ഓസ്ട്രേലിയയിൽ നിന്ന് കൊച്ചിയിലേക്ക് പോകാൻ ഒരു വിമാന കമ്പിനി കൂടി

സിഡ്നി: കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്ക് തായ് എയര്‍വേയ്‌സ് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്ക് മാർച്ച് 31 മുതലാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസുകൾ ഉണ്ടായിരിക്കുക. ബുധൻ, വെള്ളി, ഞായർ  ദിവസങ്ങളിലാണ്  കൊച്ചിയിൽ നിന്ന് സർവീസുകൾ നടത്തുക.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ബാങ്കോക്കിൽ നിന്ന് രാത്രി 9:40 ന് പുറപ്പെടുന്ന വിമാനം 12:35 ന് കൊച്ചിയിൽ എത്തിച്ചേരും. കൊച്ചിയിൽ നിന്ന് തിരികെ 01:40 ന് പുറപ്പെടുന്ന വിമാനം 07:35 ന് ബാങ്കോക്കിൽ എത്തിച്ചേരും. ബാങ്കോക്കിൽ നിന്നും ഓസ്ട്രേലിയക്കും ന്യൂസീലാൻണ്ടിനും  കണക്ടിവിറ്റി ഉള്ളതിനാൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഈ സർവീസുകൾ വളരെ ഉപയോഗപ്രദമാകും. നിലവിൽ സിംഗപ്പൂർ, മലേഷ്യ, വിയറ്റ്നാം, കൊളംബോ തുടങ്ങിയ രാജ്യങ്ങൾ വഴി വരുന്ന മലയാളികൾക്ക് ഇനി തായ് ലാൻഡ്  വഴിയും വരാൻ സാധിക്കും.  അതോടൊപ്പം ഈ റൂട്ടിൽ കൂടുതൽ വിമാന കമ്പിനികൾ വരുമ്പോൾ യാത്രാ നിരക്ക് ക്രമാതീതമായി വർദ്ധിപ്പിക്കുന്നതും ഒരു പരിധി വരെ കുറയും. നിലവിൽ കൊച്ചിയിൽ നിന്ന് ബാങ്കോക്കിലെ ഡോൺ മുവാങ് വിമാനത്താവളത്തിലേക്ക് എയർ ഏഷ്യയുടെ പ്രതിദിന സർവീസുകളുണ്ട്.