അസീറിയൻ ബിഷപ്പിനെതിരായ ആക്രമണം: 15 -കാരൻ അറസ്റ്റിൽ; രാത്രി പ്രതിഷേധം.

അസീറിയൻ ബിഷപ്പിനെതിരായ ആക്രമണം: 15 -കാരൻ അറസ്റ്റിൽ; രാത്രി പ്രതിഷേധം.

സിഡ്‌നി: തിങ്കളാഴ്ച രാത്രി സിഡ്‌നിയിൽ ബിഷപ്പിന് നേരെയുണ്ടായ ആക്രമണം ഭീകര സംഭവമായി കണക്കാക്കുന്നതായി ന്യൂ സൗത്ത് വെയിൽസ്‌ പ്രീമിയർ ക്രിസ് മിൻസ് സ്ഥിരീകരിച്ചു. വെക്‌ലിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ രാത്രി ഏഴുമണിക്ക് ശേഷം നടന്ന ചടങ്ങിനിടെയാണ് ബിഷപ്പ് മാർ മാരി ഇമ്മാനുവലിന് കുത്തേറ്റത്. ഫാദർ ഐസക് റോയലിനും പരിക്കേറ്റു. ഇരുവരും ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുമെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെപറ്റി അന്വേഷിക്കാൻ പ്രത്യേക സ്‌ട്രൈക്ക് ഫോഴ്‌സ് രൂപികരിച്ചു.

തിങ്കളാഴ്ച വൈകിട്ട് പള്ളിയില്‍ കുര്‍ബാന നടക്കുന്നതിനിടെയാണ് യുവാവ് ആക്രമണം നടത്തിയത്. കുര്‍ബാനയ്ക്കിടെ അക്രമി കത്തിയുമായി മുന്നോട്ട് നടന്നുനീങ്ങുകയും പുരോഹിതനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇതോടെ വിശ്വാസികള്‍ ഓടിക്കൂടി. തുടര്‍ന്ന് അക്രമി ഇവര്‍ക്കുനേരേയും ആക്രമണം നടത്തി. വൈദികൻ ഉൾപ്പടെ നാലോളം പേർക്ക് പരിക്കുണ്ട്. പള്ളിയിലെ കുര്‍ബാന തത്സമയം സംപ്രേഷണം ചെയ്യുന്നതിനാല്‍ സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം, രോഷാകുലരായ ജനങ്ങള്‍ രാത്രിയിൽ പള്ളിക്കു പുറത്തു ഒത്തുകൂടുകയും പ്രതിഷേധിക്കുകയും, പോലീസുമായി സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്തു. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.

രണ്ടുദിവസം മുന്‍പാണ് സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ കത്തിയാക്രമണം നടന്നത്. ഇതിന്റെ നടുക്കം മാറുംമുന്‍പേയാണ് സിഡ്‌നിയിലെ അസീറിയൻ പള്ളിയിലും സമാനമായ ആക്രമണം അരങ്ങേറിയത്. ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ ആറുപേരാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെ അടക്കം അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. അക്രമിയായ ജോയല്‍ കൗച്ചിനെ ഒടുവില്‍ വനിതാ പോലീസ് ഓഫീസറാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ മാനസികരോഗിയാണെന്നായിരുന്നു പോലീസിന്റെ വിശദീകരണം.