അലക്സിയോസ് മാർ യൂസേബിയോസ് മെത്രാപോലീത്ത സിഡ്നി സന്ദര്‍ശിക്കുന്നു

സിഡ്നി: മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അലക്സിയോസ് മാർ യൂസേബിയോസ്  തിരുമേനി സിഡ്നിയില്‍ എത്തുന്നു. സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി സിഡ്നിയിലെ  സഭാമക്കളെ സന്ദര്‍ശിക്കാനെത്തുന്ന മെത്രാപ്പോലീത്തായ്ക്ക്  വിശ്വാസികള്‍ സ്നേഹോജ്വലമായ സ്വീകരണം നല്‍കും. മാര്‍ച്ച്‌ 16 മുതല്‍ 21 വരെ അഭിവന്ദ്യ തിരുമേനി സിഡ്നിയില്‍ ഉണ്ടായിരിക്കും.

മാര്‍ച്ച്‌ 17  വെള്ളിയാഴ്ച വൈകിട്ട് സിഡ്നി സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ എത്തുന്ന തിരുമേനി വൈകിട്ട് സന്ധ്യാനമസ്കാരത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചും കോപ്ടിക് ഓര്‍ത്തഡോക്സ് ചര്‍ച്ചും സംയുക്തമായി  നടത്തുന്ന യുവജനപ്രസ്ഥാന മീറ്റിംഗില്‍ മുഖ്യ പ്രഭാഷണം നല്‍കും. മാര്‍ച്ച്‌ 18-ശനിയാഴ്ച എപ്പിംഗ് സെന്റ്‌ മേരിസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ അഭിവന്ദ്യ തിരുമേനി കുര്‍ബാന അര്‍പ്പിക്കുകയും  തുടര്‍ന്ന് ഇടവകയുടെ റിട്രീറ്റിന് നേതൃത്വം  നല്‍കുകയും ചെയ്യും .അന്നേ ദിവസം വൈകിട്ട് നാലു മണി മുതല്‍ കത്തീഡ്രലിലെ കുടുംബ റിട്രീറ്റിനും  തിരുമേനി നേതൃത്വം നല്‍കും. തുടര്‍ന്ന് സന്ധ്യാനമസ്കാരവും നടത്തപെടും .ഞായറാഴ്ച കത്തീഡ്രലിലെ വിശുദ്ധ കുര്‍ബാനക്ക് അഭിവന്ദ്യ തിരുമേനി മുഖ്യ കാര്‍മ്മികത്വം  വഹിക്കും.

 മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ  അറിയപ്പെടുന്ന  വാഗ്മിയും ചിന്തകനും എഴുത്തുകാരനുമാണ്  അലക്സിയോസ്  മാര്‍ യൌസേബിയോസ് മെത്രാപോലീത്ത.