടുപ്പില്‍ തീപാറുന്ന പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും ഭരണപക്ഷം   തോറ്റു.അതൊക്കെ സിറ്റിംഗ് സീറ്റായിരുന്നില്ല എന്നാശ്വസിക്കാം. ചെങ്ങന്നൂര്‍ സീറ്റ്  നഷ്ടപ്പെട്ടാലും  പിണറായി മന്ത്രിസഭക്ക് ഒരു ഭീഷണിയില്ലെങ്കിലും അത് വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നതില്‍ സംശയമില്ല. മന്ത്രി സഭ അഴിച്ചുപണിക്കും മുന്നണിയിലെ അപ്സ്വരങ്ങള്‍ക്കും ഇത് വഴി വയ്ക്കും.  കോണ്‍ഗ്രെസിനാണെക്കില്‍ മാണിയും വീരേന്ദ്രകുമാറും മുന്നണി വിട്ടതിനു ശേഷമുള്ള കഠിന പരീക്ഷണമാണ്.തോറ്റാല്‍ മാണിയുടെ പുറകെ കൊണ്ഗ്രെസ്സിന് ഇനിയും തൊഴുത് നടക്കേണ്ട അവസ്ഥയായിരിക്കും. ബി.ജെ.പിക്ക് മുന്‍പത്തെ പോലെ മോദിയുടെ ബ്രാന്‍ഡ്‌ ഇമേജില്‍ വോട്ടു പിടിക്കാന്‍ കഴിയില്ല, അങ്ങനെ ചെയ്‌താല്‍ ഉള്ളത് കൂടി പോകുന്ന അവസ്ഥയും. ചെങ്ങന്നൂരില്‍ പ്രചാരണം  കൊഴുക്കുമ്പോള്‍ സമ്മര്‍ദ്ദവും വിലപേശലുംമായി രാഷ്ട്രീയ സാമുദായിക സംഘടനകളും രംഗത്തുണ്ട്.അങ്ങനെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പയിരിക്കും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്.

2016 ല്‍ കോണ്ഗ്രസിലെ പി.സി വിഷ്ണുനാഥിനെ എഴായിരത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സി.പി.എമ്മിലെ കെ.കെ രാമചന്ദ്രന്‍ നായര്‍ ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലെത്തിയത്.രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നടക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പക്ഷെ അന്നത്തെ പോലെയല്ല കാര്യങ്ങള്‍. 2016 ലെ തെരഞ്ഞെടുപ്പില്‍ ചതുഷ്‌കോണ മത്സരത്തിലൂടെയായിരുന്നു എല്‍.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തത്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം  സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തല്‍ കൂടിയാവും. മൂന്നു പാര്‍ട്ടികള്‍ക്കും  ജയം അനിവാര്യമാണ് , പക്ഷേ ആര്‍ക്കും ജയം ഉറപ്പില്ല. തീയതി പോലും പ്രഖ്യാപിക്കും മുമ്പെ മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളെ  പ്രഖ്യാപിച്ചു പ്രചരണം തുടങ്ങിയതും അതുകൊണ്ടാണ്ട് .ചെങ്ങന്നൂര്‍ ആലപ്പുഴ ജില്ലയിലാണെങ്കില്‍ കൂടി പത്തനംതിട്ട ജില്ലയുടെ സാമുദായിക രാഷ്ട്രീയ സാമ്പത്തിക നിലപാടുകളാണ് കൂടുതല്‍ പ്രകടിപ്പിക്കുന്നത്.  സജി ചെറിയാനാണ് എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി. യു.ഡി.എഫിനെ പ്രതിനിധീകരിച്ച്‌ ഡി. വിജയകുമാറും ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി പി.എസ്‌.ശ്രീധരന്‍പിള്ളയുമാണ്‌ രംഗത്തുള്ളത്. കഴിഞ്ഞ തവണ കൈവിട്ട ഉറച്ച കോട്ട തിരിച്ചു പിടിക്കേണ്ടത്‌  യുഡിഎഫിന് അത്യന്താപേക്ഷിതമാണ്. തിരിച്ചുപിടിച്ച മണ്ഡലം നിലനിര്‍ത്തുകയെന്ന അഗ്‌നിപരീക്ഷയാണ് എല്‍ഡിഎഫിനുള്ളത്. കഴിഞ്ഞ തവണ മോദി പ്രഭാവത്തില്‍ ഏഴ് ഇരട്ടി വോട്ടുമായി അത്ഭുതം കാട്ടിയ ബി.ജെ.പിക്ക് ഇത്തവണ അത് ആവര്‍ത്തിക്കേണ്ടത് നില നില്‍പ്പിന്‍റെ പ്രശ്നവുമാണ്

ശക്തമായ ത്രികോണമത്സരം ഉറപ്പായ സാഹചര്യത്തില്‍ കഴിഞ്ഞ തവണ ബി.ജെ.പി പിടിച്ച യു.ഡി.എഫ് വോട്ടുകള്‍ തിരിച്ചു പിടിക്കാനും, ബിജെപി വോട്ടുകളില്‍ വിളളല്‍ വീഴ്ത്താനും വിജയകുമാറിനെ രംഗത്തിറക്കിയത്  വഴി സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നു. തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍  കഴിഞ്ഞതും  മണ്ഡലത്തില്‍ സുപരിചിതനും ഗ്രൂപ്പുകള്‍ക്ക് അതീതനുമായ   സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാനും ഇത്തവണ കൊണ്ഗ്രെസിനു കഴിഞ്ഞു എന്നത് ഒരു നേട്ടമാണ്. പ്രാദേശികമായുള്ള ജനസ്സമ്മതി വിജയകുമാറിന് മുതല്ക്കൂട്ടാവും, പക്ഷെ മാണി മുന്നണി വിട്ടത് തിരിച്ചടിയകുമോ എന്ന് നിശ്ചയമില്ല.  സിറ്റിംഗ് സീറ്റില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ തന്നെ നിറുത്തി പാര്‍ട്ടി വോട്ടുകളും , ക്രൈസ്തവ വോട്ടുകളും പിന്നെ ഭരിക്കുന്ന മുന്നണിയുടെ ആനുകൂല്യവും മുതലാക്കി ജയിക്കാമെന്ന് എല്‍.ഡി.എഫ് കണക്കു കൂട്ടുന്നു. ബിജെപിയുമായി ഇടഞ്ഞ ബിഡിജെഎസിന്‍റെ നിലപാട് തങ്ങള്‍ക്ക് അനുകൂലമാകും എന്ന് എല്‍.ഡി.എഫ് കരുതുന്നു. സജി ചെറിയാന്‍ പ്രതിനിധീകരിക്കുന്ന സഭയ്ക്ക് മണ്ഡലത്തില്‍ കാര്യമായ  സ്വാധീനം ഇല്ലെങ്കിലും ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിയും എന്നാണ് എല്‍.ഡി.എഫ് കരുതുന്നത്. ഭരിക്കുന്ന മുന്നണിക്കെതിരെ ഉയരുന്ന ജനവികാരം തിരിച്ചടിയാകുമോ എന്നതാണ് എല്‍.ഡി.എഫിനെ കുഴയ്ക്കുന്നത്. ബി..ജെ.പിയാണെക്കില്‍ കഴിഞ്ഞ തവണ കാഴ്ചവെച്ച മുന്നേറ്റത്തില്‍  ഒന്നുകൂടി ആഞ്ഞുപിടിച്ചാല്‍ താമര വിരിയും എന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരന്‍പിള്ളയെ തന്നെ മുനിര്‍ത്തിയാണ് ഇത്തവണയും ബി.ജെ.പിയുടെ പരീക്ഷണം. ത്രിപുര പിടിക്കാമെങ്കില്‍ കേരളവും സാധിക്കും എന്നു വിശ്വസിക്കുന്ന കേന്ദ്ര നെതിര്‍ത്വത്തിനു മുന്‍പില്‍ അതു തെളിയിച്ചില്ല  എങ്കില്‍ കേരളത്തെ അമിത് ഷാ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ വെട്ടും.

സാമുദായിക ഘടകകങ്ങള്‍ ഏറെ നിര്‍ണായകമായ മണ്ഡലമാണ് ചെങ്ങന്നൂര്‍.ഒരു പക്ഷെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്നതും ഇതായിരിക്കും.ശബരിമലയുടെയും പരുമല പള്ളിയുടെയും വികസനവും പ്രധാന്യവും ഉയര്‍ത്തി കാട്ടിയുള്ള പ്രചാരണം ഇതിന്‍റെ ഭാഗമാണ്. മതമേലദ്ധ്യക്ഷമാരുടെയും സാമുദായിക നേതാക്കളുടെയും പിന്തുണയ്ക്കായി സ്ഥാനാര്‍ഥികള്‍ കയറി ഇറങ്ങുന്നതും ഇതു കൊണ്ടാണ്.രാഷ്ട്രീയ വോട്ടുകൾക്കൊപ്പം സാമുദായിക ചേരുവകളും പരീക്ഷണങ്ങളും അന്തിമ ഫലത്തെ ബാധിക്കും എന്നതില്‍ സംശയമില്ല.

വാല്ക്കഷണം: ചെങ്ങന്നൂരില്‍ ആര് ജയിക്കും എന്നതില്‍ ഉപരി ആരായിരിക്കും മൂന്നാം സ്ഥാനത്ത്‌ എത്തുക എന്നതാണ് രാഷ്രീയ കേരളം ആകാംഷയോടെ കാത്തിരിക്കുന്നത്. തോല്‍ക്കുന്നതിനെക്കാള്‍  മൂന്നാം സ്ഥാനത്താകുന്നത് ചിന്തിക്കാനാവാത്ത സ്ഥിതിയാണ് മൂന്നു പാര്‍ട്ടികള്‍ക്കും..