തിരിച്ചടിച്ചു: പാക്കിസ്ഥാൻ ഇറാനിൽ ആക്രമണം നടത്തി.

ഇസ്ലാമാബാദ്: ഇറാന്റെ ഭാഗത്തുള്ള തീവ്രവാദ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി പാക്കിസ്ഥാൻ. ബലൂചിസ്ഥാനിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള നീക്കം. ഇറാന്റെ ഭാഗത്ത് നിന്നുണ്ടായത് നിയമവിരുദ്ധമായ നീക്കമാണെന്നും, ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും പാക്കിസ്ഥാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാന്റെ നീക്കത്തെ ശക്തമായി അപലപിച്ച പാക്കിസ്ഥാൻ, ഇനി എന്തുണ്ടായാലും അതിന്റെ ഉത്തരവാദിത്വം ഇറാന് മാത്രമായിരിക്കുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

പാക് അതിർത്തിയിൽ ഇറാൻ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരരുടെ ആക്രമണം കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചത്. ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ബലൂചിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജയ്ഷ് അൽ അദലിന്റെ രണ്ട് താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മിസൈ‌ൽ ആക്രമണത്തിന് പിന്നാലെ ഇറാൻ അംബാസിഡറിനെ പാക്കിസ്ഥാൻ പുറത്താക്കിയിരുന്നു. ഇറാൻ തങ്ങളുടെ പ്രതിനിധിയെ തിരിച്ചുവിളിക്കുന്നതിനിടെയാണ് പുറത്താക്കൽ നടപടി. അതിർത്തി കടന്ന് ആക്രമണങ്ങൾ നടത്തുന്ന തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നതിനെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ ഏറെ നാളായി തർക്കം നിലനിന്നിരുന്നു. ഏകദേശം 900 കിലോമീറ്റർ ദൂരത്തിലാണ് ഇറാനും പാക്കിസ്ഥാനും അതിർത്തി പങ്കിടുന്നത്.

ബലൂചിസ്ഥാൻ: പാക്കിസ്ഥാന് നഷ്ടമാകുമോ?

യുദ്ധം വ്യാപിക്കുന്നു: പാക്കിസ്ഥാനിലേക്കും സിറിയയിലേക്കും ഇറാഖിലേക്കും ഇറാൻ ആക്രമണം.