മെൽബൺ കത്തീഡ്രൽ ഇടവകയിൽ ദുക്‌റാന തിരുന്നാൾ ജൂലൈ 3ന്

മെൽബൺ: സീറോ മലബാർ സഭ ‘സഭാദിന‘മായി ആചരിക്കുന്ന ജൂലൈ 3-ാം തിയതി സഭയ്ക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ മെൽബൺ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ ബിഷപ്പ് ബോസ്‌കോ പുത്തൂർ ആഹ്വാനം ചെയ്തു. സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്‌കോപൽ സഭയായി അംഗീകരിക്കപ്പെട്ടതിന്റെ രജതജൂബിലി ആഘോഷിക്കുന്ന ഈ വർഷത്തിലെ ദുക്‌റാന തിരുന്നാൾ ദിനത്തിൽരൂപതയുടെ വിവിധ ഇടവകകളിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ പങ്കെടുത്ത് തീക്ഷണമായി പ്രാർത്ഥിക്കാൻ സഭാദിനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച പ്രത്യേക സർക്കുലറിലൂടെ പിതാവ് ആവശ്യപ്പെട്ടു.ജൂലൈ 2-ാം തിയതി (ഞായറാഴ്ച) പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിലെ ദുക്‌റാന തിരുന്നാൾ ദിവ്യബലിയിൽ ബിഷപ്പ് ബോസ്‌കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിക്കും.
മെൽബൺ സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയിലെ ദുക്‌റാന തിരുന്നാൾ ഫോക്‌നാർ സെന്റ് മാത്യുസ് ദൈവാലയത്തിൽ ആഘോഷിക്കും. ജൂലൈ 3-ാം തിയതി (തിങ്കളാഴ്ച) വൈകുന്നേരം 7 മണിക്ക് കുർബാന അർപ്പണത്തിന്‍റെ  ഏറ്റവും ആഘോഷമായ റാസ കുർബാനയ്ക്ക് ബിഷപ്പ് ബോസ്‌കോ പുത്തൂർ മുഖ്യ കാർമ്മികത്വം വഹിക്കും. കത്തീഡ്രൽ ഇടവക വികാരി ഫാ.മാത്യൂ കൊച്ചുപുരയ്ക്കൽ, ഫോക്‌നാർ പള്ളി വികാരി ഫാ. ടോമി കളത്തൂർ എന്നിവർ സഹകാർമ്മികരായിരിക്കും. തുടർന്ന് ഇറ്റലിയിലെ ഓർത്തോണ സെന്റ് തോമസ് ബസിലിക്കയിൽ നിന്നും മാർ ബോസ്‌കോ പുത്തൂരിനു നൽകപ്പെട്ട വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ്, കത്തീഡ്രൽ ഇടവക വികാരി ഫാ.മാത്യൂ കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ജോബി മാത്യൂ, ബേബിച്ചൻ എബ്രഹാം, പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ ചേർന്ന് പിതാവിൽ നിന്ന് ഏറ്റുവാങ്ങും. കത്തീഡ്രൽ ഇടവകക്ക് കൈമാറുന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് മിക്കലിമിലെ കത്തീഡ്രൽ ചാപ്പലിൽ പ്രതിഷ്ഠിക്കും. വിശുദ്ധ കുർബാനക്കു ശേഷം തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ