റഷ്യ – യുക്രൈൻ യുദ്ധം ആരംഭിച്ചിട്ട് 2 വർഷം; ഇതുവരെ 60 ലക്ഷം അഭയാർഥികൾ.

കീവ്: ലോകത്തെ ഏറ്റവുംവലിയ സൈനികശക്തികളിലൊന്നായ റഷ്യ യുക്രൈനെ കീഴടക്കാൻ ഇറങ്ങിപ്പുറപ്പെട്ടിട്ട് ഇന്ന് രണ്ടുവർഷം തികയുന്നു. യുഎൻ മനുഷ്യാവകാശ നിരീക്ഷണദൗത്യത്തിന്റെ കണക്കുകൾ പ്രകാരം യുക്രെയ്നിൽ ഇതുവരെ കൊല്ലപ്പെട്ട സാധാരണക്കാർ 10,582 പേരാണ്, കൊല്ലപ്പെട്ട യുക്രെയ്ൻ സൈനികർ 35,000 -വുംപരുക്കേറ്റവർ 19,875-മാണ്. റഷ്യൻ പക്ഷത്ത് 44,654 പേരുടെ മരണം സ്ഥിരീകരിച്ചതായി ബിബിസി ന്യൂസ് പറയുന്നു. മരണം 1.07 ലക്ഷം വരെയാകാമെന്നും അവർ പറയുന്നു. ഇതുവരെ 24 വിദേശരാജ്യങ്ങളിൽ നിന്നുള്ള 192 പേരും കൊല്ലപ്പെട്ടു. 60 ലക്ഷം യുക്രെയ്ൻകാർ അഭയാർഥികളായി അയൽരാജ്യങ്ങളിലെത്തി. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധിയാണ് ഇത്. 80 ലക്ഷം പേർക്കു സ്വന്തം രാജ്യത്തുതന്നെ മറ്റിടങ്ങളിലേക്കു മാറേണ്ടിവന്നതായാണ് റിപ്പോർട്ട്.

സൈനിക നടപടി പ്രഖ്യാപിക്കുമ്പോൾ യുക്രെയ്നിനെ അതിവേഗം കീഴടക്കാമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ കരുതിയതെങ്കിലും സൈന്യത്തിന്റെ യുദ്ധപരിചയക്കുറവും എതിർപക്ഷത്തെ ശക്തമായ ചെറുത്തുനിൽപ്പും മൂലം കണക്കുകൂട്ടൽ പിഴച്ചു. ഹർകീവ്, ഖേഴ്സൻ തുടങ്ങി പിടിച്ചെടുത്ത പല പ്രധാന നഗരങ്ങളും പിന്നീട് വിട്ടുകൊടുക്കേണ്ടതായും വന്നു. യു.എസടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിൽനിന്ന് സൈനികസഹായം വൈകുന്നത് യുക്രൈനെ കാര്യമായി ബാധിക്കുന്നു. യുദ്ധത്തിനൊപ്പം അതിശൈത്യവും സാമ്പത്തികപ്രതിസന്ധിയും വലയ്ക്കുന്നുണ്ടെങ്കിലും റഷ്യയോട്‌ അടിയറവുപറയില്ലെന്ന ഉറച്ചമനസ്സാണ് യുക്രൈന് ഇപ്പോഴും.