ഇസ്രയേലില്‍ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു; 2 മലയാളികൾക്ക് പരുക്ക്.

ജറുസലേം: വടക്കൻ ഇസ്രയേലിലുണ്ടായ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടു മലയാളികളടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. ലെബനനില്‍ നിന്ന് അയച്ച മിസൈല്‍ ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയായ മാര്‍ഗലിയോട്ടിന് സമീപം വീഴുകയായിരുന്നു. പ്രാദേശിക സമയം തിങ്കഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് മലയാളികളുടെ ചികിത്സ തുടരുകയാണ്. കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്തവരാണ് ആക്രമണത്തിന് ഇരയായത്.

ആക്രമണത്തിനു പിന്നിൽ ഷിയ ഹിസ്ബുല്ല വിഭാഗമാണെന്നാണ് വിവരം. ഒക്‌ടോബർ 8 മുതൽ ഇസ്രയേലിന്റെ വടക്കൻ മേഖലയിലേക്കും സൈനിക പോസ്റ്റുകൾക്കും നേരെ ഹിസ്ബുല്ല ആക്രമണം നടത്തുന്നുണ്ട്.