മെല്‍ബണ്‍ സീറോ മലബാര്‍ രൂപത യൂത്ത് ലീഡേഴ്‌സ് സമ്മേളനം സമാപിച്ചു

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ യുവജന സംഘടനയായ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ പ്രഥമ യൂത്ത് ലീഡേഴ്‌സ് സമ്മേളനം മെല്‍ബണ്‍ മൗണ്ട് മോര്‍ട്ടണ്‍ ക്യാമ്പ് ആന്റ് കോണ്‍ഫറന്‍സ് സെന്ററില്‍ വച്ച് നടന്നു. ഓസ്‌ട്രേലിയായുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 60 ഓളം യുവജനങ്ങള്‍ മൂന്നു ദിവസമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ ബോസ്‌കോ പുത്തൂര്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധബലി അര്‍പ്പിച്ചു കൊണ്ടാണ് യുവജന കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. സഭ യുവജനങ്ങളെ സ്‌നേഹിക്കുന്നുവെന്നും സഭയുടെ വളര്‍ച്ചയില്‍ യുവജനങ്ങള്‍ക്ക് ഒത്തിരിയേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു. വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. മാത്യൂ കൊച്ചുപുരയ്ക്കല്‍, യൂത്ത് അപ്പൊസ്റ്റലേറ്റ് ചാപ്‌ളിന്‍ ഫാ. സാബു ആടിമാക്കിയില്‍, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവക വികാരി ഫാ. ഫ്രെഡി എലുവുത്തിങ്കല്‍ തുടങ്ങിയ വൈദികരുടെ സജീവ സാന്നിധ്യവും മൂന്നു ദിവസങ്ങളിലായി നടന്ന യുവജന കൂട്ടായ്മക്ക് ഉണര്‍വേകി. രൂപത യൂത്ത് അപ്പൊസ്റ്റലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി.

 

സീറോ മലബാര്‍ പാരമ്പര്യത്തെയും സംസ്‌കാരത്തെയും കുറിച്ച് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ നയിച്ച സെഷന്‍ സീറോ മലബാര്‍ സഭയെ കൂടുതല്‍ അടുത്തറിയാന്‍ യുവജനങ്ങളെ സഹായിച്ചു. ഫാ. ഫ്രെഡി എലുവുത്തിങ്കല്‍, ഫാ. സാബു ആടിമാക്കിയില്‍, ലീഡര്‍ഷിപ്പ് പരിശീലകന്‍ ഡോണി പീറ്റര്‍ എന്നിവര്‍ നയിച്ച വിവിധ സെഷനുകള്‍ സഭയെക്കുറിച്ചും സഭയിലെ യുവജന പങ്കാളിത്തത്തെ കുറിച്ചും ദിശാബോധം നല്കുന്നവയായിരുന്നു. മൗണ്ട് മോര്‍ട്ടന്‍ സംഘം നേതൃത്വം നല്കിയ വിവിധ ടീം ബില്‍ഡിങ്ങ് ആക്റ്റിവിറ്റികളില്‍ യുവജനങ്ങള്‍ ഏറെ ആവേശത്തോടെ പങ്കെടുത്തു. ഓസ്‌ട്രേലിയായുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പങ്കെടുത്ത യുവജനങ്ങള്‍ക്ക് തങ്ങളുടെ കലാപരമായ കഴിവുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അവസരം ലഭിച്ചു. സഭയെയും പ്രത്യേകിച്ച് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയിലെ യുവജന പ്രവര്‍ത്തനങ്ങളെ കുറിച്ചും സംഘടിപ്പിച്ച വിവിധ ചര്‍ച്ചകളും അതില്‍ നിന്ന് ഉണ്ടായ നിരവധി നിര്‍ദ്ദേശങ്ങളും രൂപതയിലെ യുവജന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കാന്‍ ഏറെ സഹായകമാകും.

യൂത്ത് അപ്പൊസ്റ്റലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ രൂപതയുടെ നാഷണല്‍ യൂത്ത് ഭാരവാഹികളുടെയും റീജിയണല്‍ ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് നടത്തി. നാഷണല്‍ ടീം കോര്‍ഡിനേറ്ററായി കാന്‍ബറയില്‍ നിന്നുള്ള ജെന്‍സിന്‍ സി ടോമിനെയും സെക്രട്ടറിയായി  മെല്‍ബണില്‍ നിന്നുള്ള ജോവാന്‍ സെബാസ്റ്റ്യനെയും കമ്മിറ്റി അംഗങ്ങളായി നവീന്‍ ജോസഫ് (പെര്‍ത്ത്), ക്രിസ്റ്റീന തോമസ് (ബ്രിസ്‌ബെന്‍), ഷെവിന്‍ ബിജു (മെല്‍ബണ്‍), പോള്‍ കൊല്ലറക്കല്‍ (അഡ്‌ലെയ്ഡ്), ഡിക്‌സണ്‍ ഡേവിസ് (ന്യുകാസില്‍) എന്നിവരെയും തിരഞ്ഞെടുത്തു. നാഷണല്‍ യൂത്ത് ടീം ഭാരവാഹികളായി നിയമിതരായ എല്ലാവരെയും ബിഷപ്പ് ബോസ്‌കോ പുത്തൂര്‍, വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, യൂത്ത് അപ്പൊസ്റ്റ്‌ലേറ്റ് ചാപ്‌ളയിന്‍ ഫാ.സാബു ആടിമാക്കിയില്‍ എന്നിവര്‍ അഭിനന്ദിച്ചു. ബോസ്‌കോ പുത്തൂര്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ രൂപതയുടെ പ്രഥമ യൂത്ത് ലീഡേഴ്‌സ് സമ്മേളനം സമാപിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍