അന്തർദ്ദേശീയ വാർത്താ ഓൺലൈൻ പോർട്ടൽ ‘കേരളന്യൂസ്‌’ വിഎം സുധീരൻ ഉത്‌ഘാടനം ചെയ്തു.

തിരുവനന്തപുരം: അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഓസ്‌ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിൽ പ്രചാരം നേടിക്കഴിഞ്ഞ കേരളന്യൂസിൻറെ ഉദ്ഘാടന കർമ്മം ഇന്ദിരാഭവനിൽ വെച്ച് കെ പി സി സി പ്രസിഡൻറ് ശ്രീ . വി എം സുധീരൻ നിർവ്വഹിച്ചു. പൊതുജനങ്ങൾക്കിടയിൽ ഓൺലൈൻ മാധ്യമങ്ങളെ വളച്ചൊടിക്കുന്ന പത്രധർമ്മമായി കാണുന്ന രീതിയിൽ മാറ്റം വരണമെന്ന് സുധീരൻ പറഞ്ഞു. മലയാളികളുടെ ഏറ്റവും പ്രചാരമുള്ള കേരള ന്യൂസിന്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധീരൻ. വാർത്തകൾ പെരുപ്പിക്കാതെ സത്യത്തിന്റെ പാതയിൽ എഴുതണമെന്നും വ്യക്തികളെ തേജോവധം ചെയ്യുന്ന വാർത്തകളിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ പി സി സി വൈസ് പ്രസിഡൻറ് ശ്രീ എം. എം ഹസ്സൻ, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻറ് ഇ എം അഗസ്തി എക്സ് എം.എൽഎ, ജോസ് എം ജോർജ്ജ്, ജയ്ഹിന്ദ് ടീവി ഇടുക്കി റിപ്പോർട്ടർ എം എൻ സുരേഷ്, കേരളന്യൂസിന്റെ റസിഡൻറ് എഡിറ്റർ റോയ് നെറ്റോ, കോൺഗ്രസ്സ് നേതാവ് ജോമി തോമസ് എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.

പക്ഷപാത രഹിതമായ സമഗ്ര വാർത്തകളും വിലയിരുത്തലുകളും തികച്ചും വ്യത്യസ്തമായ രീതിയിൽ ആഗോള മലയാളി സമൂഹത്തിനുമുന്നിൽ എത്തിക്കുക്കുകയെന്ന ചരിത്രദൗത്യമാണ് കേരളന്യൂസ്‌ പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്. മലയാളികളുടെ ദേശാന്തര ജീവിതവും വാർത്തകളും സാംസ്ക്കാരിക സ്പന്ദനങ്ങളും അടങ്ങിയ സമകാലീക ജീവിതത്തിന്റെ നേർ സാക്ഷ്യമാണ് ഇതിന്റെ പ്രവർത്തകർ വിഭാവനം ചെയ്യുന്നതെന്ന് കേരളാ ന്യൂസ് ചീഫ് എഡിറ്റർ ജോസ് എം ജോർജ്ജ് അറിയിച്ചു.

വാർത്ത: ജോർജ് തോമസ്