പെൻറിത്ത് മലയാളികൾ ക്രിസ്മസ് ആഘോഷിച്ചു.

സിഡ്നി –പെൻറിത്ത് ∙ പെൻറിത്ത് മലയാളി കൂട്ടായ്മ വർണ്ണാഭമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. സംഗീതത്തിന്റെയും നൃത്ത ന്യത്യങ്ങളുടെയും അകമ്പടിയോടെ നൂറു കണക്കിനു കുട്ടികളും മുതിർന്നവരും അടങ്ങുന്ന സദസ്സ് സന്താ ക്ലോസിനെ വരവേറ്റു.

കിങ്ങ്സ് വുഡ് ഗവൺമെന്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ മലയാളി കൂട്ടായ്മയുടെ ഭരണ സമിതി അംഗങ്ങൾ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. യേശുക്രിസ്തു തന്റെ ജീവിതത്തിൽ കൂടി കാണിച്ചു തന്ന നന്മയുടെ പാഠങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ വഴികാട്ടിയാകട്ടെയെന്ന് ക്രിസ്മസ് സന്ദേശം നൽകി റവ. ഫാ. മാത്യു ആന്റണി ആശംസിച്ചു. ക്രിസ്തീയ ഭക്തി ഗാനങ്ങൾ, ക്ലാസിക്കൽ, സെമി ക്ലാസിക്കൽ നൃത്തങ്ങൾ, ഉപകരണ സംഗീതം എന്നിങ്ങനെ നിരവധി പരിപാടികൾ അരങ്ങേറി.

പെൻറിത്ത് മലയാളി കൂട്ടായ്മയ്ക്കുവേണ്ടി ലൈജു എഡ് വിൻസൺ നിർമ്മിച്ച പുതിയ വെബ്സൈറ്റ്, സുരേഷ് പോക്കാട്ട് രൂപകല്പന നിർവ്വഹിച്ച പുതിയ ലോഗോ എന്നിവയുടെ പ്രകാശനവും പരിപാടിയോടനുബന്ധിച്ചു നടന്നു. കൂട്ടായ്മയുടെ പ്രതീകമായി എല്ലാവരും ഒന്നു ചേർന്ന് വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്നും നടത്തി. കൂട്ടായ്മ നടത്തിയ വിവിധ പരിപാടികളിൽ പങ്കെടുത്ത പ്രതിഭകൾക്കുള്ള സമ്മാനദാനവും തുടർന്ന് ജോയി ജേക്കബ്, ജമിനി തരകൻ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി.

കൂട്ടായ്മയുടെ നേതൃത്വത്തിൽ കേരളീയ രീതിയിൽ കിങ്ങ്സ് വുഡ്, ഗ്ലൻമോർ പാർക്ക്, ജോർഡാൻ സ്പ്രിങ്ങ് എന്നിവടങ്ങളിലെ തിരഞ്ഞെടുത്ത ഭവനങ്ങളിൽ ക്രിസ്മസ് കാരൾ നടത്തി. തോമസ് കെ. ജെ., സുനിത സുരേഷ് എന്നിവർ അവതാരകരായ പരിപാടികൾക്ക് പ്രസിഡന്റ് സണ്ണി മാത്യു, സെക്രട്ടറി മഹേഷ് പണിക്കർ, വൈസ് പ്രസിഡന്റ് സുരേഷ് പോക്കാട്ട്, ട്രഷറർ ചെറിയാൻ മാത്യു, കമ്മറ്റിയംഗങ്ങളായ പ്രവീൺ അധികാരം, ജോയി ജേക്കബ്, ഷിബു മാളിയേക്കൽ, അജി റ്റി. ജി, റിഥോയി പോൾ, ജോബി അലക്സ്, ജിനു വർഗീസ് എന്നിവർ നേതൃത്വം നൽകി.